ജോർജുകുട്ടിയും കുടുംബവും ഇന്ത്യൻ സിനിമയെ ഞെട്ടിച്ചിട്ട് ഇന്നേക്ക് 11 വർഷം

മലയാള സിനിമയുടെ ഒരു നാഴികക്കല്ലാണ് ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ. ദൃശ്യം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മികച്ച ഒരു സിനിമയും ഒപ്പം കളക്ഷൻ റെക്കോർഡുകളും മാത്രമല്ല,അത് വരെ അപ്രാപ്യമായ ഒരു വലിയ വിപണി കൂടിയായിരുന്നു

സഫീർ അഹമദ്
1 min read|19 Dec 2024, 05:38 pm
dot image

'യുഎഇ തലസ്ഥാനമായ അബുദാബിയിലെ എൽഡ്‌റാഡൊ തിയേറ്ററിൽ ഒരു ഇന്ത്യൻ സിനിമ ആദ്യമായി 100 ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു! ടൈറ്റാനിക്ക് എന്ന ഇംഗ്ലീഷ് സിനിമ മാത്രമാണ് ഈ ഇന്ത്യൻ സിനിമയ്ക്ക് മുമ്പ് നൂറ് ദിവസങ്ങൾ യുഎഇ ൽ പ്രദർശിപ്പിച്ചിട്ടുള്ളത്!' 2014 ഏപ്രിൽ മാസത്തിൽ പുറത്ത് വന്ന ഈ വാർത്ത വലിയ പ്രാധാന്യം നേടിയിരുന്നു. കാരണം അന്ന് വരെ കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു അബുദാബിലെ തിയേറ്ററിൽ ഒരു ഇന്ത്യൻ സിനിമ 100 ദിവസങ്ങൾ ഓടി എന്നത്. 100 ദിവസങ്ങൾ പ്രദർശിപ്പിച്ച ആ സിനിമ ഷാരൂഖ്ഖാന്റെയോ സൽമാൻ ഖാന്റെയോ ഒരു ഹിന്ദി സിനിമ ആയിരുന്നില്ല, രജനിക്കാന്തിന്റെയോ വിജയ്യുടെയോ ഒരു തമിഴ് സിനിമ ആയിരുന്നില്ല, രാജമൗലിയുടെ ബ്രഹ്‌മാണ്ഡ തെലുങ്ക് സിനിമയും ആയിരുന്നില്ല, മറിച്ച് അതൊരു മലയാള സിനിമയായിരുന്നു, തിരശ്ശീലയിൽ ദൃശ്യവിസ്മയം തീർക്കുന്ന മലയാളികളുടെ സ്വന്തം മോഹൻലാലിന്റെ സിനിമയായ ദൃശ്യം!.

ദൃശ്യം, ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തരിപ്പണമാക്കി മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട മികച്ച ഒരു സിനിമ, ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ആ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, ഡിസംബർ പത്തൊമ്പതിന് 11 വർഷങ്ങളായി. ദൃശ്യത്തിന് മുമ്പ് കേരളത്തിൽ 40+ റിലീസ് തിയേറ്റുകളിൽ 100 ദിവസങ്ങൾ പ്രദർശിപ്പിച്ച ഒരു സിനിമയെ പറ്റി കേട്ടിട്ടുണ്ടോ? 50+ തിയേറ്ററുകളിൽ 75 ദിവസങ്ങൾ പ്രദർശിപ്പിച്ച, 70+ തിയേറ്റുകളിൽ 50 ദിവസങ്ങൾ പ്രദർശിപ്പിച്ച ഒരു സിനിമ കാണിച്ച് തരാമോ? ഇല്ല, അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അതെ, ദൃശ്യത്തിന് മുമ്പ് ഇത്രയധികം തിയേറ്ററുകളിൽ മറ്റൊരു സിനിമയും അമ്പതും നൂറും ദിവസങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല. ദൃശ്യത്തിന് ശേഷമുള്ള ഈ പത്ത് വർഷ കാലയളവിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ഇത്തരത്തിൽ വലിയ പ്രദർശന വിജയം നേടാനും സാധിച്ചിട്ടുള്ളു..മലയാള സിനിമയുടെ ഒരു നാഴികക്കല്ലാണ് ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ. ദൃശ്യം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മികച്ച ഒരു സിനിമയും ഒപ്പം കളക്ഷൻ റെക്കോർഡുകളും മാത്രമല്ല, അത് വരെ അപ്രാപ്യമായ ഒരു വലിയ വിപണി കൂടിയായിരുന്നു. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പിന്നെ ചെന്നൈ, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ കുറച്ച് സിറ്റികളിലും മാത്രം മാർക്കറ്റ് ഉണ്ടായിരുന്ന, റിലീസ് ചെയ്തിരുന്ന മലയാള സിനിമയ്ക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലും ഗൾഫ് കൂടാതെ മലയാളികൾ ഉള്ള മറ്റു വിദേശ രാജ്യങ്ങളിലും മാർക്കറ്റ് തുറന്ന് കൊടുത്തത് ദൃശ്യത്തോട് കൂടി ആയിരുന്നു. ഹിന്ദി-തമിഴ് സിനിമകൾക്ക് മാത്രം കേട്ട് ശീലിച്ച 50 കോടി ക്ലബ് എന്നത് ഒക്കെ മലയാളികൾ കണ്ടത്, പറഞ്ഞ് തുടങ്ങിയത് ദൃശ്യത്തിലൂടെ ആയിരുന്നു.

ദൃശ്യം,എന്താണ് ഈ സിനിമ ഇത്രമാത്രം ശ്രദ്ധിക്കപ്പെടാൻ, വിജയം നേടാനുള്ള കാരണം?

സാധാരണക്കാരൻ ആയ ഒരു വ്യക്തിയുടെ കഥ, ആ കഥയിലെ പുതുമയും തിരക്കഥയിലേയും സംവിധാനത്തിലേയും കെട്ടുറപ്പും പ്രധാന അഭിനേതാക്കളിലെ മിതത്വം നിറഞ്ഞ മികച്ച പ്രകടനങ്ങളും ഒപ്പം അന്നേ വരെ മറ്റൊരു സിനിമയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ത്രില്ലിങ്ങായ മികച്ച ക്ലൈമാക്‌സും, ഇതൊക്കെ തന്നെയാണ് ദൃശ്യം ഇത്രയേറെ വിജയം നേടാനുള്ള കാരണം. ലോകത്ത് ഏത് സാധാരണക്കാരന്റെയും ജീവിതത്തിൽ കൊണ്ട് പോയി പ്ലേസ് ചെയ്യാവുന്ന കഥയും, ആ കഥ പറഞ്ഞ രീതിയും കൊണ്ടാകാം ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷ സിനിമകളിലേക്കും അത് കഴിഞ്ഞ് സിംഹള, ചൈനീസ് തുടങ്ങിയ വിദേശ ഭാഷ സിനിമകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടത്. മണിച്ചിത്രത്താഴ് ഉൾപ്പെടെ ഒത്തിരി മലയാള സിനിമകൾ മുമ്പ് ഇതര ഭാഷ സിനിമകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതാത് ഭാഷകളിലെ സിനിമ രീതികൾക്ക് അനുസരിച്ച് കഥയിലോ ക്ലൈമാക്‌സിലോ വലിയ കൂട്ടിച്ചേർക്കലുകൾ ഒന്നും നടത്താതെയാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടത്, ആ റീമേക്കുകൾ എല്ലാം തന്നെ പ്രേക്ഷക/നിരൂപക പ്രശംസയോടൊപ്പം പ്രദർശന വിജയം നേടുകയും ചെയ്തത് കൗതുകകരമായ കാര്യമാണ്.

ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ തുടക്കം മുതൽ ഇന്റർവെൽ വരെ ഒരു മണിക്കൂറോളം വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞ് പോകുന്ന ദൃശ്യത്തിൽ പിരിമുറുക്കം ഉണ്ടാകുന്നതും ഗതിവേഗം മാറുന്നതും ഇന്റർവെല്ലോട് കൂടിയാണ്. പിന്നീട് ക്ലൈമാക്‌സ് വരെയുള്ള ഒന്നേമുക്കാൽ മണിക്കൂർ സിനിമയെ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തു ജോസഫ് മുന്നോട്ട് കൊണ്ട് പോകുന്നത് പ്രേക്ഷകർക്ക് ഒട്ടും തന്നെ ഊഹിക്കാൻ പറ്റാത്ത തലങ്ങളിലൂടെയാണ്, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, സീറ്റിൽ ഒന്ന് അമർന്നിരിക്കാൻ സമ്മതിക്കാതെയാണ്. ശരിക്കുമൊരു 'എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ', അതാണ് ജീത്തു ജോസഫിന്റെ ദൃശ്യം. തൊടുപുഴയിൽ ധ്യാനത്തിന് പോയ ആഗസ്റ്റ് മാസം രണ്ടാം തീയതിയും മൂന്നാം തീയതിയും ഒക്കെ ജോർജുകുട്ടി മറ്റ് കഥാപാത്രങ്ങളോട് പറഞ്ഞ് പറഞ്ഞ് അവരുടെ മനസിൽ പതിപ്പിക്കുന്നതൊക്കെ എത്ര മനോഹരമായിട്ടാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിലെ ഏറ്റവും മികച്ച രംഗമായി വാഴ്ത്തപ്പെടുന്നത് അതിന്റെ ക്ലൈമാക്‌സ് രംഗമാണ്. തീർച്ചയായും അതൊരു പുതുമയുള്ള മികച്ച ക്ലൈമാക്‌സ് രംഗം തന്നെയാണ്. എന്നാൽ ആ ക്ലൈമാക്‌സിനോട് കിട പിടിക്കുന്ന മറ്റു ചില രംഗങ്ങൾ കൂടി ദൃശ്യത്തിൽ ഉണ്ട്. അതിലൊന്നാണ് ആഗസ്റ്റ് രണ്ട് -മൂന്ന് തിയ്യതികൾ ജോർജുകുട്ടി പുനരാവിഷ്‌കരിച്ചതാണെന്ന് ആശ ശരത്തിന്റെ ഐ.ജി കഥാപാത്രം പറയുന്ന രംഗം. എന്തൊരു മികവാണ് ആ രംഗത്തിന്, സിനിമ കാണുന്ന പ്രേക്ഷകന് വളരെയേറെ ത്രിൽ സമ്മാനിക്കാനും ആ രംഗത്തിന് കഴിഞ്ഞു. അത് വരെ ജോർജുകുട്ടി എന്ന കഥാപാത്രത്തിൽ ഒട്ടും തന്നെ ഹീറോയിസം തോന്നാത്ത പ്രേക്ഷകരിൽ 'അമ്പടാ, ഇയാള് ആള് കൊള്ളാല്ലൊ' എന്ന രീതിയിൽ ഉള്ള ഹീറോ ഇമേജ് ബിൽട്ട് അപ്പ് ചെയ്യാൻ മേൽപ്പറഞ്ഞ രംഗത്തിന് സാധിച്ചു. അത് പോലെ വളരെ ത്രിൽ നല്കിയൊരു രംഗമായിരുന്നു വരുണ്ണിന്റെ ശവശരീരം കുഴിച്ചെടുക്കുമ്പോൾ പശുവിന്റേത് കിട്ടുന്നത്. പശുവിന്റെ മൃതശരീരം കാണുമ്പോൾ എല്ലാവരും കൂടി പിന്നിലേക്ക് തിരിഞ്ഞ് ജോർജുകുട്ടിയെ നോക്കുന്ന ക്യാമറ ആംഗിളും ഫ്രെയിമും, ജീത്തു ജോസഫിലെ മികച്ച സംവിധായകനെ അടയാളപ്പെടുത്തിയ ഒന്നായിരുന്നു. അത് പോലെ തന്നെ ജോർജുകുട്ടി സൈക്കിളിൽ വീട്ടിലേക്ക് വരുന്ന രംഗത്തിന്റെയും മൊബൈൽ ഫോൺ ലോറിയുടെ മുകളിലേക്ക് എറിയുന്ന രംഗത്തിന്റെയും ഫ്രെയിമുകളും കൂടെയുള്ള പശ്ചാത്തല സംഗീതവും മനോഹരമായിരുന്നു.

വെറും നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ള, സിനിമാ ഭ്രാന്തനായ, തന്റെ കുടുംബത്തെ മറ്റെന്തിനേക്കാളും ഉപരിയായി സ്‌നേഹിക്കുന്ന, തന്റെ മകൾ അറിയാതെ ചെയ്ത ഒരു ക്രൈമിന്റെ പേരിൽ അവളെ ജയിലിലേക്ക് അയക്കില്ല എന്ന് ശപഥം ചെയ്ത, ചെയ്ത ക്രൈം മറച്ച് വെയ്ക്കാൻ തന്റെ ബുദ്ധി ഉപയോഗിച്ച് തെളിവുകൾ സ്വരുക്കൂട്ടുന്ന, അത് സമർത്ഥമായി നടപ്പിലാക്കുന്ന, തന്റെ കുടുംബത്തിന് ആത്മവിശ്വാസവും ധൈര്യവും പകരുന്ന ജോർജുകുട്ടി എന്ന ദൃശ്യത്തിലെ നായക കഥാപാത്രം, അത് മോഹൻലാൽ തന്റെ മുപ്പത്തിമൂന്ന് വർഷത്തെ സിനിമ കരിയറിൽ ചെയ്യാത്ത വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ ആയിരുന്നു. മോഹൻലാൽ എന്ന നടന് ഉള്ള പൊട്ടൻഷ്യലിന്റെ നാലിലൊന്ന് പോലും വേണ്ട ജോർജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വളരെ സിംപിളായിട്ടാണ്, എന്നാൽ മനോഹരമായിട്ടാണ് ലാൽ ജോർജുകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ മറ്റു ഭാഷ റീമേക്കുകളിലെ നായക നടന്മാരുടെ പ്രകടനങ്ങൾ കാണുമ്പോഴാണ് മലയാളികളായ നമുക്ക് മനസ്സിലാകുന്നത് ജോർജുകുട്ടിയെ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. ഇവിടെ മോഹൻലാൽ ചെയ്യുന്നത് കൊണ്ട് മാത്രമാണ് ജോർജുകുട്ടി പോലെയുള്ള ഇത്തരം കഥാപാത്രങ്ങൾ അണ്ടർറേറ്റഡ് ആകുന്നത്. ജോർജുകുട്ടിയെ മോഹൻലാലിന്റെ സമകാലീനരായ മറ്റ് ഏതെങ്കിലും നടന്മാർ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ അതവരുടെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടേനെ. കാരണം വേണമെങ്കിൽ കുറച്ച് ലൗഡായി സെന്റിമെന്റ്‌സ് ഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള ഒന്നിലധികം സന്ദർഭങ്ങൾ ജോർജുകുട്ടിക്ക് സിനിമയിൽ ഉണ്ടായിരുന്നു. എന്നാൽ മോഹൻലാൽ വളരെ കൺട്രോൾഡ് ആയിട്ടാണ്, സറ്റിൽ ആയിട്ടാണ് അത്തരം രംഗങ്ങളിൽ മനോഹരമായി അഭിനയിച്ചിരിക്കുന്നത്. വരുണ്ണിന്റെ ബോഡി എന്ത് ചെയ്തു എന്ന് റാണി ചോദിക്കുമ്പോൾ ഒരു നിമിഷത്തെ മൗനവും അതിന് ശേഷം 'ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല, അത് എന്നോടൊപ്പം മണ്ണിലലിഞ്ഞ് ഇല്ലാതാകും' എന്ന് പറയുന്ന രംഗം, പിന്നെ സിദ്ദീക്കിന്റെ പ്രഭാകർ എന്ന കഥാപാത്രത്തോട് ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുൺ വന്നതും ഇനി ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പോടെ ആ അതിഥിയെ ഞങ്ങൾ മടക്കി അയച്ചു, ഞങ്ങളോട് പൊറുക്കണം എന്ന് പറഞ്ഞ് കൈ കൂപ്പി നില്ക്കുന്ന രംഗം, ഇവയൊക്കെ മോഹൻലാലിന് നല്ല പോലെ സാധ്യമാകുന്ന സൂക്ഷ്മാഭിനയത്തിന്റെ മികവും ഭംഗിയും ഒരിക്കൽ കൂടി സമ്മാനിച്ചവയാണവ.

ഒരു സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാകുന്നതിൽ, ഇഷ്ടമാകാതിരിക്കുന്നതിൽ ആ സിനിമയുടെ ക്ലൈമാക്‌സിന് വലിയ പങ്കാണ് ഉള്ളത്. വളരെ മികച്ച രീതിയിൽ പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ സിനിമകളിൽ ക്ലൈമാക്‌സ് മോശമായത് കൊണ്ട് അല്ലെങ്കിൽ അത് പ്രേക്ഷകർക്ക് ഇഷ്‌പ്പെടാത്തത് കൊണ്ട് മാത്രം ബ്ലോക്ബസ്റ്റർ വിജയം നേടാൻ പറ്റാതെ പോയ ഒട്ടനവധി സിനിമകൾ നമ്മുടെ കൺമുന്നിലുണ്ട്. വന്ദനം, അഭിമന്യു, മൂന്നാംമുറ, ജോണിവാക്കർ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങളാണ്. ക്ലൈമാക്‌സിന് മുമ്പ് വരെ പ്രത്യേകിച്ച് ഒന്നുമില്ലാതെ മികച്ച ക്ലൈമാക്‌സ് രംഗത്തിന്റെ പിൻബലത്തിൽ ഹിറ്റായ സിനിമകളും ഉണ്ട്. ജോമോൻ സംവിധാനം മമ്മൂട്ടിയുടെ ജാക്ക്‌പോട്ട് എന്ന സിനിമ ഇത്തരത്തിൽ ക്ലൈമാക്‌സ് കൊണ്ട് രക്ഷപ്പെട്ട ഒന്നാണ്. ഏതൊരു സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്നത് എങ്ങനെ സിനിമ അവസാനിപ്പിക്കണം എന്ന് ആലോചിച്ച് തന്നെയായിരിക്കും. ദൃശ്യം സിനിമയിലേക്ക് വരുമ്പോൾ ആ സിനിമയെ കാണികൾ അങ്ങേയറ്റം ഇഷ്ടപ്പെടാൻ കാരണം ഒന്നര മണിക്കൂറോളം ത്രില്ലിൽ നിർത്തിയ ശേഷം ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കൊണ്ട് പോയ ക്ലൈമാക്‌സ് രംഗം തന്നെയാണ്. പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം 'സാറും ഈ പൊലീസ് സ്റ്റേഷനും എന്നെ സംരക്ഷിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു' എന്നും പറഞ്ഞ് ജോർജുകുട്ടി പതിയെ സ്റ്റേഷന്റെ പുറത്തേക്ക് നടക്കുന്നതും അതേ ആംഗളിൽ തന്നെ മുമ്പ് വരുണ്ണിന്റെ ശവശരീരം പൊലീസ് സ്റ്റേഷന്റെ തറയിൽ കുഴിച്ചിട്ട ശേഷം നടക്കുന്നതും ഇടകലർത്തി കാണിച്ചത് വല്ലാത്തൊരു ഫീലാണ് സമ്മാനിച്ചത്, ശരിക്കുമൊരു ഗൂസ്ബംബ്‌സ് മൊമന്റ്. ഈ രംഗം കാതടിപ്പിക്കുന്ന മാസ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടി ഇല്ലാതെ ജീത്തു ജോസഫ് വളരെ ലളിതമായി അവതരിപ്പിച്ചത് കൊണ്ടാണ് വളരെ മനോഹരമായത്, പ്രേക്ഷകരുടെ മനസിൽ ഇത്രയേറെ സ്പർശിച്ചത്. അതെ, മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്‌സ് രംഗമുള്ള സിനിമകളിൽ ഒന്ന് ദൃശ്യം തന്നെയാണ്,ഒരുപക്ഷേ ഏറ്റവും മികച്ചത് തന്നെയും.


കഴിഞ്ഞ 44 വർഷങ്ങളിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഇൻഡസ്ട്രി ഹിറ്റ് സിനിമകൾ പരിശോധിച്ചാൽ അവയിൽ ഭൂരിഭാഗവും നല്ല പാട്ടുകൾ ഉള്ള കോമഡി/റൊമാൻസ് ജോണറിൽ ഉള്ള സിനിമകൾ ആയിരിക്കും,അല്ലെങ്കിൽ ആക്ഷൻ ജോണറിലുള്ള സിനിമകളായിരിക്കും. മണിച്ചിത്രത്താഴ് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതെങ്കിലും കോമഡിയുടെ ഒരു ഫ്‌ളേവർ തുടക്കം മുതൽ നാഗവല്ലി സസ്പെൻസ് അറിയുന്നത് വരെ ആ സിനിമയിൽ ഉണ്ടായിരുന്നു. എന്നാൽ ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് സിനിമയിലേക്ക് വരുമ്പോൾ ആ സിനിമയിൽ ഇമ്പമാർന്ന ഗാനങ്ങൾ ഇല്ല, കോമഡി ഇല്ല, സ്റ്റണ്ട് ഇല്ല, നായകന് ഹീറോയിസം കാണിക്കാനുള്ള ഡയലോഗുകൾ ഇല്ല, അങ്ങനെ ആളുകളെ ആകർഷിച്ച്, അവരെ വീണ്ടും വീണ്ടും തിയേറ്ററുകളിൽ എത്താൻ പ്രേരിപ്പിക്കുന്ന, ഒരു ഇൻഡസ്ട്രി ഹിറ്റ് സിനിമയ്ക്ക് വേണ്ട കച്ചവട ചേരുവകൾ ഒന്നും തന്നെയില്ല. പകരം ഉണ്ടായിരുന്നത് കെട്ടുറപ്പുള്ള തിരക്കഥയിൽ അവതരിപ്പിച്ച നല്ലൊരു സിനിമ മാത്രം. ഇത് തന്നെ ദൃശ്യത്തിനെ മറ്റ് ഇൻഡസ്ട്രി ഹിറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞ പോലെ മലയാള സിനിമയുടെ വിപണി കൂടുതൽ തുറന്ന് കിട്ടിയതാണ് ദൃശ്യം സിനിമ കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം. കേരളത്തിലും യുഎഇ ലും കൂടാതെ ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സിറ്റികളിലും ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വലിയ സ്വീകരണവും വിജയവും ആണ് ദൃശ്യത്തിന് കിട്ടിയത്.

2002 ൽ പ്രവാസിയായ ശേഷം കുറച്ച് സിനിമകൾ മാത്രമേ എനിക്ക് നാട്ടിലെ തിയേറ്ററുകളിൽ നിന്നും റിലീസ് ദിവസം കാണാൻ സാധിച്ചിട്ടുള്ളു. എന്നാൽ 2013 ഡിസംബർ പത്തൊമ്പതിന് ദൃശ്യം ആദ്യം ദിവസം തന്നെ എന്റെ നാടായ കൊടുങ്ങല്ലൂരിലെ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും കാണാനുള്ള അവസരമുണ്ടായി. കുറച്ച് മോശം ലാൽ സിനിമകൾക്ക് ശേഷം വന്ന ദൃശ്യം കണ്ട് നിറഞ്ഞ മനസോടെ കൈയ്യടിച്ച് കൊണ്ടാണ് ഞാൻ ഉൾപ്പെടെയുള്ള കാണികൾ അന്ന് തിയേറ്ററിൽ നിന്നും ഇറങ്ങിയത്. ദൃശ്യം റിലീസാകുന്ന സമയത്ത് സത്യം പറഞ്ഞാൽ ഫാൻസിന് ഉൾപ്പെടെ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് റിലീസ് ദിവസം സാധാരണ ലാൽ സിനിമകൾക്ക് ഉണ്ടാകാറുള്ള തിരക്ക് ഉണ്ടായിരുന്നുമില്ല. എന്നാൽ സിനിമയ്ക്ക് വൻ അഭിപ്രായം വന്നതോട് കൂടി അടുത്ത ദിവസം മുതൽ തിയേറ്ററുകളിൽ ജനസാഗരമായി, ഹൗസ്ഫുൾ ബോർഡുകൾക്ക് വിശ്രമം ഇല്ലാതെയായി, മാസങ്ങളോളം ഈ തിരക്ക് തുടർന്നു, സ്ത്രീകൾ വരെ മണിക്കൂറുകൾക്ക് മുമ്പേ വന്ന് ടിക്കറ്റിനായി ക്യൂ നിൽക്കുന്ന അവസ്ഥയുണ്ടായി. പിന്നെ നടന്നത് മലയാള സിനിമ ബോക്‌സ് ഓഫിസിലെ മുൻക്കാല റെക്കോർഡുകൾ കടപ്പുഴകി വീഴുന്നതാണ്, 50 കോടി എന്ന സ്വപ്നതുല്യമായ കളക്ഷൻ ദൃശ്യം നേടിയെടുക്കുന്നതാണ്. ദൃശ്യം മലയാള സിനിമ ഇൻഡസ്ട്രിക്ക് നല്കിയ ഉണർവ് വളരെ വലുതായിരുന്നു. മോഹൻലാലിനൊപ്പം ദൃശ്യത്തിൽ അഭിനയിച്ച മറ്റ് പ്രധാന നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതിൽ സിദ്ദീഖ്, ഷാജോൺ, ആശ ശരത്ത് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. സുജിത്ത് വാസുദേവിന്റെ ഛായാഗ്രഹണവും അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.

കർമ്മയോദ്ധ, ലോക്പാൽ, ലേഡീസ് & ജെന്റിൽമാൻ, ഗീതാഞ്ജലി തുടങ്ങിയ യാതൊരു മേന്മയും ഇല്ലാത്ത മോശം സിനിമകൾ തുടർച്ചയായി വന്ന് മോഹൻലാൽ പ്രേക്ഷകരെ നിരാശപ്പെടുത്തി വിമർശനങ്ങൾ ഏറ്റ് വാങ്ങിയ സമയത്താണ് 2013 ഡിസംബറിൽ ദൃശ്യം റിലീസാകുന്നതും അത് വരെയുള്ള വിമർശനങ്ങളെ കാറ്റിൽ പറത്തി റെക്കോർഡ് വിജയം നേടിയെടുത്തതും. ദൃശ്യം റിലീസാകുമ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ വീണ്ടും മോഹൻലാൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒരു സംശയവും ഇല്ല, നേരും വാലിബനും ഒഴികെ കഴിഞ്ഞ കുറച്ച് സിനിമകൾ വളരെ മോശം സിനിമകൾ തന്നെയായിരുന്നു, ലാൽ എന്ന നടനെയോ താരത്തെയോ ഒരു രീതിയിലും ആവശ്യമില്ലാത്ത സിനിമകൾ. ഇതിനെയൊക്കെ മറി കടക്കാൻ ഒരു മോഹൻലാൽ സിനിമക്ക് പോസിറ്റീവ് റിപ്പോർട്ട് വരേണ്ട ആവശ്യമേ ഉള്ളു.

പിന്നെ കഴിഞ്ഞ അഞ്ചാറ് മോശം സിനിമകളുടെ ബോക്‌സ് ഓഫീസ് പരാജയത്തിന്റെ പേരിൽ മോഹൻലാലിനെ വിമർശിച്ച്, എഴുതിതള്ളി നിർവൃതിയടയുന്നവരുടെ ശ്രദ്ധയിലേയ്ക്ക്, ദൃശ്യം പതിനൊന്ന് വർഷങ്ങക്ക് മുമ്പ് കേരളത്തിൽ നേടിയ കളക്ഷനാണ് ഈ 2023 ൽ വൻ പോസിറ്റീവ് അഭിപ്രായം കിട്ടിയ ചില സൂപ്പർസ്റ്റാർ സിനിമകൾക്ക് നേടിയെടുക്കാനായത്, അതും ദൃശ്യത്തിന് ഉണ്ടായിരുന്ന ടിക്കറ്റ് റേറ്റിന്റെ ഇരട്ടിയിലധികം ടിക്കറ്റ് റേറ്റിന്റെ പിൻബലത്തിൽ, അത് മറക്കേണ്ട. നിലവിൽ ഇൻഡസ്ട്രി ഹിറ്റ് പദവി അലങ്കരിക്കുന്ന 2018 എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർത്ത് പുതിയതൊന്ന് എഴുതി ചേർക്കാൻ ഒരു മോഹൻലാൽ സിനിമ തന്നെ വേണ്ടി വരും, തീർച്ച..
മോഹൻലാൽ, അയാളെക്കാൾ വിപണനമൂല്യമുള്ള ജനപ്രിയനായ ഒരു താരം മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രത്യാശയോടെ കാത്തിരിക്കുന്നു നല്ല മോഹൻലാൽ സിനിമകൾക്കായി.

Content Highlights: 11 years of Drishyam Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us