
അടുത്ത ഹിറ്റ് ചിത്രത്തിനായി ഒരുങ്ങിയിറങ്ങുകയാണ് നസ്‌ലെൻ. പ്രേമലുവിനും ഐ ആം കാതലനും ശേഷം തിയേറ്ററിലെത്തുന്ന ആലപ്പുഴ ജിംഖാന നടന്റെ കരിയറിൽ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നസ്‌ലെൻ എത്തുന്നത്.
ബോക്‌സിംഗ് പശ്ചാത്തലത്തിൽ കോമഡി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രം ഖാലിദ് റഹ്‌മാനാണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി നസ്‌ലെനും സിനിമയിലെ മറ്റ് അഭിനേതാക്കളും നടത്തിയ ബോഡ് ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയിലെ തന്റെ ലുക്കിനെ കുറിച്ച് ഖാലിദ് റഹ്‌മാൻ നൽകിയ നിർദേശമെന്തായിരുന്നു എന്ന് തുറന്നുപറയുകയാണ് നസ്‌ലെൻ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'എന്നോട് റഹ്‌മാനിക്ക പറഞ്ഞത് നിന്റെ മുഖം വപ്പി വലിഞ്ഞ് കണ്ടാൽ നോക്കാൻ തോന്നാത്ത പോലെയിരിക്കണം എന്നാണ്. ലുക്ക് ടെസ്റ്റിന് ചെന്നപ്പോൾ, ഒന്നും പോയിട്ടില്ലല്ലോ, കവിൾ ചാടിക്കിടക്കുകയാണല്ലോ എന്ന് പറഞ്ഞിരുന്നു," നസ്‌ലെൻ പറഞ്ഞു.
മുഖത്തെ കുറെയേറെ ഭാരം കുറച്ചിരുന്നെന്നും എന്നാൽ കഥാപാത്രത്തിന് അത് പോരായിരുന്നു എന്നാണ് നസ്‌ലെൻ പറഞ്ഞത്. പിന്നീടും ഏറെ പരിശീലനം നടത്തിയാണ് ചിത്രത്തിലെ ജോജോ എന്ന നായകകഥാപാത്രത്തിനായി ശരീരത്തെ ഒരുക്കിയതെന്ന് താരം പറഞ്ഞു.
പ്ലാൻ ബി മോഷൻ പിക്‌ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ആലപ്പുഴ ജിംഖാന നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ആദ്യ നിർമാണ സംരംഭമാണിത്.
ലുക്മാൻ,ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്‌മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്‌സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Naslen about Alappuzha Gymkhana