
എമ്പുരാൻ സിനിമ റീ സെൻസറിങ്ങിന് വിധേയമായെന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ഗുജറാത്ത് കലാപത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ ബാബു ബജ്‌രംഗിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. ബാബു ബജ്‌രംഗിയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയ നരോദ പാട്യ കൂട്ടക്കൊലയും തെഹൽക സ്റ്റിങ് ഓപ്പറേഷനിൽ ഇയാൾ തുറന്നു സമ്മതിച്ച കാര്യങ്ങളും പ്രതിപാദിച്ചു കൊണ്ടാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എമ്പുരാൻ പേര് മാറി വല്ല 'ഏഴാം തമ്പുരാനും ആവുന്നേന് മുൻപ് യഥാർത്ഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വെക്കുന്നേ ഉള്ളൂവെന്നും വി ടി ബൽറാം പറഞ്ഞു. എമ്പുരാനില്‍ വില്ലന്‍ കഥാപാത്രമായിഎത്തുന്ന ബാബാ ബജ്‌രംഗി യഥാര്‍ത്ഥത്തില്‍ ബാബു ബജ്‌രംഗിയെ ആണ് ഉദ്ദേശിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് ബാബു ബജ്രംഗി. സംഘ് പരിവാർ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ (97 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു- 36 സ്ത്രീകൾ, 35 കുട്ടികൾ, 26 പുരുഷന്മാർ) പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇപ്പോൾ പരോളിലാണ്. ഇപ്പോൾ മാത്രമല്ല 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങൾ പറഞ്ഞ് പരോളിലായിരുന്നു ഇയാൾ. പരോൾ സമയത്തൊരിക്കൽ 'തെഹൽക്ക' നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ ഒളിക്യാമറയിൽ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട് കൂട്ടക്കൊലയിൽ തന്റെ പങ്കിനേക്കുറിച്ച്. തന്നെ സഹായിക്കാൻ വേണ്ടി നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും വിഡിയോയിൽ ബജ്രംഗി അവകാശപ്പെടുന്നുണ്ട്. 'എമ്പുരാൻ' പേര് മാറി വല്ല 'ഏഴാം തമ്പുരാ'നും ആവുന്നേന് മുൻപ് യഥാർത്ഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വയ്ക്കുന്നു എന്നേയുള്ളൂ.
അതേസമയം, പതിനേഴിലേറെ ഭാഗങ്ങള്‍ ഒഴിവാക്കി എമ്പുരാന്റെ റീ എഡിറ്റിങ് നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിര്‍മാതാക്കള്‍ തന്നെയാണ് റീ എഡിറ്റിങ്ങിന് തയ്യാറായി മുന്നോട്ടുവന്നത് എന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളില്‍ റീ എഡിറ്റിങ് പൂര്‍ത്തിയാകും. അടുത്തയാഴ്ചയോടെ റീ എഡിറ്റ് വേര്‍ഷന്‍ തീയറ്ററുകളില്‍ എത്തിയേക്കാം.
മാർച്ച് 27 വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തു. എന്നാൽ ചിത്രത്തിനെതിരായ വിമർശനങ്ങൾ ഏറ്റെടുക്കാൻ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.
മുതിർന്ന നേതാക്കൾ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ സംഘപരിവാർ ആക്രമണം തുടരുകയാണ്. പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമർശവുമായി യുവമോർച്ച നേതാവ് കെ ഗണേഷ് രംഗത്തെത്തി. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ ദേശവിരുദ്ധമാണെന്നായിരുന്നു ഗണേഷിന്റെ ആരോപണം.
എമ്പുരാനും പൃഥ്വിരാജിനുമെതിരെ ലേഖനമെഴുതുകയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ചെയ്തത്. എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഓർഗനൈസറിന്റെ ലേഖനത്തിനെതിരെ എ എ റഹീം എം പി രംഗത്തെത്തി. ബഹിഷ്‌കരിക്കേണ്ടത് എമ്പുരാനല്ലെന്നും ഓർഗനൈസറിലെ ലേഖനമാണെന്നും എ എ റഹീം അഭിപ്രായപ്പെട്ടിരുന്നു.
Content Highligts: V T Balram about Empuraan movie and Babu Bajrangi