ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്,പക്ഷെ 4000 പേർ അറസ്റ്റിലായതിൽ ഒരു സിനിമാക്കാരനേ ഉള്ളു:ദിലീഷ് പോത്തൻ

"ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല"

dot image

നിയമം അനുവദിക്കാത്ത ഏത് ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും എന്നാല്‍ സിനിമയിലുള്ളവര്‍ മാത്രമല്ല ലഹരി ഉപയോഗിക്കുന്നതെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. ആവേശം,പൈങ്കിളി,രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൊലീസ് നടത്തിയ ലഹരിവേട്ടയില്‍ നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഞാനൊരു വാര്‍ത്ത കണ്ടത്. അതില്‍ എത്ര സിനിമാക്കാരുണ്ടെന്ന് പറയൂ. ആ അറസ്റ്റിലായവരില്‍ ഡോക്ടര്‍മാരും ബിസിനസുകാരും തുടങ്ങി പല പ്രൊഫഷണലില്‍ നിന്നുള്ളവരുണ്ട്. സിനിമയില്‍ നിന്നുള്ള ഒരാളാണെങ്കിലും ചെയ്തത് തെറ്റ് തന്നെയാണ്. അങ്ങനെയല്ലെന്ന് പറയുന്നില്ല.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടാകും. കാരണം സിനിമയും ഈ സമൂഹത്തില്‍ തന്നെ ഉള്ളതാണ്. അല്ലാതെ വേറെ എവിടെയെങ്കിലുമുള്ളതല്ല. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' ദിലീഷ് പോത്തന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായത്. മൂലമറ്റം എക്സൈസാണ് മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.

ഇടുക്കിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന അട്ടഹാസം സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകള്‍, കഞ്ചാവ് കുരുക്കള്‍ എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Content Highlights : Dileesh Pothan about drug abuse in Malayalam cinema

dot image
To advertise here,contact us
dot image