
എമ്പുരാൻ സിനിമ തിരഞ്ഞെടുത്ത പ്രമേയത്തിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രേക്ഷകര്‍. ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ഈ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകളിലുണ്ട്.
ഹിന്ദുത്വ ഭീകരതയും, അതിലൂടെ വളർന്നുവരുന്ന ദേശീയപാർട്ടിയും, കേരളത്തിലേക്ക് കടന്നു കയറാൻ അവർ നടത്തുന്ന ശ്രമങ്ങളും, എതിർക്കുന്നവർക്ക് നേരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെ ഓർമിപ്പിക്കുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ബിഗ് ബജറ്റിലൊരുങ്ങിയ, ഒരു മുഖ്യധാര സിനിമയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാണിച്ചതിന് അഭിനന്ദനങ്ങൾ എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഇക്കാലത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ചെറിയ ധൈര്യം പോരന്നും പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ആന്റണി പെരുമ്പാവൂരുമടക്കം എല്ലാ അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വി ടി ബൽറാം, ബിനീഷ് കോടിയേരി, ശ്രീജ നെയ്യാറ്റിൻകര തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ സമൂഹമാധ്യമങ്ങളിലൂടെ എമ്പുരാനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ഇന്റർനാഷണൽ നിലവാരുമുള്ള മേക്കിങ്ങാണ് എമ്പുരാന്റേത് എന്നാണ് ഉയരുന്ന പ്രതികരണങ്ങൾ. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയിൽ തിരക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം തിയേറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.
മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സ്‌ക്രീനിൽ തിളങ്ങിനിൽക്കുന്നുവെന്ന് പറയുന്നവരും ഏറെയാണ്. സ്‌ക്രീൻടൈം കുറവാണെങ്കിലും വരുന്ന രംഗങ്ങളെല്ലാം മോഹൻലാൽ ആരാധകരിൽ രോമാഞ്ചമുണർത്തുന്നതാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlights: Social Media praises Empuraan for taking stand against Sangh Parivar and Gujarat riots