ബോക്സ് ഓഫീസിൽ കാലിടറി, ഒടുവിൽ ക്ലൈമാക്സ് മാറ്റി അണിയറക്കാര്‍; ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങി ഹിന്ദി ചിത്രം

ചിത്രത്തിന്‍റെ ക്ലൈമാക്സ് മറ്റൊരു തരത്തില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ രസകരമായേനെയെന്നും നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു

dot image

സിനിമകളുടെ റിലീസിന് ശേഷം പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ക്ലൈമാക്സുകളിൽ മാറ്റം വരുത്താറുള്ളത് സിനിമകളിൽ പതിവാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങൾ സിനിമയ്ക്ക് ഗുണമാകാറുമുണ്ട്. അതുപോലെയൊരു മാറ്റം കൈക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഒരു ബോളിവുഡ് ചിത്രം. തുമ്പാഡ് എന്ന ശ്രദ്ധേയ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടന്‍ സോഹം ഷാ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ക്രേസിയുടെ ക്ലൈമാക്സ് ആണ് പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് മാറ്റിയിരിക്കുന്നത്.

ഫെബ്രുവരി 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാണവും സോഹം ഷാ ആണ്. ഗിരീഷ് കോലിയാണ് രചനയും സംവിധാനവും. ചിത്രത്തിന് മികച്ച അഭിപ്രായവും ഭേദപ്പെട്ട കളക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് മറ്റൊരു തരത്തില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ രസകരമായേനെയെന്നും നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനുള്ള മറുപടിയുമായാണ് അണിയറക്കാര്‍ എത്തിയിരിക്കുന്നത്.

ക്ലൈമാക്സില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നത് തങ്ങള്‍ കേട്ടെന്നും അതിനാല്‍ ക്ലൈമാക്സില്‍ ചില്ലറ തിരുത്തലുകള്‍ വരുത്തിയിരിക്കുകയാണെന്നും സോഹം ഷാ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം ഒരു സര്‍പ്രൈസും പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ക്ലൈമാക്സില്‍ ഭേദഗതിയോടെയുള്ള പതിപ്പ് വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ കാണാം. ക്ലൈമാക്സിലെ മാറ്റം പ്രേക്ഷകരെ കൂടുതലായി തിയറ്ററുകളില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ആദ്യ ആറ് ദിനങ്ങളില്‍ നിന്നായി 6.48 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. ടിന്നു ആനന്ദ്, നിമിഷ സജയന്‍, ശില്‍പ ആനന്ദ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content highlights: Bollywood film Crazy changes climax according to reports

dot image
To advertise here,contact us
dot image