'ഇവനോടൊക്കെ ഞാൻ എന്ത് ചെയ്‌തു!', ട്രോളുകളിൽ പ്രതികരിച്ച ലാലേട്ടൻ; രസകരമായ അനുഭവം പങ്കുവെച്ച് തരുൺ മൂർത്തി

'പത്ത് നാല്പത്തേഴു വർഷമായി സിനിമ ചെയ്യുന്നൊരാൾക്ക് അയാളുടെ സന്തോഷമെന്തെന്ന് ചോദിച്ചാൽ എപ്പോഴും ഹാപ്പി ആയി ഇരിക്കുക എന്നതാണ്'

dot image

തുടരുമിന്റെ സെറ്റിൽ വെച്ച് നടൻ മോഹൻലാലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. ഒരിക്കൽ മഴ കാരണം ഷൂട്ട് മുടങ്ങിയ സമയത്ത് ലാലേട്ടനുമൊത്ത് ഒരു കാറിനകത്ത് ഇരിക്കവേ ഫേസ്ബുക്ക് നോക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് ഒരു ട്രോൾ കണ്ടു. ഉടനെ ''ഇവനോട് ഞാൻ എന്ത് ചെയ്‌തു' എന്ന് തമാശയോടെ പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും സ്ക്രോൾ ചെയ്യാൻ തുടങ്ങിയെന്നും തരുൺ മൂർത്തി പറയുന്നു. തന്നെക്കുറിച്ചുള്ള എല്ലാ വിമർശനങ്ങളും മോഹൻലാൽ കാണാറുണ്ടെന്നും സിനിമയുടെ വിജയങ്ങളും പരാജയങ്ങളും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞു.

'ഷൂട്ടിംഗ് സമയത്ത് ഒരു ദിവസം മഴയായതുകൊണ്ട് ഞാനും ലാലേട്ടനും കൂടി ഒരു കാറിൽ ഇരിക്കുകയായിരുന്നു. ഞാൻ നോക്കുമ്പോൾ അദ്ദേഹം ഫേസ്ബുക്ക് സ്ക്രോൾ ചെയ്ത് ഇരിക്കുകയാണ്. ഫേസ്ബുക്ക് ഒക്കെ നോക്കുമ്പോൾ ഏതെങ്കിലും മോശമായ കമന്റ് കണ്ടാൽ എന്ത് ഫീൽ ചെയ്യും എന്നോർത്തു എനിക്ക് കൗതുകമായി. അങ്ങനെ ഫേസ്ബുക്ക് നോക്കുന്ന സമയത്ത് അദ്ദേഹത്തെ ട്രോൾ ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് ലാലേട്ടൻ കണ്ടു. ഉടനെ തമാശയോടെ 'ഇവനോട് ഞാൻ എന്ത് ചെയ്‌തു' എന്ന് പറഞ്ഞുകൊണ്ട് വീണ്ടും സ്ക്രോൾ ചെയ്യാൻ തുടങ്ങി'.

'അപ്പോൾ ഞാൻ സാറിനോട് ഇതെല്ലാം വായിക്കാറുണ്ടോ എന്ന് ചോദിച്ചു. നമ്മൾ വായിക്കണ്ടേ എന്നായിരുന്നു ലാലേട്ടന്റെ ഉത്തരം. അദ്ദേഹം എല്ലാം കാണുന്നുണ്ട്. ഒരു സിനിമയുടെ വിജയമോ പരാജയമോ കോടി ക്ലബ്ബുകളോ ഒന്നും അദ്ദേഹത്തെ ബാധിക്കാറില്ല. പത്ത് നാല്പത്തേഴു വർഷമായി സിനിമ ചെയ്യുന്നൊരാൾക്ക് അയാളുടെ സന്തോഷമെന്തെന്ന് ചോദിച്ചാൽ എപ്പോഴും ഹാപ്പി ആയി ഇരിക്കുക എന്നതാണ്', തരുൺ മൂർത്തി പറഞ്ഞു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് 'തുടരും'. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് ചിത്രം പുറത്തിറങ്ങും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

Content Highlights: Tharun moorthy shares experience of working with Mohanlal

dot image
To advertise here,contact us
dot image