പരസ്പരം സംശയിച്ച് വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും, പിന്നെ 'ഇന്നസെന്‍റും'; പുതിയ ചിത്രത്തിന് രസികന്‍ പ്രൊമോ

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുകയാണ്

dot image

വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സംശയം എന്ന പുതിയ മലയാളച്ചിത്രത്തിന്റെ അടുത്ത ദിവസം നടക്കാന്‍ പോകുന്ന അനൗണ്‍സ്‌മെന്റിന് മുന്നോടിയായാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഒന്നിച്ചിരുന്ന് ഒരു സിനിമ കാണുന്നതാണ് വീഡിയോയില്‍ ഉള്ളത്. സിനിമ ഏതാണെന്ന് കാണിക്കുന്നില്ലെങ്കിലും 'എന്നെന്നും നന്മകള്‍' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഡയലോഗ് വീഡിയോയില്‍ കേള്‍ക്കാം. ചതിക്കുന്നവരോട് എങ്ങനെ പ്രതികാരം വീട്ടണമെന്ന് ഇന്നസെന്റ് കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗ് കേട്ട് പരസ്പരം സംശയത്തോടെ നോക്കുന്ന വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലുമാണ് വീഡിയോയില്‍ ഉള്ളത്.

1895 സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന സംശയം സംവിധാനം ചെയ്യുന്നത് രാജേഷ് രവിയാണ്. തിരക്കഥ രചിച്ചിരിക്കുന്നതും രാജേഷാണ്. സുരാജ് പി എസ്, ഡിക്‌സണ്‍, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതസംവിധാനം.

സിനിമയുടെ ഫസ്റ്റ് ലുക്ക് അടുത്ത ദിവസം പുറത്തുവരും. ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങളും ഇതിനൊപ്പം പുറത്തുവിടും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം, വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' എന്ന സിനിമയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കല്യാണി പ്രിയദര്‍ശന്‍, ബാബു ആന്റണി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Content Highlights: Fahad Faasil and Vinay Forrt, Samshayam movie funny promo video

dot image
To advertise here,contact us
dot image