
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് 'തുടരും'. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ തെലുങ്ക് റിലീസ് ഏപ്രിൽ 26 നാണ്.
ദീപ ആർട്സ് ആണ് തെലുങ്കിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ തെലുങ്ക് ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് കേരളത്തില്‍ സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. അഡ്വാൻസ് ബുക്കിങിൽ സിനിമ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
#Thudarum Telugu Version Release Date - April 26
— AB George (@AbGeorge_) April 24, 2025
AP/TG Distributor - @itsdeepaarts pic.twitter.com/ya7gOaYk1o
ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്. വരും മണിക്കൂറിൽ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡികളായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
Content Highlights: thudarum moie to be shown in Telugu only after the film's release in Kerala