ഒരു സൂപ്പർസ്റ്റാർ സിനിമയിറങ്ങുമ്പോൾ ഒരു ഇൻഡസ്ട്രിയുടെ മുഴുവൻ ഡൈനാമിക്സ് ആണ്
മാറിമറിയുന്നത്. ആദ്യ ദിനത്തെ തിരക്കും ആഘോഷവും മുതൽ കളക്ഷൻ റെക്കോർഡുകളിലേക്കും ഹിറ്റ് ചാർട്ടുകളിലേക്കും ആ സിനിമകൾ ഇടം പിടിക്കുമ്പോൾ സൂപ്പര്‍താരത്തിന്‍റെ താരമൂല്യത്തിനൊപ്പം അതാത് ഇൻഡസ്ട്രിക്ക് കൂടിയാണ് വളർച്ചയുണ്ടാകുന്നത്. തമിഴും തെലുങ്കും ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നാൽ 2024 തമിഴ് - തെലുങ്ക് സൂപ്പർതാരങ്ങൾക്ക് അത്ര നല്ല വർഷമല്ല.
വലിയ പ്രതീക്ഷയിൽ എത്തിയ സിനിമകളൊക്കെയും പ്രേക്ഷക പ്രശംസ നേടാനാകാതെ ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ ദിന ആഘോഷങ്ങൾക്കപ്പുറം ഈ സൂപ്പർതാര സിനിമകൾക്കൊന്നും സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിക്കാനായില്ല. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്ത 'ഗുണ്ടൂർ കാരം' ആണ് ഈ ലിസ്റ്റിലെ ആദ്യ സിനിമ. 'അത്താടു', 'ഖലേജ' എന്നീ സിനിമകൾക്ക് ശേഷം ത്രിവിക്രം - മഹേഷ് ബാബു കോംബോ വീണ്ടുമൊന്നിച്ച ചിത്രത്തിന് ആദ്യ ദിന ഹൈപ്പിനപ്പുറം കാര്യമായൊന്നും ചെയ്യാനായില്ല. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ ചിത്രം ക്രൂശിക്കപ്പെട്ടപ്പോൾ ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചു. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് നേടാനായത് വെറും 172 കോടിയായിരുന്നു. ആദ്യ ദിനം നേടിയ 94 കോടിക്കപ്പുറം സിനിമക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഒപ്പമിറങ്ങിയ 'ഹനുമാൻ' എന്ന ചിത്രം മികച്ച പ്രതികരണം നേടിയതും 'ഗുണ്ടൂർ കാര'ത്തിന് വിനയായി.
കൊരട്ടല ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ദേവരാ' കളക്ഷനിൽ റെക്കോർഡിട്ട് ജൂനിയർ എൻടിആറിന്റെ ഉയർന്ന കളക്ഷൻ ചിത്രമായെങ്കിലും മോശം പ്രതികരണം സിനിമയെ പിന്നോട്ടടിച്ചു. ആന്ധ്രക്കും തെലങ്കാനക്കും അപ്പുറം സിനിമക്ക് വലിയ നേട്ടം ഉണ്ടാക്കാനായില്ല. 'ആർആർആർ' എന്ന വമ്പൻ സിനിമക്ക് ശേഷം എത്തിയ ചിത്രമായിട്ടും 'ദേവര'ക്ക് പ്രേക്ഷകർക്കിടയിൽ ആവേശമുണര്‍ത്താനായില്ല. 500 കോടിക്ക് മുകളിൽ നേടിയെങ്കിലും ഒടിടി റിലീസിന് ശേഷം നിരവധി ട്രോളുകളാണ് സിനിമക്ക് ലഭിക്കുന്നത്. അനിരുദ്ധിന്റെ മ്യൂസിക് ഒഴിച്ചുനിർത്തിയാൽ സിനിമയിൽ യാതൊരു പുതുമയും ഇല്ലെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.
തമിഴിൽ സൂപ്പർസ്റ്റാറിനും ഉലകനായകനും ദളപതിക്കും നടിപ്പിൻ നായകനും വരെ 2024 മോശം വർഷമായി മാറിയിരിക്കുകയാണ്. രണ്ടു സിനിമകളായിരുന്നു രജിനികാന്തിന് ഈ വർഷമുണ്ടായിരുന്നത്. മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കിയ ലാൽ സലാമും, ടി ജെ ജ്ഞാനവേലിന്റെ വേട്ടയ്യനും. എക്സ്റ്റെൻഡഡ് കാമിയോ വേഷത്തിൽ രജനിയെത്തിയ 'ലാൽ സലാം' ആദ്യ മുതൽക്കേ അടിപതറി. ഒരു ഘട്ടത്തിലും സിനിമക്ക് തിയേറ്ററില്‍ ചലനം സൃഷ്ടിക്കാനായില്ല.
വേട്ടയ്യനാകട്ടെ ആദ്യ ദിന രജനി ആഘോഷങ്ങൾക്കപ്പുറം തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. 77.90 കോടി ആദ്യ ദിന കളക്ഷൻ നേടിയെങ്കിലും ഈ രജനി സിനിമക്ക് ജയിലറെ പോലെ ആരവങ്ങളുണ്ടാക്കാൻ സാധിച്ചില്ല. മോശം തിരക്കഥയും സംവിധാനവും തന്നെയായിരുന്നു ഇവിടെയും വില്ലനായത്. ഒടിടി റിലീസിന് ശേഷം വേട്ടയ്യനും വിമർശനങ്ങൾക്ക് ഇരയായി. 250 കോടി ഫൈനൽ കളക്ഷൻ നേടിയെങ്കിലും 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയെ രക്ഷിക്കാൻ അത് മതിയായിരുന്നില്ല. 16 കോടി നേടി കേരളത്തിൽ മാത്രമാണ് സിനിമക്ക് ആശ്വാസ വിജയം നേടാനായത്.
ഒരു വിജയ് സിനിമ ഇറങ്ങുമ്പോൾ ആഘോഷങ്ങൾക്കും അപ്പുറം കളക്ഷൻ റെക്കോർഡുകളുടെ ഒരു നിരയായിരിക്കും സാധാരണ സംഭവിക്കാറ്. എന്നാൽ ഇത്തവണ ദളപതിക്കും അടിതെറ്റി. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ 'ദി ഗോട്ടി'ന് തമിഴ്നാട്ടിൽ വമ്പൻ സ്വീകാര്യത ലഭിച്ചെങ്കിലും വിജയ്‌യുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ കേരളത്തിൽ ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. 5.80 കോടി നേടി ആദ്യ ദിനം മുന്നേറിയെങ്കിലും സിനിമക്ക് ലഭിച്ച മോശം പ്രതികരണം കേരളത്തിൽ വിനയായി. കേരളത്തിലെ വിജയ്‌യുടെ ഏറ്റവും വലിയ പരാജയമായി 'ദി ഗോട്ട്'. പ്രതികരണം മോശമായിരുന്നെങ്കിലും തമിഴ് നാട്ടിൽ സിനിമക്ക് നേട്ടമുണ്ടാക്കാനായി എന്നത് ഒരു ആശ്വാസമാണ്. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ 126.3 കോടി നേടി റെക്കോർഡിട്ട ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 450 കോടിയാണ്. സിനിമയുടെ മികവിനേക്കാള്‍ വിജയ് എന്ന താരപ്പകിട്ടിന് ലഭിച്ച ടിക്കറ്റുകളായിരുന്നു അതില്‍ ഭൂരിഭാഗവും. സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയ്‌യുടെ അവസാനചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിനായി ടിക്കറ്റെടുക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും പ്രേക്ഷകർക്കുണ്ടാകുക, ഷങ്കർ സംവിധാനം ചെയ്തു കമൽ ഹാസൻ നായകനായ 'ഇന്ത്യൻ 2'. റിലീസിന്റെ ഒരു ഘട്ടത്തിലും ഇന്ത്യന് മുന്നേറാനായില്ല. കമലിന്റെ പ്രകടനവും, തിരക്കഥയും, സംവിധാനവും, മേക്കപ്പുമെല്ലാം ട്രോളുകൾക്കിരയായി. 'ഇന്ത്യൻ' എന്ന എക്കാലത്തെയും മികച്ച സിനിമയെ വികലമാക്കിയതിൽ ഷങ്കറിന് കേൾക്കേണ്ടി വന്ന പഴി ചെറുതൊന്നുമല്ല. 50 കോടി ആദ്യ ദിനം നേടിയ സിനിമയ്ക്ക് പിന്നീടുള്ള ഓരോ ദിവസവും അഗ്നിപരീക്ഷയായിരുന്നു. 150 കോടി ഫൈനൽ കളക്ഷൻ എത്തിയെങ്കിലും ഷങ്കറിനും കമലിനും ഉണ്ടായ ചീത്തപ്പേര് മാറാൻ അത് മതിയായിരുന്നില്ല.
സൂര്യയെയും ഇപ്പോഴിതാ 2024 കൈവിട്ടിരിക്കുന്നു എന്നാണ് 'കങ്കുവ'യുടെ ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗംഭീര പ്രീ റിലീസ് ഹൈപ്പും, പ്രൊമോഷനുമുണ്ടായിട്ടും ആദ്യ ദിനം സിനിമക്ക് തമിഴ് നാട്ടിൽ നിന്നും നേടാനായത് 11 കോടി മാത്രമാണ്. ഇത് ഗോട്ടിനും വേട്ടയ്യനും ഇന്ത്യൻ 2 വിനും താഴെയാണ്. പ്രതികരണങ്ങൾ മോശമായതിനാൽ സിനിമക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇനി സാധിക്കുമോ എന്ന് വരും ദിവസങ്ങളിലെ കളക്ഷൻ കണ്ടറിയണം. 350 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ വിജയിക്കണമെങ്കിൽ വലിയ കുതിപ്പ് ഉണ്ടാകണം. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച സൂര്യക്ക് ആ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരുമോ ?
ഡിസംബർ അഞ്ചിന് 'പുഷ്പ' രണ്ടാം ഭാഗവുമായി അല്ലു അർജുൻ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സൂപ്പർതാരങ്ങൾക്ക് ഉണ്ടായ അതെ അവസ്ഥ തന്നെ 'പുഷ്പ'ക്കും ഉണ്ടാകുമോ അതോ വർഷാവസാനം ഇറങ്ങി ഈ വർഷത്തെ കളക്ഷൻ റെക്കോർഡുകൾ എല്ലാം അല്ലു അർജുൻ സ്വന്തം പേരിലാക്കുമോയെന്ന് കാത്തിരുന്നു കാണാം.
Content Highlights: Kanguva, The GOAT, Vettaiyan, Indian 2 fails big time at box office