അഭിനേതാക്കളെ മനസില്‍ കണ്ടല്ല തിരക്കഥ എഴുതിയത് | വേദ സുനില്‍ | അഭിമുഖം

തിരക്കഥാകൃത്തായും നായികയായും അരങ്ങേറ്റം കുറിക്കുന്ന വേദ, കേക്ക് സ്‌റ്റോറി സിനിമയെ കുറിച്ച് റിപ്പോര്‍ട്ടറിനോട് സംസാരിക്കുന്നു

dot image

കേക്ക് സ്റ്റോറിയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ് വേദ സുനില്‍. പ്രശസ്ത സംവിധായകന്റെ സുനിലിന്റെ മകളായ വേദ ചെറുപ്പം മുതലേ സിനിമയ്‌ക്കൊപ്പമുള്ള സഞ്ചാരം തുടങ്ങിയിരുന്നു. ഇപ്പോള്‍ തിരക്കഥാകൃത്തായും നായികയായും അരങ്ങേറ്റം കുറിക്കുന്ന വേദ, കേക്ക് സ്‌റ്റോറി സിനിമയെ കുറിച്ച് റിപ്പോര്‍ട്ടറിനോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ഏപ്രില്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വേദ സുനില്‍

കേക്ക് സ്‌റ്റോറിയുടെ ഴോണര്‍

കേക്ക് സ്‌റ്റോറി പേര് പോലെ തന്നെ കേക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ്. പ്രണയത്തിന് വേണ്ടി ഉണ്ടാക്കുന്ന ഒരു കേക്കിന്റെ കഥയാണ് സിനിമ പറയുന്നത്. പല തരം കേക്കുകളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഫീല്‍ ഗുഡ് ഴോണറിലാണ് സിനിമയെത്തുന്നത്.

തിരക്കഥാകൃത്തും നായികയും

തിരക്കഥാകൃത്ത് എന്ന നിലയിലാണ് ഞാന്‍ ആദ്യം ഈ സിനിമയുടെ ഭാഗമാകുന്നത്. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് നായിക ആകാനുള്ള തീരുമാനമുണ്ടാകുന്നത്. സിനിമിയിലെ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാവുകയായിരുന്നു ഞാന്‍.

സിനിമയിലേക്കുള്ള വരവ്

ചെറുപ്പത്തില്‍ അച്ഛനോടൊപ്പം സിനിമാസെറ്റുകളില്‍ പോകുമായിരുന്നു. ഏകദേശം പതിമൂന്ന് വയസ്സുള്ളപ്പോഴാണ് സിനിമയയെ കൂടുതല്‍ ഗൗരവമായി സമീപിക്കുന്നത്. ആ സമയത്ത് അച്ഛന്‍ തത്വമസി എന്ന ചിത്രം ചെയ്യുകയായിരുന്നു. സിനിമയോടുള്ള എന്റെ താല്‍പര്യം മനസിലാക്കിയപ്പോള്‍ അദ്ദേഹം തത്വമസിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാനുള്ള അവസരം നല്‍കി. ചെറുപ്പം മുതലേ എഴുത്തും താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ തിരക്കഥാരചനയും സംവിധാനവും പഠിക്കാനായിരുന്നു ഞാന്‍ കൂടുതല്‍ ശ്രമിച്ചത്.

അച്ഛന്റെ സ്വാധീനം

അച്ഛന്റെ ഗാന്ധാരി, ഭരണകൂടം പോലുള്ള സിനിമകള്‍ ഏറെ ഇഷ്ടമാണ്. ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്ത സിനിമ എന്ന നിലയില്‍ തത്വമസിയാകും പ്രിയപ്പെട്ട മറ്റൊരു ചിത്രം. തത്വമസിയിലെ ഓരോ ഷോട്ടിലും ഞാന്‍ ഭാഗമായിരുന്നു.

ഗുരുകല വിദ്യാഭ്യാസം

അഞ്ചാം ക്ലാസ് വരെയാണ് ഞാന്‍ നോര്‍മല്‍ സ്‌കൂളിങ്ങിന് പോയിട്ടുള്ളത്. പിന്നീട് ഗുരുകുല സമ്പ്രദായത്തിലൂടെയാണ് പഠിച്ചത്. അവിടെ കരിക്കുലത്തില്‍ പരമ്പരാഗത ടെക്സ്റ്റുകളുണ്ടായിരുന്നു. എനിക്ക് സിനിമ പഠിക്കാനായിരുന്നു താല്‍പര്യമെന്നതുകൊണ്ട് അതും കരിക്കുലത്തിന്റെ ഭാഗമായിരുന്നു.

കേക്ക് സ്റ്റോറിയില്‍ ബാബു ആന്റണിയും അശോകനും

കഥ എഴുതുമ്പോള്‍ ആര്‍ട്ടിസ്റ്റുകളെ മനസില്‍ കണ്ടിരുന്നില്ല. അഭിനേതാക്കളെ ആലോചിക്കാതെ, കഥാപാത്രങ്ങളെ മാത്രം ആലോചിച്ച്, പൂര്‍ണ സ്വാതന്ത്ര്യത്തോടെ എഴുതാനായിരുന്നു അച്ഛനും പറഞ്ഞത്. ആദ്യമേ അഭിനേതാക്കളെ ആലോചിച്ചാല്‍ അത് എഴുത്തിനെ ബാധിക്കും.

എം ജി വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് അശോകന്‍ അവതരിപ്പിച്ചിരിക്കുന്നത്. 70 വയസ്സ് പ്രായമുള്ള കഥാപാത്രമാണിത്. എന്നാല്‍ സിനിമയില്‍ ഏറ്റവും ഊര്‍ജസ്വലനായ കഥാപാത്രവും ഈ വര്‍ഗീസ് ആണെന്ന് പറയാം. രഘുറാം എന്ന ബാബു ആന്റണിയുടെ കഥാപാത്രവും അങ്ങനെ തന്നെയാണ്. യുവ അഭിനേതാക്കളേക്കാള്‍ ഊര്‍ജസ്വലരായ കഥാപാത്രങ്ങളാണ് ഇരുവരുടേതും.

പുതിയ പ്രോജക്ടുകള്‍

ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്.

Content Highlights: Interview with Veda Sunil on Cake Story movie

dot image
To advertise here,contact us
dot image