വീഡിയോ കോളിൽ മോഹൻലാൽ; ഇവിടെ എല്ലാം ഓകെ ആണെന്ന് തരുൺ

തുടരും സിനിമ കണ്ടിറങ്ങിയ തരുൺ മൂർത്തിയെ മോഹൻലാൽ വീഡിയോ കാൾ ചെയ്തു

dot image

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. ഷോ കണ്ടിറങ്ങിയ തരുൺ മൂർത്തിയെ മോഹൻലാൽ വീഡിയോ കാൾ ചെയ്ത് സംസാരിച്ചു.

ഇവിടെയെല്ലാം ഓക്കേ ആണെന്ന് തരുൺ മോഹൻലാലിനോട് പറയുകയും തിയേറ്ററിന് പുറത്തെ ആരാധകരെയും അഭിപ്രായങ്ങളും മോഹൻലാലിനെ കാണിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം സിനിമയുടെ പൂനെ സെറ്റിൽ നിന്നാണ് മോഹൻലാൽ തരുൺ മൂർത്തിയെ വീഡിയോ കാൾ ചെയ്തിരിക്കുന്നത്.

എറണാകുളം വനിതാ വിനീത തിയേറ്ററിലാണ് തരുൺ മൂർത്തിയും സിനിമയുടെ അണിയറപ്രവർത്തകരും സിനിമ കാണാനെത്തിയിരുന്നത്. രാവിലെ പത്ത് മണിക്കാണ് സിനിമയുടെ ആദ്യ ഷോ ആരംഭിച്ചത്. മികച്ച പ്രതികരണത്തെത്തുടർന്ന് സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഉയർന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനും കുത്തനെ ഉയരാനാണ് സാധ്യത.

മോഹൻലാൽ വിജയം തുടരുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. സിനിമയിലെ ശോഭനയുടെ പ്രകടനത്തിനും കയ്യടികൾ ഉയരുന്നുണ്ട്. സിനിമ ബ്ലോക്ക് ബസ്റ്റർ ആകുമെന്നും പ്രതികരണങ്ങൾ ഉണ്ട്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ മുതൽ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Content Highlights: Mohanlal video calls Tharun Moorthy after watching the movie thudarum

dot image
To advertise here,contact us
dot image