പുതിയ കാലഘട്ടത്തിലെ എഴുത്തുകളെയും വായനക്കാരെയും വിമർശിക്കുന്ന എഴുത്തുകാർ എല്ലാ കാലത്തുമുണ്ട്. ഇപ്പോഴത്തെ എഴുത്തുകൾ കൊള്ളില്ലെന്നും സാഹിത്യം മരിച്ചെന്നും കരയുന്ന നിരവധി പേരെ പല സമയങ്ങളിൽ കണ്ടതാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇത്തരം ചർച്ച സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ്.
പുതിയ കാലഘട്ടത്തില്‍ എഴുത്തുകള്‍ നിലയ്ക്കുകയാണെന്നായിരുന്നു എഴുത്തുകാരന്‍ എസ് ജോസഫ് പറഞ്ഞത്. ഫാക്ടറി പ്രോഡക്ടുകള്‍ പോലെ ഓരോ രൂപം കൈക്കൊള്ളുകയാണ് സൃഷ്ടികളെന്നും പുതിയ കാലത്തെ പ്രസിദ്ധീകരണ സാധ്യതകള്‍ മൂലം സാഹിത്യം എഡിറ്ററെ ഒഴിഞ്ഞു പോവുകയാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലെ 'കൃഷ്ണാ കൃഷ്ണാ' എന്ന് തുടങ്ങുന്ന ഗാനത്തെയും വാഴയെന്ന സിനിമയെയും വിമർശിച്ച് സിനിമാഗാന നിരൂപകനായ ടി പി ശാസ്തമംഗലവും രംഗത്തെത്തി. എന്നാൽ ഈ വിമർശനങ്ങളെ സരസമായി തിരിച്ച് വിമർശിക്കുകയാണ് എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
"സാഹിത്യം മരിക്കുന്നു"
( എങ്ങനെ ?)
"സാഹിത്യത്തെ കൊല്ലുന്നു "
( ആര് ?)
വായന മരിക്കുന്നു .( എപ്പൊ ?)
നല്ല സാഹിത്യം വായിക്കപ്പെടുന്നില്ല (ആര് പറഞ്ഞു ? )
ചീത്ത സാഹിത്യത്തെ പ്രസാധകർ പ്രമോട്ട് ചെയ്യുന്നു ( കണക്കായിപ്പോയി )
പുതിയ എഴുത്തുകാർ സോഷ്യൽ മീഡിയയിലൂടെ സെൽഫ് പ്രമോഷൻ ചെയ്യുന്നു. (അതിനെന്താ പ്രശ്നം ? )
എല്ലാവരും എഴുതുകയാണ്
(അത് നല്ലതല്ലേ ? )
മാസം തോറും കൊട്ടക്കണക്കിന് പുസ്തകങ്ങൾ ഇറങ്ങുന്നു (ചാരായമല്ലല്ലോ ? )
ഇതൊക്കെയാണ് കുറച്ചു ദിവസങ്ങളായി എന്റെ അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന നിലവിളി ശബ്ദങ്ങൾ
(ബ്രാക്കറ്റിലുളളതല്ല ട്ടാ… )
ആദ്യമേ പറയട്ടെ .
നല്ല സാഹിത്യം .
ചീത്ത സാഹിത്യം .
നല്ല വായനക്കാർ
മോശം വായനക്കാർ .
തുടങ്ങിയ വേർതിരിവുകളൊക്കെ പരിഹാസ്യമാണ്. അതൊന്നും പുതിയ വാദങ്ങളുമല്ല. കാലങ്ങളുടെ പഴക്കമുണ്ട് അതിനൊക്കെ .
ഓരോരുത്തരും അവരവർക്ക് ഇഷ്ടപ്പെട്ടത് വായിക്കട്ടെ. അതിനെക്കുറിച്ച് പറയട്ടെ .എഴുതട്ടെ. എനിക്ക് ഇഷ്ടമുള്ള സാഹിത്യം നല്ലതും, എനിക്ക് ഇഷ്ടമില്ലാത്തതൊക്കെ ചീത്തയെന്നും പറയുന്ന കലാപരിപാടിയുടെ ഉയർന്ന രൂപം തന്നെയല്ലേ, ഏകാധിപത്യങ്ങളും മത വർഗീയതയും
കക്ഷി രാഷ്ട്രീയ കൊലവിളികളും.
തള്ളി മറിക്കുന്നത് കേട്ടാൽ തോന്നും ഇവരൊക്കെ അഞ്ചാം വയസ്സിൽ തന്നെ, ദസ്തയോവിസ്കിയേയും,
മിലൻ കുന്ദേരയെയും, ടോൾസ്റ്റോയിയേയും വായിച്ചവരാണെന്ന്. മൂന്നാം ക്ലാസിൽ എത്തുമ്പോഴേക്കും ലോകസാഹിത്യം മുഴുവൻ അരച്ച് കലക്കി കുടിച്ചവരാണെന്ന്.
ഇപ്പോൾ വായിക്കുന്ന തലമുറ എങ്ങനെ വായനയിലേക്ക് വരുന്നുവോ ,അങ്ങനെ തന്നെയാണ് പഴയ തലമുറയും വായനയിലേക്ക് വന്നത്. ( എഴുത്തിലേക്കും)
പക്ഷേ ഒരു വ്യത്യാസമുണ്ട്. അറിവ് നേടാനും വിനോദത്തിനും ആത്മപ്രകാശനത്തിനും, നൂറായിരം വഴികൾ ശാസ്ത്ര സാങ്കേതിക വിദ്യകൾ എമ്പാടും മുമ്പിൽ തുറന്നിട്ട കാലത്താണ് പുതിയ തലമുറ വായനയിലേക്ക് വരുന്നത്. അതിനവരെ സല്യൂട്ട് ചെയ്തില്ലെങ്കിലും പരിഹസിക്കരുത്.
പുസ്തകങ്ങളുടെ പെരുക്കത്തിൽ പെട്ട് നല്ല പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ല, അല്ലെങ്കിൽ വായിക്കപ്പെടില്ല എന്ന നിലവിളിയും വെറുതെയാണ്.
എങ്ങനെ വായിക്കണം? എന്ത് വായിക്കണം? എന്നതൊക്കെ തികച്ചും വായനക്കാരുടെ സ്വാതന്ത്ര്യമാണ്. വായിക്കപ്പെടുന്ന പുസ്തകങ്ങളെ പരിഹസിക്കുക. അത് എഴുതിയവരെ പൈങ്കിളിയാക്കി ചിത്രീകരിക്കുക. ലളിതമായി എഴുതുന്നത് സാഹിത്യമല്ലെന്ന തീർപ്പിലെത്തുക. എഴുതിയവനും വായിക്കുന്നവനും മനസ്സിലാവാത്ത ഗഹന, ഗാംഭീര്യ, ദർശനാദി കഷായങ്ങൾ
ഗംഭീര സാഹിത്യമാണെന്ന് ആവർത്തിച്ചുറപ്പിക്കുക. ഇതൊന്നും വില പോവുന്ന വാദങ്ങളല്ല
മുഹമ്മദ് അബ്ബാസ്
അത് വായനക്കാരെ ചെറുതാക്കി കാണലാണ്. എഴുത്തുകാരേക്കാൾ മികച്ചതാണ് വായനക്കാരുടെ വായനയും, സാഹിത്യ ബോധവും. എന്താണ് നല്ലതെന്ന് അവർക്കറിയാം (അല്ലെങ്കിൽ നല്ലതെന്ന് നിങ്ങൾ കരുതുന്നത് എന്താണെന്ന് അവർക്കറിയാം). കൈയിലെ പണം കൊടുത്ത് പുസ്തകങ്ങൾ വാങ്ങി, വിലപ്പെട്ട സമയവും ചിലവഴിച്ച് അത് വായിക്കുന്ന വായനക്കാരെ ഞാനടക്കമുള്ള എഴുത്തുകാർ ഇനിയെന്നാണ് സ്വതന്ത്ര വ്യക്തികളായി, ഒരുപക്ഷേ തങ്ങളെക്കാൾ ബോധവും സർഗാത്മകതയും ഉള്ളവരായി അംഗീകരിക്കാൻ പഠിക്കുക ?
സോഷ്യൽ മീഡിയയെ പരിഹസിക്കുന്നവർ , ഇത്തരം നിലവിളികൾ നടത്തുന്നതും അതേ സോഷ്യൽ മീഡിയയിലൂടെയാണ് എന്നത് വല്ലാത്ത കൗതുകം തന്നെയാണ്. എഫ്ബി യിലെ എഴുത്തുകളെ പുച്ഛിക്കുന്നവർ രാജശ്രീയുടെ കല്യാണിയേയും ദാക്ഷാണിയെയും ഓർക്കുന്നത് നല്ലതാണ്. (ആ നോവൽ ആദ്യം വെളിച്ചം കണ്ടത് എഫ്ബിയിലാണ് )
പുതിയ കാലത്തെ സാങ്കേതിക ഇടങ്ങളെ തങ്ങളുടെ ആത്മപ്രകാശനത്തിന് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ഒരു വിധത്തിലും താഴെയല്ല. സാഹിത്യത്തിൽ താഴെ തട്ടും മേലെ തട്ടുമില്ല. എഴുത്തുകാർക്ക് ലാപ്ടോപ്പിലും ഐ ഫോണിലുമൊക്കെ എഴുതാമെന്നും, വായനക്കാർ അത് കടലാസ് പുസ്തകങ്ങളായി തന്നെ വായിക്കണം എന്നൊക്കെയുള്ള മസിലു പിടുത്തവും നല്ലതല്ല.
എങ്ങനെ വായിക്കണം? എന്ത് വായിക്കണം? എന്നതൊക്കെ തികച്ചും വായനക്കാരുടെ സ്വാതന്ത്ര്യമാണ്. വായിക്കപ്പെടുന്ന പുസ്തകങ്ങളെ പരിഹസിക്കുക. അത് എഴുതിയവരെ പൈങ്കിളിയാക്കി ചിത്രീകരിക്കുക. ലളിതമായി എഴുതുന്നത് സാഹിത്യമല്ലെന്ന തീർപ്പിലെത്തുക. എഴുതിയവനും വായിക്കുന്നവനും മനസ്സിലാവാത്ത ഗഹന, ഗാംഭീര്യ, ദർശനാദി കഷായങ്ങൾ
ഗംഭീര സാഹിത്യമാണെന്ന് ആവർത്തിച്ചുറപ്പിക്കുക. ഇതൊന്നും വില പോവുന്ന വാദങ്ങളല്ല.
എഴുത്തുകാരുടെയും നിരൂപകരുടെയും സിംഹാസനങ്ങളെ വായനക്കാർ തകർത്തെറിയുന്ന കാലം അത്ര വിദൂരമല്ല. ഇപ്പഴേ അതിൻ്റെ കാലുകൾ ഒടിഞ്ഞു കഴിഞ്ഞു. എന്തിനും ഏതിനും കയറി അഭിപ്രായം പറയാൻ അധികാരമുള്ള സാംസ്കാരിക നായകർ എന്ന വിശേഷണവും എഴുത്തുകാർക്ക് വായനക്കാർ ഇനി അനുവദിച്ചു തരില്ല. ചൊവ്വയിൽ ജീവനുണ്ടോ എന്ന ചോദ്യത്തിനു പോലും എഴുത്തുകാർ ഉത്തരം പറയുന്ന ഉഡായിപ്പും ഇനി നടക്കില്ല.
കാരണം വായനക്കാർ എഴുത്തുകാരേക്കാൾ എല്ലാ അർത്ഥത്തിലും മുമ്പിലാണ്. (അവരുടെ ഒപ്പമെത്താൻ എഴുത്തുകാരാണ് എഴുത്തു ദൂരങ്ങൾ, എഴുതി താണ്ടേണ്ടത് ) തുടക്കത്തിൽ പറഞ്ഞ ആ നിലവിളി ശബ്ദങ്ങളുടെ അകമ്പടിയോടെ പോസ്റ്റിടുന്നവരുടെ വാളിൽ കയറി നോക്കിയാൽ അവർ ഒന്നിലധികം പുസ്തകങ്ങൾ എഴുതിയതായി കാണാം. അത് ഒന്നാം പതിപ്പിലോ രണ്ടാം പതിപ്പിലോ നിന്നു പോയതായും കാണാം. ( തീർച്ചയായും പതിപ്പുകളുടെ എണ്ണം മാത്രമല്ല എഴുത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നത് ) അത് വാങ്ങി വായിച്ചാൽ എന്തു കൊണ്ട് വായനക്കാർ ആ എഴുത്തുകാരെ സ്വീകരിച്ചില്ല എന്നതും ബോദ്ധ്യമാവും.
എഴുത്തുകാർ ഏതൊക്കെ ഈണത്തിൽ നിലവിളിച്ചാലും അതൊന്നും വായനക്കാരെ ബാധിക്കില്ല . അവർ അവരുടെ വായനയുമായി മുമ്പോട്ടു പോവും. വായിക്കുന്നവർ എല്ലാ കാലത്തും ഒരു ചെറു ന്യൂനപക്ഷമാണ്. അത് അന്നുമുണ്ട്. ഇന്നുമുണ്ട്. പറയാൻ ഇനിയും ഒരുപാടുണ്ടെങ്കിലും ഇവിടെ വെച്ചു നിർത്തുന്നു.
പ്രിയപ്പെട്ട വായനക്കാരേ….. നിങ്ങളാണ് രാജാവ്. നിങ്ങളാണ് ബലമുള്ള ചുമരുകൾ. നിങ്ങളുണ്ടെങ്കിലേ ഞാനടക്കമുള്ള എഴുത്തുകാർക്കും പ്രസാധകർക്കും നിരൂപകർക്കും അതിൽ ചിത്രങ്ങൾ വരയ്ക്കാൻ പറ്റുകയുള്ളൂ.
നന്ദി
നമസ്ക്കാരം.
Content Highlights: Muhammad Abbas against criticism against new writers and readers