
സിഗ്‌നൽ തെറ്റിച്ച് റോഡ് നിർമാണ തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തിൽ ഡൈവർക്ക് പിഴ വിധിച്ച് ബഹ്‌റൈൻ സിവിൽ ഹൈക്കോടതി. ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഡ്രൈവർക്ക് 49,500 ബഹ്‌റൈൻ ദിനാർ ആണ് പിഴ ചുമത്തിയത്. ഇന്ത്യൻ രൂപ ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ വരുമിത്.
അപകടം പറ്റിയ മൂന്ന് പേരും ഏഷ്യൻ പൗരന്മാരാണ്. പുലർച്ചെ 3 മണിയോടെ തൊഴിലാളികൾ റോഡിന്റെ ഒരു ഭാഗം കുഴിക്കുന്നതിനിടെയാണ് വാഹനം അശ്രദ്ധമായി തൊഴിലാളികൾക്ക് ഇടയിലേക്ക് ഇടിച്ചുകയറിയതെന്നും അപകടത്തിന് ഡ്രൈവർ പൂർണ്ണ ഉത്തരവാദിയാണെന്നും കോടതി കണ്ടെത്തി.
റോഡിൽ നന്നായി വെളിച്ചമുണ്ടായിരുന്നു, ചുവന്ന ലൈറ്റ് വ്യക്തമായി കാണാമായിരുന്നെന്നും ഡ്രൈവർ വേണ്ടത്ര ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പ്രതിയെ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരു വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.
റോഡിലെ ചുവപ്പ് സിഗ്‌നൽ അവഗണിച്ച് വാഹനം മുന്നോട്ട് എടുത്ത ഡ്രൈവർ നിയമപരമായി കടന്നുപോകുകയായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ തൊഴിലാളികളിൽ ഒരാൾ മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് തൊഴിലാളികളും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് കോടതി 36,000 ബഹ്‌റൈൻ ദിനാർ നഷ്ടപരിഹാരം വിധിച്ചു. ജീവഹാനിക്ക് 15000 ബഹ്‌റൈൻ ദിനാറും കുടുംബത്തിന്റെ വെകാരികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് 21,000 ബഹ്‌റൈൻ ദിനാറുമാണ് വിധിച്ചത്. ഈ തുക മരിച്ച വ്യക്തിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇളയമകൾക്കുമായി തുല്യമായി വീതിക്കണം. ഇവർ മൂന്ന് പേരും പൂർണമായും തൊഴിലാളിയുടെ വരുമാനത്തിനെ ആശ്രയിക്കുന്നവരാണെന്ന് കോടതി പറഞ്ഞു.
പരിക്ക് പറ്റിയ രണ്ട് തൊഴിലാളികളിൽ ഗുരുതര പരിക്ക് പറ്റിയ വ്യക്തിക്ക് 10,000 ബഹ്‌റൈൻ ദിനാർ നൽകാനാണ് നിർദ്ദേശം. 7,500 ബഹ്‌റൈൻ ദിനാർ പരിക്കുകൾക്കും, ചികിത്സാ ചെലവുകൾക്കായി 1,500 ദിനാറും, വേദനയ്ക്കും കഷ്ടപ്പാടും, മുൻ നിർത്തി 1,000 ദിനാറും എന്നിങ്ങനെയാണ് നഷ്ടപരിഹാരം. മൂന്നാമത്തെ തൊഴിലാളിക്ക് നഷ്ടപരിഹാരമായി 3,500 ദിനാർ ലഭിക്കും.
ഈ തുകമുഴുവനായിട്ടും അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറിൽ നിന്ന് ഈടാക്കാനാണ് നിർദ്ദേശം. ഇതോടെ തന്റെ പ്രവൃത്തികൾ മൂലമുണ്ടായ ജീവഹാനിക്കും പരിക്കുകൾക്കും സിവിൽ നഷ്ടപരിഹാരമായി 49,500 ദിനാർ ഡ്രൈവർ നൽകണം.
Content Highlights: Driver fined Rs 1.10 crore in Bahrain for running a wrong signal and hitting road workers