
ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 'നിലവുക്ക് എൻ മേല്‍ എന്നടി കോപം'. റായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. എന്നാൽ ചിത്രം പരാജയമല്ലെന്നും നിലവുക്ക് എൻ മേല്‍ എന്നടി കോപം സാമ്പത്തികമായി ലാഭം നേടിയ സിനിമയാണ് എന്നും നിർമാതാവായ ജി ധനഞ്ജയൻ.
'നിലവുക്ക് എൻ മേൽ എന്നടി കോപം എന്ന സിനിമയുടെ ബജറ്റ് വെച്ച് നോക്കുമ്പോൾ ആ സിനിമ വിജയമാണ്. സിനിമയുടെ മൊത്തം ബജറ്റ് 15 കോടിയാണ്. ധനുഷിന്റെ സഹോദരി പുത്രനായ പവിഷിനെ ലോഞ്ച് ചെയ്യണം ഒപ്പം മറ്റു ചെറുപ്പക്കാർക്കും അവസരം നൽകണം എന്നതായിരുന്നു സിനിമയുടെ ഉദ്ദേശം. അതുകൊണ്ട് അദ്ദേഹം ചെറിയ ബഡ്ജറ്റിൽ ആണ് സിനിമ ഒരുക്കിയത്. മുടക്കിയ 15 കോടിയും സാറ്റലൈറ്റ് ഒടിടി റൈറ്റ്സ് വഴി അദ്ദേഹം തിരിച്ചുപിടിച്ചു. തിയേറ്ററിൽ നിന്ന് കിട്ടിയ കളക്ഷൻ എല്ലാം ധനുഷിന് ബോണസ് ആണ്', ധനഞ്ജയൻ പറഞ്ഞു.
ഫെബ്രുവരി 21 നായിരുന്നു നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയേറ്ററുകളിലെത്തിയത്. ഒപ്പമിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിട്ടിരുന്നു. ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്കിന് 15 കോടിയില്‍ താഴെയാണ് ലൈഫ് ടൈം കളക്ഷന്‍ നേടാനായത്. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളി താരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമായി.
Content Highlights: Dhanush film Neek is a box office success says producer