
ഹാപ്പിനെസ് ഡേ ആഘോഷിക്കുകയാണ് ലോകം. പുഞ്ചിരി തൂകുന്ന മുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. അക്കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.
നടന്റെ ആരോഗ്യനില മോശമാണെന്ന നിലയില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കെ ആണ് നറുചിരിയുമായി മമ്മൂട്ടി എത്തിയത്. ശരണ്‍ ബ്ലാക്ക്സ്റ്റാര്‍ എടുത്ത മമ്മൂട്ടിയുടെ ഫോട്ടോ ജോര്‍ജ് എസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഫോട്ടോയക്ക് താഴെ കമന്റുകളില്‍ സ്‌നേഹം വാരിവിതറുകയാണ് ആരാധകര്‍ ഇപ്പോള്‍. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും പറയുന്നവര്‍ ഏറെയാണ്.
നേരത്തെ ബസൂക്കയിലെ പുതിയ പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു ഇതിനും ലഭിച്ചത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക.
ജിതിന്‍ കെ ജോസിന്റെ സംവിധാനത്തില്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്ന കളംകാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്ന സിനിമ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.
ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,നയന്‍താര തുടങ്ങി വലിയ താരനിരയാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്.
Content Highlights: Mammootty's new pic goes viral