അച്ഛന്റെ പ്രായമുള്ള അയാൾ എന്നോട് മോശമായി പെരുമാറി; മലയാളി സംവിധായകനെതിരെ നടി അശ്വനി നമ്പ്യാർ

'അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം'

dot image

മലയാള സിനിമയിലെ ഒരു സംവിധായകനിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി അശ്വനി നമ്പ്യാർ. റൂമിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായമോ അറിവോ അന്നുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ 'അമ്മ തന്ന ധൈര്യമാണ് പിന്നീട് തനിക് പ്രചോദനമായതെന്നും അശ്വനി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഒരു മലയാളി സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതായിരിക്കും നിങ്ങൾ കണ്ടത്. അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം.

അയാൾ വലിയൊരു സംവിധായകനാണ്. എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യൂം ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘എനിക്ക് നല്ല സുഖമില്ല, നീ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ’ എന്ന്.

ആ സംവിധായകന്റെ ഓഫീസും വീടും ഒരുമിച്ചായിരുന്നു. ഓഫീസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ സർ മുകളിലുണ്ട്, അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫിസിൽ നിന്നു പറഞ്ഞു. കൂടെ വന്ന ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസൗകര്യമുണെന്നും എന്നോടു പൊയ്ക്കോളൂ എന്നും പറഞ്ഞു. ഞാൻ അന്ന് ടീനേജറാണ്. ഞാൻ ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെ സംവിധായകന്റെ മുറിയുടെ അരികിലെത്തിയത്. പക്ഷേ, അവിടെ ആരെയും കണ്ടില്ല. ബെഡ് റൂമിൽ നിന്നും അകത്തേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഞാൻ റൂമിലേക്ക് കയറി. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്.

അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. ഒരു നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് എന്റെ തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, അതോ ഇത് ചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.

താഴെ എത്തിയപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വീട്ടിൽ പോകണം. അവർ എന്നെ വീട്ടിലേക്ക് അയച്ചു. വീട്ടിൽ എത്തിയതിന് ശേഷം ഞാൻ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. ഇത് എങ്ങനെ അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും കാലം എന്റെ ബോഡി ഗാർഡ് പോലെ നിന്ന് എന്നെ സംരക്ഷിച്ചത് അമ്മയാണ്. ഒടുവിൽ നടന്നകാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മയെ ഞാൻ വിഷമിപ്പിച്ചു, ഞാൻ ആണ് ഇതിനെല്ലാം കാരണം എന്ന തോന്നലിൽ മരിക്കാൻ തീരുമാനിച്ചു. അന്ന് രാത്രി ഞാൻ ഉറക്കഗുളികകൾ കഴിച്ചു. ആ സമയത്ത് എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ല. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി.

അതിന് ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് എന്റെ തെറ്റല്ല, അത് ആദ്യം മനസ്സിലാക്കൂ എന്ന്. ‘ഇത് നീ കാരണം അല്ല, അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അത് അയാളുടെ തെറ്റാണ്. നീ ഇല്ലാതെ ഞാൻ ജീവിച്ചിരിക്കില്ല. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്’ എന്നു പറഞ്ഞു. അയാൾ ഒരു യുവാവൊന്നുമല്ല, എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു. അമ്മയുടെ വാക്കുകൾ എനിക്ക് ശക്തി പകർന്നു. ആ സംഭവം എന്നെ കൂടുതൽ കരുത്തയാക്കി. ഞാൻ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. പിന്നീട് ഞാൻ അമ്മയെ കൂട്ടാതെ ആണ് പോയത്. കാരണം എല്ലാം നേരിടാൻ ഞാൻ മതി, എനിക്ക് ധൈര്യമുണ്ട് എന്ന് ഞാൻ തീരുമാനിച്ചു. ആ സംഭവത്തിന് ശേഷമാണ് എനിക്ക് ധൈര്യം ഉണ്ടായത്,' അശ്വനി നമ്പ്യാർ പറഞ്ഞു.

മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വിനി. ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകിയായി എത്തിയ വേഷവും ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രങ്ങള്‍ക്ക് പുറമെ ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ സുഴൽ സീരീസിന്റെ രണ്ടാം സീസണിലൂടെയാണ് നടി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

Content Highlights: Actress Ashwani Nambiar reveals about a Malayali director misbehaving with her

dot image
To advertise here,contact us
dot image