തമിഴും തെലുങ്കും ഹിന്ദിയും സൂപ്പര്‍ഹിറ്റ്; ഇന്റര്‍വ്യൂ കിംഗായി മോഹന്‍ലാല്‍

ധ്യാന്‍ ശ്രീനിവാസനും മോഹന്‍ലാലുമായി ഈ വൈബില്‍ ഒരു ഇന്റര്‍വ്യൂ വന്നാല്‍ കലക്കുമെന്ന് പറയുന്നവരുമുണ്ട്.

dot image

എമ്പുരാന്‍ സിനിമ റിലീസിന് മുന്‍പേ ഹിറ്റടിക്കാനുള്ള പുറപ്പാടിലാണ്, ഇതിനൊപ്പം സൂപ്പര്‍ഹിറ്റാവുകയാണ് പ്രൊമോഷന്‍ അഭിമുഖങ്ങളും. മോഹന്‍ലാലാണ് അഭിമുഖങ്ങളില്‍ താരമാവുന്നത്. തമാശയും തഗ് ലൈഫ് മറുപടികളുമായി പുതിയ ഭാവത്തിലും രൂപത്തിലുമുള്ള മോഹന്‍ലാലിനെയാണ് എമ്പുരാന്‍ അഭിമുഖങ്ങളില്‍ കാണാനാകുന്നത്.

തമിഴിലും തെലുങ്കിലുമാണ് മോഹന്‍ലാലിന്റെ ഏറ്റവും രസകരമായ അഭിമുഖങ്ങള്‍ വന്നിരിക്കുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടുകളില്‍ കലക്കന്‍ മറുപടി കൊടുത്ത് അരങ്ങുവാഴുന്ന മോഹന്‍ലാല്‍ അവതാരകരെയും ഒപ്പമുള്ള പൃഥ്വിരാജിനെയും മൊത്തം ക്രൂവിനെയും രസിപ്പിച്ചാണ് സംസാരിക്കുന്നത്.

മോഹന്‍ലാലിന്റെ മറുപടികള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാവുകയാണ്. മുടിയുടെ രഹസ്യം ചോദിക്കുമ്പോള്‍ മയിലെണ്ണ എന്നും, ഷാരൂഖ് ഖാന്റെ കാമിയോ റോളിനെ പറ്റിയുള്ള ചോദ്യത്തോട് പൃഥ്വിരാജ് സീന്‍ കട്ട് ചെയ്തു കളഞ്ഞു എന്ന് പറഞ്ഞതുമെല്ലാം റിപ്പീറ്റടിച്ചാണ് ആളുകള്‍ കാണുന്നത്.

മലയാളത്തില്‍ ഇതുവരെ വന്ന ഒരു അഭിമുഖങ്ങളിലും മോഹന്‍ലാല്‍ ഇത്രയും ആയാസരഹിതമായി സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. സാധാരണ അഭിമുഖങ്ങളില്‍ വ്യക്തമായ മറുപടികളിലൂടെ സ്റ്റാര്‍ ആകാറുള്ള പൃഥ്വിരാജിനെ പോലും സൈഡാക്കി കളയുന്ന പ്രകടനമാണല്ലോ എന്നാണ് മറ്റു ചിലര്‍ പറയുന്നത്.

മോഹന്‍ലാല്‍ 2.0 വേര്‍ഷന്‍ ആണ് ഇതെന്ന് പറയുന്നവരാണ് മറ്റൊരു കൂട്ടര്‍. ധ്യാന്‍ ശ്രീനിവാസനും മോഹന്‍ലാലുമായി ഈ വൈബില്‍ ഒരു ഇന്റര്‍വ്യൂ വന്നാല്‍ കലക്കുമെന്ന് പറയുന്നവരുമുണ്ട്. ചില മോശം ചോദ്യങ്ങളെ എങ്ങനെയാണ് മോഹന്‍ലാലും പൃഥ്വിരാജും രസകരമായി കെെകാര്യം ചെയ്തതതെന്ന് പറയുന്നവരും ഏറെയാണ്.

മോഹന്‍ലാലിനെ ഇങ്ങനെ ചിരിച്ചും ചിരിപ്പിച്ചും കാണാന്‍ കഴിയുന്നതിനെ സന്തോഷമാണ് ലാലേട്ടന്‍ ഫാന്‍സിന് പറയാനുള്ളത്. മലയാളത്തിലെ എമ്പുരാന്‍ അഭിമുഖങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കേരളത്തിലെ ആരാധകര്‍ കമന്റില്‍ കുറിക്കുന്നുണ്ട്.

അതേസമയം, ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റത്. ആഗോളതലത്തില്‍ ഇതിനോടകം 65 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷന്‍സ്, എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Mohanlal's Empuraan interviews goes viral

dot image
To advertise here,contact us
dot image