
നടൻ കമൽ ഹാസനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ മണിരത്നം. കമൽ ഹാസന്‍ ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സംവിധായകൻ്റെ ഭാരം പകുതിയായി കുറയുമെന്ന് മണിരത്‌നം പറഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് അറിവുകൾ ലഭിക്കും. വർഷങ്ങൾക്ക് ശേഷം കമൽ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും തഗ് ലൈഫിന്റെ പ്രസ് മീറ്റിൽ മണിരത്നം പറഞ്ഞു.
'സിനിമയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം എന്നത്തേയും പോലെ ഇന്നും ആഴമേറിയതായി തുടരുന്നു. മെയിൻസ്ട്രീം സിനിമകളോടൊപ്പം ക്രിയേറ്റിവ് ആയ അതിരുകളെ മറികടക്കുന്നതിനെയും അദ്ദേഹം അനായാസമായി ബാലൻസ് ചെയ്യുന്നു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ നമുക്ക് ഒരുപാട് അറിവുകൾ ലഭിക്കും. സ്വന്തം പ്രകടനത്തോടൊപ്പം അദ്ദേഹം ചുറ്റുമുള്ള എല്ലാവരേയും ശ്രദ്ധിക്കും', മണിരത്നം പറഞ്ഞു.
മണിരത്നം - കമൽ ഹാസൻ കോംബോ ഒന്നിക്കുന്ന തഗ് ലൈഫിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് നമ്പറായിട്ടാണ് 'ജിങ്കുച്ചാ' ഒരുക്കിയിരിക്കുന്നത്. സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽ ഹാസൻ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തിൽ അണിനിരക്കുന്നുണ്ട്. കമൽ ഹാസനാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ & ആദിത്യ ആർകെ എന്നിവർ ചേർന്നാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.
സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: manirathnam talks about experience of working with Kamal Haasan