
ഒടിടി റിലീസിന് ശേഷവും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചർച്ചാവിഷയമായി തുടരുകയാണ്. സിനിമയ്‌ക്കെതിരെ പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീറാം പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ‘എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറി' എന്നാണ് പി സി ശ്രീറാം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
പി സി ശ്രീറാമിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും അദ്ദേഹത്തിനെതിരെ വലിയ തോതിൽ വിമർശനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും മറുപടി കൊടുക്കുന്നത്. കുറിപ്പിൽ EMPURAAN എന്നതിന് പകരം EUPURAN എന്നാണ് പി സി ശ്രീറാം കുറിച്ചിരിക്കുന്നത്. ഇത് സിനിമയുടെ സെൻസറിങ്ങിനെക്കുറിച്ചുള്ള വിമർശനമാണോ എന്നും പലരും ചോദിക്കുന്നുണ്ട്. വിമർശനം കടുത്തതോടെ പി സി ശ്രീറാം തന്റെ പോസ്റ്റ് പിൻവലിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് എമ്പുരാൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടം കൈവരിച്ച ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.
Content Highlights: P C Sreeram against Empuraan movie