
മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡുമായി മുന്നോറുന്ന എമ്പുരാന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഒന്നര മിനിറ്റിന് താഴെയുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ പല സര്‍പ്രെെസ് നിമിഷങ്ങളും പുതിയ ടീസറിലുണ്ട്.
റിക്ക് യൂണിന്റെ ഷെന്‍ ട്രയാഡ് നേതാവ് ഷന്‍ലോങ് ഷെന്നും, സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ പ്രണവ് മോഹന്‍ലാലുമെല്ലാം പുതിയ ടീസറിന്‍റെ ഭാഗമാണ്. ടീസറിന്റെ പശ്ചാത്തല സംഗീതത്തിന് ദീപക് ദേവിന് പ്രത്യേക അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. മൂന്നാം ഭാഗം കാണാന്‍ കൗതുകമുണ്ടാക്കുന്നതാണ് സക്‌സസ് ടീസറെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, മാര്‍ച്ച് 27 ന് റിലീസ് ചെയ്ത എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണ് സ്വന്തം പേരിലാക്കിയത്. മികച്ച പ്രതികരണം നേടിയ സിനിമ വിഷു റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ ആളെ നിറയ്ക്കുന്നുണ്ട്. 30 ദിവസങ്ങള്‍ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. ഇതില്‍ തിയേറ്ററില്‍ നിന്നുള്ള കളക്ഷനും സിനിമയുടെ മറ്റു ബിസിനസ് റൈറ്റ്‌സുകളും ഉള്‍പ്പെടും.
മലയാള സിനിമയുടെ ആദ്യ 300 കോടി നേട്ടം കൂടിയാകുകയാണ് ഇതോടെ എമ്പുരാന്‍. 266.45 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍ എന്നാണ് സാക്‌നിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 105.43 കോടി ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 124.40 കോടിയാണ്. ചിത്രം ഓവര്‍സീസില്‍ നിന്ന് 142.05 കോടി വാരികൂട്ടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജിയോഹോട്ട്സ്റ്റാര്‍ വഴി ഏപ്രില്‍ 24 ന് എമ്പുരാന്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്.
അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങള്‍ക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചു. മൂന്നാം ഭാഗത്തിന്‍റെ പേര് 'അസ്രേല്‍' എന്നായിരിക്കും എന്ന സൂചനകള്‍ സംഗീത സംവിധായകന്‍ ദീപക് ദേവും നല്‍കിയിട്ടുണ്ട്.
Content Highlights: Empuraan success teaser out