
എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ തരംഗമാകുമെന്ന് സൂചന നല്‍കി എമ്പുരാനിലെ പുതിയ ഗാനം പുറത്ത്. ഫിര്‍ സിന്ദാ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഉച്ചയ്ക്ക് 1.08ന് യൂട്യൂബിലൂടെ പുറത്തുവന്നത്. പൂര്‍ണമായും ഹിന്ദിയിലുള്ള ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
അബ്രാം ഖുറേഷിയും സയീദ് മസൂദും സയീദിന്റെ കുട്ടിക്കാലത്തെ കഥാപാത്രങ്ങളുമാണ് ഈ പാട്ടില്‍ പ്രധാനമായും വരുന്നത്. Phir Zinda - The Ballad Of Retribution എന്നാണ് പാട്ടിന് അണിയറ പ്രവര്‍ത്തകര്‍ പേര് നല്‍കിയിരിക്കുന്നത്. തന്നോട് ചെയ്ത അനീതികളോടും അതിക്രമങ്ങളോടും പ്രതികാരം തീര്‍ക്കുമെന്ന രീതിയിലുള്ള വരികളാണ് പാട്ടിലുള്ളത്.
ദീപക് ദേവിന്റെ സംഗീതത്തില്‍ ആനന്ദ് ഭാസ്‌കര്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് തനിഷ്‌ക് നബ്ബാര്‍ ആണ്.
എമ്പുരാന്റെ ആദ്യ ഭാഗങ്ങള്‍ ബോളിവുഡ് സിനിമ പോലെ തോന്നുമെന്നും പല ഡയലോഗുകളും ഹിന്ദിയിലാണെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പാട്ട് കൂടി പുറത്തുവന്നതോടെ സിനിമ നോര്‍ത്തിന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടാക്കും എന്ന പ്രതീക്ഷകളാണ് പങ്കുവെക്കപ്പെടുന്നത്.
നേരത്തെ ട്രെയ്‌ലര്‍ സമയം തെറ്റി വന്നതിെന കുറിച്ചും ചിലര്‍ കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 1.08ന് പുറത്തുവിടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അര്‍ധരാത്രിയോടെ ട്രെയിലര്‍ പുറത്തുവരികയായിരുന്നു. ഇത്തവണ പാട്ട് പറഞ്ഞ് സമയത്ത് തന്നെ എത്തിയിട്ടുണ്ടല്ലോ എന്നാണ് ചിലര്‍ കമന്റുകളില്‍ പറയുന്നത്.
മാർച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റത്.
ആഗോളതലത്തിൽ ഇതിനോടകം 65 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ്, എന്നിവയുടെ ബാനറിൽ ആൻറണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Empuraan movie Phit Zindha song out