ഡ്രാഗണില്‍ ഹിറ്റായി ആ ജാസി ഗിഫ്റ്റ് പാട്ടിന്റെ റഫറന്‍സ്; തിയേറ്ററില്‍ ആഘോഷമാക്കി തമിഴ് പ്രേക്ഷകര്‍

ആവേശത്തിലെ ഇല്ലുമിനാട്ടിയും, പ്രേമത്തിലെ മലരേ എന്ന ഗാനവും ഡ്രാഗണില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 14.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിലെ മലയാളം സിനിമകളുടെ റഫറൻസ് ആണ് തിയേറ്ററിൽ കൈയടി നേടുന്നത്.

ചിത്രത്തിൽ നായകനായ പ്രദീപ് റീൽസ് ചെയ്യുന്ന സീനിൽ റെയിൻ റെയിൻ കം എഗെയ്ൻ എന്ന സിനിമയിലെ 'തെമ്മാ തെമ്മാ തെമ്മാടി കാറ്റേ' എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ സിനിമയിലെ ആവേശത്തിലെ 'ഇല്ലുമിനാട്ടി'യും, പ്രേമത്തിലെ 'മലരേ' എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ഇടങ്ങളിലെല്ലാം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തമിഴ് സിനിമാപ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച സിനിമകൾ ആയിരുന്നു ആവേശവും പ്രേമവും. വർഷങ്ങൾക്ക് ഇപ്പുറവും തമിഴ് പ്രേക്ഷകരുടെ മനസ്സിൽ പ്രേമത്തിന് വലിയ സ്വീകാര്യത ഉണ്ട് എന്നതിന്റെ തെളിവാണിത്.

ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. ഫെബ്രുവരി 21 ന് പ്രദർശനത്തിന് എത്തിയ സിനിമയിൽ അനുപമ പരമേശ്വരനാണ് നായിക. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രവുമായി ക്ലാഷ് വച്ചാണ് ഡ്രാഗണ്‍ എത്തിയതെങ്കിലും ഇതിനേക്കാള്‍ മികച്ച പ്രകടനം ബോക്സോഫീസില്‍ ചിത്രം നേടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 100 കോടി അടിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നുണ്ട്.

കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: 

dot image
To advertise here,contact us
dot image