ഇത്തവണത്തെ പൊങ്കല്‍ റിലീസുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അഞ്ചോളം സിനിമകള്‍ ഇറങ്ങിയ ആഴ്ചയില്‍ പൊങ്കല്‍ വിന്നറായി കപ്പ് അടിച്ചിരിക്കുന്നത് 12 വര്‍ഷം പഴക്കമുള്ള ഒരു സിനിമയാണ്. ചിത്രം മദ ഗജ രാജ, നായകന്‍ വിശാല്‍. ഷങ്കര്‍ അടക്കമുള്ള കൊലകൊമ്പന്മാരുടെ സിനിമകളെ പിന്തള്ളിയാണ് മദ ഗജ രാജ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നത് അത്ഭുതപ്പെടുന്നു കാര്യമാണ്. എന്തുകൊണ്ടാണ് മദ ഗദ രാജയുടെ റിലീസ് ഇത്രയും വൈകിയത്? എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഈ വിശാല്‍ ചിത്രം കോടികള്‍ കൊയ്യുന്നത്? സിനിമകള്‍ മാറ്റത്തിന്റെ പാതയിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ എന്ത് പ്രസക്തിയാണ് മദ ഗജ രാജക്കുള്ളത്?
ശരിക്കും ഒരു നൊസ്റ്റാള്‍ജിയയിലേക്കുള്ള തിരിച്ചുപോക്കാണ് മദ ഗജ രാജ. 2013 ല്‍ റിലീസ് ചെയ്യേണ്ട സിനിമ 2025 ല്‍ കാണുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഓര്‍മ്മകള്‍ കൂടി സിനിമ സമ്മാനിക്കുന്നുണ്ട്. പഴയ ഫോണുകള്‍, വണ്ടികള്‍, എന്തിന് അന്നത്തെ കാലത്തേ എഡിറ്റിംഗ് എഫക്ട് പോലും മദ ഗജ രാജയെ വ്യത്യസ്തമാക്കുന്നു. ഒരു ടിപ്പിക്കല്‍ സുന്ദര്‍ സി മസാല പടമാണ് മദ ഗജ രാജ. പാട്ടും ഫൈറ്റും കോമഡിയും ഗ്ലാമറും ഒക്കെ കൂടിക്കലര്‍ന്ന ഒരു ഫെസ്റ്റിവല്‍ എന്റര്‍ടൈയ്നര്‍. മൂന്നു കോടിയാണ് ചിത്രം ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രം നേടിയത്. ഷങ്കറിന്റെ ഗെയിം ചേഞ്ചറിനോ ജയം രവിയുടെ കാതലിക്ക നേരമില്ലൈക്കോ പോലും അത്രയും നേട്ടമില്ല. ഒരു പക്കാ കോമഡി എന്റര്‍ടൈയ്നര്‍ തമിഴ് പ്രേക്ഷകര്‍ എത്രത്തോളം മിസ് ചെയ്യുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ് മദ ഗജ രാജ.
ചില ഫിനാന്‍ഷ്യല്‍, ലീഗല്‍ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു സിനിമയുടെ റിലീസ് ഇത്ര വര്‍ഷവും നീണ്ടു പോയത്. എന്നാല്‍ ഒടുവില്‍ സിനിമയ്ക്ക് അത് ഉപകാരമായി എന്ന് തന്നെ പറയാം. വയലന്‍സും ആക്ഷനും ഒക്കെയായി ഡാര്‍ക്ക് പാറ്റേണിലൂടെ സിനിമകള്‍ കടന്നു പോകുമ്പോള്‍ കുടുംബത്തോടൊപ്പം മതിമറന്നു ചിരിച്ച് ആഘോഷിക്കാനുള്ള സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. കൃത്യമായി ആ സ്പേസിലേക്ക് മദ ഗജ രാജ എത്തി.
ഒരു കാലത്ത് ചെറിയ ബജറ്റ് സിനിമകള്‍ മുതല്‍ വമ്പന്‍ സിനിമകളെ വരെ അസാമാന്യമായ ഹ്യൂമര്‍ കൊണ്ട് പിടിച്ചുനിര്‍ത്തിയ നടനാണ് സന്താനം. നായകനായി കരിയറിന്റെ ഒരു ഘട്ടത്തില്‍ ചുവടുമാറ്റം നടത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും ഇഷ്ട്ടം ആ പഴയ സന്താനത്തിനെയാണ്. മദ ഗജ രാജ വിജയിക്കുമ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ച ആ വിന്റേജ് സന്താനം കൂടി തിരികെ വന്നിരിക്കുകയാണ്. ചിത്രമുടനീളം ഒരു സന്താനം ഷോ ആണ്. മണിവണ്ണന്‍, മനോബാല തുടങ്ങി നമ്മെ വിട്ടുപിരിഞ്ഞ അഭിനേതാക്കളെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരവും മദ ഗജ രാജ ഒരുക്കിത്തരുന്നുണ്ട്. ഒരു സമയത്ത് കുത്തു പാട്ടുകളും ഡാന്‍സ് നമ്പറുകളും കൊണ്ട് മലയാളികളുടെ വരെ പ്ലേലിസ്റ്റ് നിറച്ച സംഗീത സംവിധായകനാണ് വിജയ് ആന്റണി. ആ പഴയ ടോപ് ഫോമിലുള്ള വിജയ് പാട്ടുകളും മദ ഗജ രാജയിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.
കാലത്തിന്റേതായ പ്രശ്‌നങ്ങള്‍ മദ ഗജ രാജക്കുണ്ട്. തമാശയെന്നോണം ബോഡി ഷെയ്മിങ് ജോക്കുകളും, സെക്‌സിസ്‌റ് തമാശകളും മദ ഗജ രാജയിലുണ്ട്. എല്ലാ സുന്ദര്‍ സി സിനിമകളെപ്പോലെ നായികാ കഥാപാത്രത്തിനെ പാട്ടിനും ഡാന്‍സിനും ഗ്ലാമര്‍ പ്രദര്‍ശനത്തിനും വേണ്ടി മാത്രമായിട്ടാണ് ഇവിടെയും പ്ലേസ് ചെയ്തിരിക്കുന്നത്. അമിതമായ സ്‌കിന്‍ ഷോയും ഡബിള്‍ മീനിങ് തമാശകളും അങ്ങിങ്ങായി സിനിമയിലുണ്ട്. സിനിമ കണ്ട മിക്കവരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രേക്ഷകരും എഴുത്തുകാരും സിനിമയും എത്രത്തോളം മാറി എന്നതിന്റെ തെളിവു കൂടിയാണിത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുന്ന, നായകനെ സെഡ്യൂസ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന നായികമാരും, സ്ത്രീ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുന്ന കാമറ ആംഗിളുകളും, അത് ആസ്വദിക്കുന്ന നായകനും കൂട്ടുകാരും ഈ സിനിമയിലും ഭാഗമാണ്. എന്നാല്‍ അവിടെയെല്ലാം ഒരു കൂട്ടം കാണികള്‍ അസ്വസ്ഥരാകുന്നത് മാറ്റത്തിനൊപ്പം പ്രേക്ഷകര്‍ സഞ്ചരിക്കുന്നതിന്റെ തെളിവാണ്.
20 കോടിയോളമാണ് മദ ഗജ രാജയുടെ ഇതുവരെയുള്ള കളക്ഷന്‍. ആദ്യ ദിനം മൂന്നു കോടി ആയിരുന്നെങ്കില്‍ അടുത്ത ദിവസങ്ങളില്‍ അത് ഏഴ് കോടിയോളമായി ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ബേസിലിന്റെ കഥാപാത്രം സിനിമേടെ മാജിക്കാടാ എന്ന് പറയുന്നത് പോലെ മദ ഗജ രാജ ഒരു സര്‍പ്രൈസ് ആയി മാറുകയാണ്. ഒരു വെള്ളിയാഴ്ച്ച സിനിമയില്‍ എന്തും സംഭവിക്കാം എന്നതിന്റെ പുതിയ ഉദാഹരമാണ് മദ ഗജ രാജയുടെ ഈ വിജയം.
Content Highlights: Vishal film Mada gaja raja emerges as pongal winner