
തിയേറ്ററുകളില്‍ ആളെ നിറക്കുന്ന ഈ എമ്പുരാനോളം കഴിഞ്ഞാല്‍ എന്ത് എന്ന് ചോദ്യം മനസ്സില്‍ വരുന്നുണ്ടോ? അതിനുള്ള ഉത്തരമായി വിഷു റിലീസുകള്‍ വരുന്നുണ്ട്.
ആദ്യമേ പറയട്ടെ, ഈ എമ്പുരാനോളം അടുത്തൊന്നും തീരില്ല. മാര്‍ച്ച് 27 ന് റീലീസ് ചെയ്ത എമ്പുരാന്‍ ഇപ്പോഴും കേരളാ ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. ബോക്സ് ഓഫീസിലെ ആ മോഹന്‍ലാല്‍ മാജിക്ക് വിഷു-ഈസ്റ്റര്‍ സീസണിലും തുടരുമെന്നാണ് നിഗമനം. റിലീസ് ചെയ്ത ദിവസം മുതല്‍ തന്റെ ഏഴ് തിയേറ്ററുകളിലും പടം ഹൗസ്ഫുള്ളാണ് എന്നാണ് പ്രമുഖ നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അപ്പോള്‍ എമ്പുരാന്‍ കുതിപ്പ് അങ്ങനെ തുടരാന്‍ തന്നെയാണ് സാധ്യത. അതവിടെ നില്‍ക്കട്ടെ.
മലയാളത്തിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള താരങ്ങള്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍, മലയാളത്തിന്റെ BIG M's.. മോഹന്‍ലാലും മമ്മൂട്ടിയും എന്നത് തന്നെയായിരിക്കും മറുപടി. എമ്പുരാന്റെ 200 കോടിയും കടന്നുള്ള ജൈത്രയാത്രയിലൂടെ മോഹന്‍ലാല്‍ അത് വീണ്ടും തെളിയിക്കുകയും ചെയ്തു. ഇനി മമ്മൂട്ടിയുടെ ഊഴമാണ്. ഈ വിഷു സീസണിലെ പ്രധാന റിലീസുകളില്‍ ഒന്ന് മമ്മൂട്ടിയുടെ MEGA SAGA ആണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുകള്‍ കൊണ്ട് ഇതിനോടകം ചര്‍ച്ചയിലുള്ള ഗെയിം ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. സിനിമയുടെ എല്ലാ പോസ്റ്ററുകളും ടീസറും ട്രെയ്ലറും പ്രോമിസിംഗ് ഐറ്റംസ് തന്നെയായിരുന്നു. ഈ അപ്ഡേറ്റുകളിലൂടെ മമ്മൂക്കയുടെ ഒരു സ്റ്റൈലിഷ് ആക്ഷന്‍ ബേസ്ഡ് റോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെറുമൊരു നവാഗത സംവിധായകനല്ല കക്ഷി. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ഇവര്‍ക്ക് പുറമെ ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, സുമിത് നേവല്‍, ദിവ്യാ പിള്ള തുടങ്ങൊയൊരു വന്‍ താരനിരയും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഏപ്രില്‍ 10 ന് ചിത്രം പുറത്തിറങ്ങും. സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. ഈ വിഷു സീസണില്‍ ബസൂക്കയിലൂടെ മലയാളികള്‍ക്ക് ഒരു വലിയ കൈനീട്ടം തന്നെ 'സ്റ്റൈലിഷ്' മമ്മൂക്കയും ടീമും തരുമെന്ന് പ്രതീക്ഷിക്കാം.
2023 ലെ ഓണം സീസണില്‍ ഒരു 'തല്ലുമാല' കഥ കൊണ്ട് ബോക്സ് ഓഫീസില്‍ തൂഫാനാക്കിയ ഖാലിദ് റഹ്‌മാന്റെ ഒരു പടവും വിഷു റിലീസായെത്തുന്നുണ്ട്, ആലപ്പുഴ ജിംഖാന. ഇക്കുറി ഖാലിദ് റഹ്‌മാന്‍ എത്തുന്നത് ഒരു സംഘം പിള്ളേര്‍ക്കൊപ്പമാണ്. ആ പിള്ളേരുടെ ക്യാപ്റ്റനാകട്ടെ നസ്‌ലെനും. നസ്‌ലെന്‍-ഖാലിദ് റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സ്പോര്‍ട്സ് കോമഡി ചിത്രം എന്നത് മാത്രം മതി ഈ പടത്തിന് പ്രതീക്ഷയര്‍പ്പിക്കാന്‍. ഗണപതി, ലുക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പോസ്റ്ററുകളും ട്രെയ്‌ലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. എന്നാല്‍ അതിലേറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഈ സിനിമയ്ക്കായി നസ്‌ലെനും ഗണപതിയും ലുക്മാനും ഉള്‍പ്പടെയുള്ളവര്‍ നടത്തിയ മേക്കോവറുകളാണ്. ഒരു സിനിമയിലെ ഒരു നടനോ നടിയോ മേക്കോവര്‍ നടത്തുന്നത് പോലെയല്ല, ഈ പടത്തില്‍ ഒട്ടുമിക്കല്‍ പേരെയും കൊണ്ട് ഖാലിദ് റഹ്‌മാന്‍ മേക്കോവര്‍ നടത്തിപ്പിച്ചിട്ടുണ്ട്. അത് വെറുതെയാകില്ലല്ലോ. ചിത്രം ഏപ്രില്‍ 10 ന് എത്തും.
'ഹിറ്റ്മാന്‍' ബേസിലും വിഷു സീസണില്‍ ഒരു പടവുമായെത്തുന്നുണ്ട്, നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്നാണ് ഇതുവരെയുള്ള അപ്ഡേറ്റുകള്‍ നല്‍കുന്ന സൂചന. വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ഇതിനെല്ലാം അപ്പുറം ഈ സിനിമയില്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഫാക്ടര്‍ കൂടിയുണ്ട്, നിര്‍മാതാക്കളില്‍ ഒരാളുടെ പേര്. മലയാളത്തിലെ 'സൂപ്പര്‍ഹീറോ' ടൊവിനോ തോമസാണ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍. ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുമ്പോള്‍ അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണല്ലോ. പിന്നെ മറ്റൊരു രസകരമായ കാര്യം കൂടി പറയാം സുരാജും ഗ്രേസ് ആന്റണിയും മുതല്‍ സാക്ഷാല്‍ മമ്മൂട്ടിയും മന്ത്രി ശിവന്‍കുട്ടിയും വരെ പെട്ടുപോയ 'കൈ കിട്ടാ' യൂണിവേഴ്‌സിന് തുടക്കം കുറിച്ചത് മരണമാസ്സിന്റെ പൂജ ചടങ്ങായിരുന്നു. അപ്പോ ഈ മരണമാസ്സ് പടം ഏപ്രില്‍ 10 ന് റിലീസ് ചെയ്യും.
ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയും വിഷു റിലീസിനെത്തുന്ന മറ്റൊരു ചിത്രമാണ്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈയ്നര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാര്‍ ആണ്. ആസിഫ് അലി അവതരിപ്പിക്കുന്ന സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ കല്യാണവും തുടന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പുരുഷന്മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ പറയുന്ന ചിത്രമെന്ന് കൂടിയാണ് ഇതേകുറിച്ച് പറയുന്നത്. അതൊരു കൗതുകം പ്രേക്ഷകരില്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഏപ്രില്‍ 17 ന് തിയേറ്ററിലെത്തും. കിഷ്‌കിന്ധാകാണ്ഡത്തിനും രേഖാചിത്രത്തിനും ശേഷം ആസിഫ് അലിയ്ക്ക് ഹാട്രിക് നല്‍കുമോ ഈ സിനിമ എന്ന് കാത്തിരുന്ന് കാണാം.
മലയാളത്തില്‍ ഇങ്ങനെ ഒട്ടനവധി റിലീസുകള്‍ ഉള്ളപ്പോള്‍ തന്നെ തമിഴില്‍ നിന്നൊരു വെടിക്കെട്ട് ഐറ്റം കൂടി വരുന്നുണ്ട് മാമേ… അജിത്-ആദിക് രവിചന്ദ്രന്‍ ടീമിന്റെ 'ഗുഡ് ബാഡ് അഗ്ലി'. ഏപ്രില്‍ 10 ന് സമ്മര്‍ റിലീസായാണ് ചിത്രം എത്തുക. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഏപ്രിലില്‍ മലയാളത്തില്‍ നിന്ന് മമ്മൂക്കയും പിന്നെ പിള്ളേരും, അപ്പുറത്ത് തമിഴകത്ത് നിന്ന് അജിത്തും വമ്പന്‍ റിലീസുകളുമായി കാത്തിരിപ്പുണ്ട്. ലാലേട്ടനാകട്ടെ കളം വിട്ടുകൊടുക്കാനും സാധ്യതയില്ല. ഈ വിഷു സീസണില്‍ കേരളാ ബോക്സ് ഓഫീസിന് ഒരു വമ്പന്‍ കൈനീട്ടം ഉറപ്പാണ്.
Content Highlights: Vishnu releases in Kerala