ഞാൻ പതിയെ കണ്ണ് തുറന്നു. പുതപ്പുകൾ ചുളിയുന്നതിനൊക്കെ ഒരു മരം തകർന്നു വീഴുന്ന ശബ്ദം. ദീർഘ നിശ്വാസങ്ങൾക്ക് കൊടുംകാറ്റിന്റെയും. ഉറുമ്പുകൾ ഇഴയുന്നതും പഴയീച്ചകൾ വായതുറക്കുന്നതിന്റെയും ശബ്ദം വരെ മുഴങ്ങികേൾക്കുന്നു. എന്റെ കുഞ്ഞിതാ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി ആണെന്ന് അറിഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചിരുന്നു, ഇന്ന് രാത്രിയെങ്കിലും കുറെ നേരം ഉണർന്നിരിക്കണം. തലേന്ന് തുറന്ന പുസ്തകം പാതിവരെയെങ്കിലും വായിക്കണം എന്നൊക്കെ. രണ്ടു ദിവസം അവധിയാണ് എന്ന ചിന്തകൂടി വന്നപ്പോൾ എനിക്ക് ആവേശമായി.
കൈ ഞാൻ പതിയെ അവളുടെ തലക്കടിയിൽ നിന്നും വലിച്ചെടുത്തു. അവളൊന്നു ഞരങ്ങി. ഞാൻ പതുങ്ങി. താഴെ തെരുവിലൊരു കാറ് വന്നു നിൽക്കുന്നു. ഡിങ്കേശ്വരാ അവളിതാ ഉണരാൻ പോകുന്നു. ഗംഗ സണ്ണിയുടെ ഉറക്കം അളക്കും പോലെയല്ല. എനിക്കെന്റെ കുഞ്ഞിന്റെ ഉറക്കത്തെ പറ്റി കൃത്യമായറിയാം. കൈകൾ വലിച്ചെടുക്കുമ്പോൾ ഉണർന്നില്ലെങ്കിൽ അവൾ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരിക്കുന്നു എന്നാണ് അർത്ഥം. പിന്നെയും ഉറപ്പിക്കാൻ കോഡ് ഭാഷ ഉപയോഗിക്കാം. ഹെവൻ ഡു യു ലവ് മി ? ഇത്തിരി ഉറക്കം പിടിച്ചെങ്കിലും പാതിമയക്കത്തിൽ അവൾ യെച് എന്ന് പറയും.
ഞാൻ ഒന്നാം കാലെടുത്ത് തറയിൽ പെരുവിരല് കുത്തി. എന്റെ ഭാരത്തിനാനുപാതികമായൊരു കാറ്റ് മെത്ത ഉള്ളിലേക്ക് വലിച്ചെടുത്തു മൂരി നിവർന്നു. ഈ സമയത്ത് കരിയിലകൾക്ക് മീതെ കൂടി പാമ്പിഴയും പോലൊരു ശബ്ദം കേൾക്കാം. ഇല്ല അവളുണർന്നില്ല. ഇനി പേടിക്കാനില്ല അടുത്ത നാല് മണിക്കൂർ അവൾ ഉണരുകയില്ല. ഞാൻ പതിയെ രണ്ടാം കാലും കുത്തി നേരെ നിന്നു. വാതിലിന് നേരെ രണ്ടു വലിയ ചുവടുവച്ചാൽ വെളിയിലെത്താം. ഒന്ന്… രണ്ട്….രണ്ടാമത്തെ ചുവടു വച്ചപ്പോൾ മുറിയിലാകെ മുഴക്കമുണ്ടാക്കി ഒരു ഫോൺ മണിയടിക്കാൻ തുടങ്ങി. അവളുടെ കളിപ്പാട്ട ഫോണിലാണ് ഞാൻ കാല് കുത്തിയിരിക്കുന്നത്. അവളുണർന്നു. ഇടത്തെ കൈ വൈപ്പറുകൾ ഓടും പോലെ എന്റെ തലയിണയിൽ ഒന്ന് ഓടി. ഇല്ല അവളുടെ പ്രാണപ്രിയനായ തന്ത കട്ടിലിലില്ല!
ഹെവൻ കരച്ചില് തുടങ്ങിയപ്പോഴേക്കും ഞാൻ കട്ടിലിലേക്ക് അമർന്നു. ഇല്ലടാ അപ്പാ എങ്ങും പോയിട്ടില്ല. ഞാനവളുടെ ചൂടുള്ള കഴുത്തിൽ ഒരുമ്മകൊടുത്തു. കുഴപ്പമില്ല. അവൾ കരച്ചില് നിർത്തി. വീണ്ടും ഉറങ്ങാൻ തുടങ്ങി. ഞാൻ ശ്വാസം പോലും വേഗം കുറച്ച് അവളുടെ ഉറക്കത്തിനായി പതുങ്ങി. സെക്കൻഡ് സൂചികളുടെ ശബ്ദം അലോസരമാകും വിധം സാലിസ്ബറിയിലെ മറ്റ് വലിയ ശബ്ദങ്ങളൊക്കെ അടങ്ങിക്കഴിഞ്ഞു. കാതോർത്താൽ സ്റ്റേഷനിലൂടെ ചൂളം വിളിക്കുന്ന ട്രെയിനിന്റെ കടകടാരവം കാറ്റിനൊപ്പം അമർന്നു കേൾക്കാം. അനങ്ങരുത്. അൽപ്പ നേരം കൂടി. അവളിപ്പോ ഉറങ്ങും. ഞാൻ കാത്തു കിടന്നു.
എവിടെയോ കതകിന്റെ താക്കോൽ കുഴിയിൽ ഇരുമ്പ് തിരിയുന്ന ശബ്ദം. ശെടാ….കൊച്ചു പിന്നെയും ഉണരുമല്ലോ. ഞാൻ നോക്കിയപ്പോൾ ഹെവൻ വായും തുറന്നുറക്കമാണ്. അനങ്ങിയില്ല. ആഴത്തിലുറങ്ങുന്ന അവളെ നോക്കി ഞാൻ അടുക്കളയിൽ തുറന്നു വച്ച പോത്തിറച്ചിയെ പറ്റി ആലോചിച്ചു തുടങ്ങിയപ്പോഴാണ് മറ്റൊരു ശബ്ദം. ഷൂ റാക്കറ്റ് തുറക്കുകയും ഒരുജോഡി ഷൂ തട്ടുകളിൽ വെക്കുന്നതിന്റെയും ശബ്ദം. ഞാൻ പാതി ബോധത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്നു. ഇനി ഒരു ജാക്കറ്റ് ചുളിയുന്ന ശബ്ദം കേക്കും. അത് ഹാങ്ങറിൽ തൂക്കുമ്പോൾ കൂടെ കിടക്കുന്ന താക്കോൽ കൂട്ടങ്ങൾ ഇളകുന്നത് കേൾക്കും. പിന്നെ അടുക്കളയിൽ ഒരു ടിഫ്ഫിൻ ബോക്സ് ടക്ക് എന്ന് ചെന്നിരിക്കുന്നത് കേൾക്കും. അത് പ്ലാസ്റ്റിക്ക് ആണോ അതോ ഗ്ലാസ്സിന്റെയാണോ എന്നുപോലും എനിക്ക് തിരിച്ചറിയാം. ഡെന്നിച്ചാ… ചായ… എന്നൊരു നീട്ടിവിളി വരും മുന്നേ ഞാനെഴുന്നേൽക്കട്ടെ.
പണ്ട് പണ്ടൊരു കാലത്ത് രാവ് എന്നത് കുറഞ്ഞത് ഒരു പത്തു നാൽപ്പത് മണിക്കൂർ ഉണ്ടായിരുന്നു. രാത്രികളിൽ കുറ്റാക്കൂരിരുട്ടും, അവയിൽ പതുങ്ങി നിൽക്കുന്ന മാടനും മറുതകളും. ഇപ്പൊ കണ്ണടച്ചു തുറന്നാൽ പകലായി. കാലങ്ങൾക്കിടയിൽ ആരോ എന്റെ പാതിരാവുകളെ അൽപ്പാൽപ്പമായി മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു. മാടനും മറുതയും ഇനി ഞാൻ തന്നെ.