വിഷു കളറാക്കി രണ്ട് പ്രഖ്യാപനങ്ങള്‍, ലൈനപ്പില്‍ 8 ചിത്രങ്ങള്‍; 2025 തൂക്കാന്‍ നിവിന്‍ പോളി

വ്യത്യസ്തമായ ഴോണറുകളിലുള്ള 8 ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

dot image

നായകനായി എത്തുന്ന സിനിമയിലൂടെ ബോക്‌സ് ഓഫീസില്‍ നിവിന്‍ പോളി വലിയ വിജയം കൊയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സമീപകാലത്തായി നടന്‍ നായകനായി എത്തിയ പല ചിത്രങ്ങളും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിലെ എക്‌സ്റ്റെന്റഡ് കാമിയോ വേഷം മാത്രമാണ് ഈ അടുത്ത വര്‍ഷങ്ങളിലെ ശ്രദ്ധിക്കപ്പെട്ട വേഷം. 'നിതിന്‍ മോളി' സിനിമയുടെ വിജയത്തില്‍ പോലും നിര്‍ണായകമായി.

എന്നാല്‍ നിവിന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ വിജയത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ 2025ലെ നടന്റെ ലൈനപ്പ് ആ വിജയത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

വിഷു ദിനത്തില്‍ നിവിന്‍ പോളിയുടെ രണ്ട് സിനിമകളുടെ അനൗണ്‍സ്‌മെന്റാണ് നടന്നിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയില്‍ നിവിന്‍ പോളി നായകനായി ജോയിന്‍ ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിന് പിന്നാലെയാണ് ചിത്രത്തിലേക്ക് നായകനായി നിവിന്‍ എത്തിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടും ഇന്ന് ആരംഭിച്ചിട്ടുണ്ട്. ബോബി-സഞ്ജയ് തിരക്കഥ രചിക്കുന്ന ചിത്രം ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്.

ബേബി ഗേളിലേക്ക് നിവിന്‍ പോളിയെത്തുന്നതിനെ കുറിച്ച് ചില സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കില്‍, ഒരു സര്‍പ്രൈസ് പ്രഖ്യാപനവും വിഷു ദിനത്തില്‍ എത്തിയിട്ടുണ്ട്. ഡോള്‍ബി

ദിനേശന്‍ എന്ന പുതിയ ചിത്രമാണത്. നിവിന്‍ പോളി തന്നെയാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓട്ടോക്കാരന്റെ വേഷത്തിലാണ് നിവിന്‍ പോളി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇവ കൂടാതെ മറ്റ് നിരവധി ചിത്രങ്ങള്‍ നിവിന്‍ പോളിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. റാമിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം യേഴു കടല്‍ യേഴു മലൈ ആണ് അതിലൊന്ന്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായവും പുരസ്‌കാരങ്ങളും നേടിയ ചിത്രത്തില്‍ അഞ്ജലി, സൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആദിത്യന്‍ ചന്ദ്രശേഖറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മള്‍ട്ടിവേഴ്‌സ് മന്മഥനാണ് അടുത്ത ചിത്രം. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രമാകും ഇതെന്നാണ് പറയപ്പെടുന്നത്. സിനിമയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അനുരാജ് മനോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ശേഖര വര്‍മ രാജാവിലും നായകന്‍ നിവിന്‍ പോളിയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍സാണ് മറ്റൊരു ചിത്രം. നിവിന്‍ പോളി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാണ്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയായി.

സൂപ്പര്‍ഹിറ്റായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗവും പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്തമായ ഴോണറുകളും കഥാപാത്രങ്ങളുമായി എത്തുന്ന ചിത്രങ്ങളാണ് ഇവയെല്ലാം. നിവിന്‍ പോളിയുടെ കംഫര്‍ട്ട് സോണിലുള്ള സിനിമകളും അവയ്ക്ക് പുറത്തുള്ള പരീക്ഷണങ്ങളുമെല്ലാമായി 2025ല്‍ നടന്റെ ഒരു ഗംഭീര തിരിച്ചുവരവ് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: 8 Promising films are in line up for Nivin Pauly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us