എഴുത്തു മരിക്കുന്നു, വായന മരിക്കുന്നു, എഴുത്തിനെ കൊല്ലുന്നു, വായനയെ കൊല്ലുന്നു…. കാലങ്ങളായി നാം കേൾക്കുന്ന സാഹിത്യ ലോകത്തെ ഏറ്റവും വലിയ ആശങ്കയാണിത്. സാങ്കേതിക വിദ്യയുടെ ആദ്യ പടികളിലൊന്നായ ടെലിവിഷനും കമ്പ്യൂട്ടറും വിപണിയിലെത്തിയപ്പോഴും ഇതേ ആശയക്കുഴപ്പം നമ്മൾ കേട്ടതാണ്. പിന്നാലെ സോഷ്യൽ മീഡിയയുടെ കുതിപ്പ് തുടർന്നപ്പോഴും ചർച്ച ഇതുതന്നെ, പുതിയ തലമുറ വായനയിൽ പിന്നിലാണെന്ന്.
എന്നാൽ പുസ്തകങ്ങളുടെയും വായനക്കാരുടെയും എണ്ണം ക്രമാതീതമായി കൂടുന്നതിനനുസരിച്ച് ഇത്തരം ചർച്ചകൾ കുറഞ്ഞിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സാഹിത്യത്തെക്കുറിച്ചും വായനക്കാരെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചയായുകയാണ്. എഴുത്തുകാരൻ എസ് ജോസഫിൻ്റെ, എഴുത്തുകളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും പരാമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. പിന്നാലെ എസ് ജോസഫിനെ പിന്തുണച്ചും തള്ളിയും പലരും രംഗത്തെത്തി. എസ് ജോസഫ് ദളിതനായതിനാൽ അദ്ദേഹത്തെ ആക്രമിക്കുകയാണെന്ന തരത്തിലുള്ള വാദങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പുതിയ കാലത്ത് സോഷ്യൽ മീഡിയയുടെ ആധിക്യം എല്ലാ മേഖലയെയും എന്ന പോലെ എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ടെന്നത് സത്യമാണ്. എഴുതാൻ താൽപര്യമുള്ളവർ അതിനെ മാധ്യമമാക്കിയും വായനക്കാർ എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന ഒരു ഇടമായി സോഷ്യൽ മീഡിയയെന്ന മാധ്യമത്തെ ആശ്രയിക്കുകയുമാണ്.
പണ്ട് മാസികകളിലൂടെ ഓരോ അധ്യായമായി വന്ന്, വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ പുസ്തകമായി പുറത്തിറക്കുന്ന പ്രവണതയുണ്ടായിരുന്നു. ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം, എസ് ഹരീഷിന്റെ മീശ, സാറാ ജോസഫിന്റെ ബുധിനി, കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ പ്രശസ്ത കൃതികളെല്ലാം ഇത്തരത്തിൽ പുസ്തക രൂപമായി മാറിയവയാണ്.
സമാന രീതിയിൽ ഇന്നത്തെ കാലത്തെ മാധ്യമമെമന്ന നിലയിൽ ഫേസ്ബുക്കിൽ പ്രശസ്തമായ കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ആർ രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ കതയെന്ന കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആദ്യം പുറം ലോകത്തെത്തിയത് ഫേസ്ബുക്കിലൂടെയാണ്. ഫേസ്ബുക്കിലെ ആരാധകരുടെ ബാഹുല്യമായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ മാതൃഭൂമിയെ പ്രോത്സാഹിപ്പിച്ചത്.
സമീപകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മറ്റൊരു പുസ്തകമായിരുന്നു അഖിൽ പി ധർമജന്റെ റാം കെയർ ഓഫ് ആനന്ദി. മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച, മാസങ്ങൾക്കുള്ളിൽ 47 പതിപ്പുകൾ വിറ്റു തീർന്ന മലയാള പുസ്തകമായി റാം കെയർ ഓഫ് ആനന്ദി മാറിയത് സോഷ്യൽ മീഡിയ വഴി ലഭിച്ച പ്രചാരണത്തിലൂടെ തന്നെയാണ്. നിരവധിപ്പേരാണ് പുസ്തകത്തെ സംബന്ധിച്ച റീലുകളും വീഡിയോകളും ഇറക്കി പുസ്തകം വായിക്കാത്തവർക്ക് പോലും വായിക്കാൻ പ്രചോദനം നൽകിയത്. ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്തവർ വായനയുടെ ലോകത്തേക്ക് പ്രവേശിച്ചത് ഈ നോവലിലൂടെയാണെന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്. പുതിയ പുസ്തക മാർക്കറ്റിങ് രീതിയായി പോലും ഇത് മാറി.
സോഷ്യൽ മീഡിയ വഴി വരുന്ന പുതിയ എഴുത്തുകളും അതിലൂടെ വർധിക്കുന്ന വായനക്കാരും പുതിയ കാലത്തെ വലിയൊരു മാതൃക തന്നെയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കുറിപ്പ് മാതൃകയിലുള്ള എഴുത്തുകളും വലിയ രീതിയിലാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. അത് ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടാം, അല്ലാത്തവർക്ക് തള്ളിക്കളയാം എന്ന രീതിയിൽ സമീപിക്കാവുന്ന തരത്തിലുള്ള ഒരു സ്വീകാര്യതയും ഇന്നത്തെ സമൂഹം നൽകുന്നു.
ലിറ്ററേച്ചർ ഫെസ്റ്റിവലുകളും വായനയെയും എഴുത്തുകളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് സമീപകാലം ഓർമപ്പെടുത്തുന്നത്. ഒരു കാലത്ത് ഡിസി ബുക്സ് നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്‍റ്റിവലും, മാതൃഭൂമി ഒരുക്കുന്ന ക ഫെസ്റ്റുമായിരുന്നു പ്രധാനപ്പെട്ട ലിറ്ററേച്ചർ ഫെസ്റ്റിവലെങ്കിൽ, ഇന്ന് കേരള സാഹിത്യ അക്കാദമിയും ഡിവൈഎഫ്ഐയും മറ്റും നടത്തുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ തുടങ്ങി സർവകലാശാലകളും കോളേജുകളും നടത്തുന്ന ലിറ്ററേച്ചർ ഫെസ്റ്റിവുകളും വായനയിലേക്ക് പുതു തലമുറയെ സ്വാധീനിക്കുന്നുവെന്നത് സത്യമാണ്.
ഈ പശ്ചാത്തലത്തിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചയെ കുറിച്ച് എഴുത്തുകാർക്ക് പറയാനുള്ളതന്താണെന്ന് നോക്കാം
പിഎഫ് മാത്യൂസ്
എസ് ജോസഫ് മാഷിൻറെ ഫേസ്ബുക്ക് കുറിപ്പുകൾ ചർച്ച ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ യോഗ്യതയില്ലാത്തവയാണെന്നാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം മികച്ച കവിയാണെങ്കിലും വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടിയിട്ടില്ല എന്നതും സത്യമാണ്. കൂടുതൽ ശ്രദ്ധ കിട്ടാനുള്ള വഴിയായിട്ടാകണം അദ്ദേഹവും സെൻസേഷണൽ ആകാനിടയുള്ള കുറിപ്പുകളെഴുതുന്നത്. ഇത്തവണ അത് ഫലിച്ചു എന്ന് മാത്രം. പുതിയ തലമുറയിലെ എഴുത്തുകാരും ശ്രദ്ധ കിട്ടാൻ വേണ്ടിത്തന്നെയാണ് അതു ചെയ്യുന്നത്. പലപ്പോഴും സീനിയർ എന്ന് പറയപ്പെടുന്ന എഴുത്തുകാർ പിന്നാലെ വരുന്നവരുടെ കൃതികളെ ശ്രദ്ധിക്കുകയോ അതിനെക്കുറിച്ച് എഴുതുകയോ ചെയ്യാറില്ല. ആ സാഹചര്യത്തിൽ അവർക്ക് വായനക്കാരുടെ ശ്രദ്ധ കിട്ടാൻ പലതും ചെയ്യേണ്ടിവരും. അവരുടെ ആ സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ് എൻറെ പക്ഷം. അത്രയ്ക്കൊക്കെ ജനാധിപത്യ ബോധം എഴുത്തുകാർക്ക് ഉണ്ടായിരിക്കണ്ടേ. ജോസഫ് മാഷിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലാത്ത കൊണ്ടാണ് എല്ലാവരും ആക്രമിക്കുന്നത് എന്നുള്ള ആരോപണം തീർച്ചയായും അതിവായനയാണ്. അദ്ദേഹം മലയാളത്തിലെ ഒന്നാന്തരം കവി തന്നെയാണ്. ആർക്കും അത് നിഷേധിക്കാനാവില്ല.
മുഹമ്മദ് അബ്ബാസ്
ഫേസ്ബുക്കിനെ പരിഹസിക്കുന്നവരോട് കല്യാണിയും ദാക്ഷാണിയുമെന്ന രണ്ട് സ്ത്രീകളുടെ കതയെന്ന ആർ രാജശ്രീയുടെ നോവലിനെക്കുറിച്ചാണ് പറയാനുള്ളത്. അതിന് അവാർഡും കിട്ടി. എവിടെ എഴുതുന്നുവെന്നതിലല്ല, എന്ത് എഴുതുന്നുവെന്നല്ലേ നമ്മൾ നോക്കേണ്ടത്. എഴുത്തുകാർക്ക് ലാപ്ടോപ്പിലും ഐ ഫോണിലും എഴുതാം. എന്നിട്ട് അച്ചടിപുസ്തകം തന്നെ വായിക്കണമെന്ന് എഴുത്തുകാരോട് മസില് പിടിക്കാൻ പറ്റുമോ. അതിലെന്തോ പൊരുത്തക്കേട് തോന്നുന്നില്ലേ.
ഫേസ്ബുക്കിലോ, ഇൻസ്റ്റയിലോ നന്നായി കവിത എഴുതുന്ന കുട്ടികളുണ്ട്. ഒരു പക്ഷേ ആനുകാലികങ്ങളിൽ വന്നതിനേക്കാൾ മികച്ചത്. ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവർ പറയുന്നു. എൻ്റെയൊക്കെ കാലത്ത് ഇത് സാധിക്കില്ലായിരുന്നു. ഞാനൊക്കെ ഒരു കഥയോ കവിതയോ അയച്ചാൽ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരും. പൊട്ടിച്ചു വായിക്കുക പോലുമില്ല. അവരെയും കുറ്റം പറയാനാകില്ല. അന്നത്തെ കാലത്ത് 100 കഥകളൊക്കെ ഒരുമിച്ച് വന്നാൽ എങ്ങനെ ഇതൊക്കെ വായിക്കും. മുതിർന്ന എഴുത്തുകാരിൽ വായിക്കപ്പെടാത്ത കുറച്ച് എഴുത്തുകാരുണ്ട്. എന്നോട് ചോദിച്ചാൽ അവർ കാലഹരണപ്പെട്ടുവെന്ന് തന്നെ പറയാം.
ഞാനൊരു പുസ്തകമെഴുതി, അത് വായിക്കുന്നില്ലെന്ന് കരുതി, വായനക്കാരെയോ സോഷ്യൽ മീഡിയയെ പ്രസാധകരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഞാനത് മാറ്റി മറ്റെന്തെങ്കിലുമൊക്കെ തിരയേണ്ടി വരും. ഇന്നയാളുകൾക്കേ എഴുതാൻ പാടുള്ളുവെന്ന ബോധം നമ്മുടെയുള്ളിലുണ്ട്. ഒരു കാലത്ത് ജാതി വാൽ കൂടെയുണ്ടെങ്കിൽ അതൊരു ബലമായിരുന്നു. ഇപ്പോൾ അത്തരം ഉഡായിപ്പുകളൊന്നും നടക്കില്ല. ഞാൻ തന്നെയാണ് ഫേസ്ബുക്കിൽ എൻ്റെ എഡിറ്റർ, ഞാൻ തന്നെയാണ് മാനേജർ, എനിക്ക് അത് വേണ്ടെന്ന് തോന്നിയാൽ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാം. എന്നെ തെറി വിളിക്കുന്നവരെ എനിക്ക് ബ്ലോക്ക് ചെയ്തിടാം. എല്ലാം സ്വാതന്ത്ര്യവും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്. കുട്ടികൾ ആത്മാവിഷ്കാരം നടത്തട്ടെ. ഇതുകണ്ട് മുതിർന്ന എഴുത്തുകാർ അസഹിഷ്ണരാകേണ്ട ആവശ്യമില്ല.
നമുക്കും എന്തിനെയും വിമർശിക്കാം. വിമർശനം ഒരു വഴിക്ക് നടക്കട്ടെ. പല കുട്ടികളും കവർ പ്രകാശിപ്പിക്കുമോയെന്ന് ചോദിക്കും. ഭാവിയിൽ അവരിലൊരു എംടിയുണ്ടോ, ബഷീറുണ്ടോ, ദസ്തയോവ്സ്കിയുണ്ടോയെന്നൊന്നും നമുക്ക് അറിയില്ല. എഴുത്തിൻ്റെ ലോകത്ത് വല്ലാത്ത കമ്പമുള്ള കുട്ടികളാണ് അവർ. പണ്ടത്തെ കാലത്തെ ആളുകൾക്ക് അങ്ങനൊരു ആനുകൂല്യം കിട്ടിയില്ലെന്ന് കരുതി ഇന്നത്തെ കാലത്ത് കിട്ടുമ്പോൾ അതിൽ അസഹിഷ്ണുത പെട്ടിട്ട് കാര്യമുണ്ടോ. അതിനെ അസഹിഷ്ണുതയായിട്ടാണ് ഞാൻ കാണുന്നത്. സോഷ്യൽ മീഡിയയിൽ കവർ പ്രകാശനം ചെയ്താൽ മലയാള സാഹിത്യത്തിന് വല്ലതും പറ്റുമോ. മലയാള സാഹിത്യം ഒലിച്ചു പോകുമോ. ഇല്ലെന്നാണ് എൻ്റെ വിശ്വാസം. മറ്റുള്ളവർക്ക് മറ്റ് അഭിപ്രായമുണ്ടാകും. അതാണല്ലോ ജനാധിപത്യം.
ഏതാണ് നല്ലത്, ഏതാണ് ചീത്തയെന്ന് കാലമാണ് തെളിയിക്കേണ്ടത്. ഇതിൽ ആർക്കാണ് അളവുകോൽ വെക്കാൻ സാധിക്കുക. ഓരോ പ്രായത്തിൽ ഓരോ മനുഷ്യൻ ഓരോന്ന് വായിക്കും. സാഹിത്യം എന്തോ വലിയ സംഭവമാണ്, എഴുത്തുകാർ അതിലും വലിയ ദൈവങ്ങളാണ്. അവരുടെ കാല് തൊട്ട് വന്ദിക്കുക. അങ്ങനെ പല പരിപാടികളുമുണ്ട് മലയാളിക്ക്. കാല് തൊട്ട് വന്ദിക്കേണ്ട ഒരു ആവശ്യവുമില്ല. ഒന്നാമത് എന്റെ കയ്യിലെ കാശ് കൊടുത്ത് വിലപ്പെട്ട സമയം ചെലവഴിച്ചാണ് ഞാൻ വായിക്കുന്നത്. അവിടെ ഞാനാണ് രാജാവ്. എന്നോട് ചോദിച്ചാൽ വായനക്കാരാണ് രാജാവ്. അവരില്ലെങ്കിൽ എഴുത്തുകാരില്ല, പ്രസാധകരില്ല, നിരൂപകരില്ല.
എഴുത്ത് ചിലരുടെ മാത്രം കള്ളിയാണ്, അവർക്ക് അവകാശപ്പെട്ടതാണ് എന്ന് വേർതിരിച്ചു വെച്ചിട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. പലരും പറയുന്നു ഭാഷയെ കൊലചെയ്യുന്നു, പെയിൻ്റുപണിക്കാരൻ എഴുതുന്നു, ചട്ടിയുണ്ടാക്കുന്നവൻ എഴുതുന്നു, കല്ലു ചുമക്കുന്നവൻ എഴുതുന്നു, എന്തുകൊണ്ട് എഴുതിക്കൂടാ. ഐഎസുകാരന് മാത്രം എഴുതിയാൽ മതിയോ, മ്പ്ര എന്ന് വിളിക്കപ്പെടുന്നവർ മാത്രം എഴുതിയാൽ മതിയോ. അങ്ങനെയൊന്നുമില്ല. ഭാഷ അറിയാവുന്ന വായനക്കാരെ പിടിച്ചിരുത്താൻ സാധിക്കുന്ന എല്ലാവരും എഴുതട്ടെ, അതിൽ അതിജീവിക്കുന്നവർ അതിജീവിക്കും. കടലെടുത്തു പോകേണ്ടത് കടലെടുത്ത് പോകും.
അഖിൽ പി ധർമജൻ
പുസ്തകം പബ്ലിഷ് ചെയ്യാത്തവർ പോലും അടിപൊളിയായി ഫേസ്ബുക്കിലെഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട്. എല്ലാവർക്കും പബ്ലിഷ് ചെയ്യാൻ പറ്റണമെന്നില്ല. പബ്ലിഷ് ചെയ്യാൻ പറ്റാത്തവരെ അപമാനിക്കേണ്ട ആവശ്യവുമില്ല. ഒരു കാലത്ത് അവരുടെ എഴുത്തും പബ്ലിഷ് ചെയ്യേണ്ടതാണ്. അതിന്റെ മീഡിയം താരതമ്യം ചെയ്യേണ്ടതില്ല. എഴുത്തിന്റെ ഗുണം മാത്രം നോക്കിയാൽ മതി. അല്ലാതെ സോഷ്യൽ മീഡിയയിൽ എഴുതുന്നുവരെ താഴ്ത്തിക്കെട്ടുകയും പുസ്തകം പബ്ലിഷ് ചെയ്തവരെ ഉയർത്തിക്കാട്ടുകയും ചെയ്യേണ്ട ആവശ്യമില്ല. ഇപ്പോൾ ആർക്ക് വേണമെങ്കിലും അമ്പതോ നൂറോ കോപ്പി അച്ചടിക്കാം. അതുകൊണ്ട് മീഡിയം ഏതായാലും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല. ഇൻസ്റ്റാഗ്രാമിൽ അടിപൊളിയായി എഴുതുന്ന ആളുകളുണ്ട്. ആളുകളിലേക്ക് എങ്ങനെ എത്തിക്കുന്നുവെന്ന് നോക്കിയാൽ മതി. അല്ലാതെ പുസ്തകം പബ്ലിഷ് ചെയ്തവർ മാത്രമല്ല, സോഷ്യൽ മീഡിയയിൽ എഴുതുന്നവരും എഴുത്തുകാരാണ്.
ആഘോഷിക്കപ്പെടുന്നത് ആഘോഷിക്കപ്പെടട്ടേ. ആഘോഷിക്കപ്പെടുന്നുവെന്ന് കരുതി മറ്റുള്ളവർ തടസം നിൽക്കേണ്ട കാര്യമില്ലല്ലോ. അത് ആഘോഷിക്കേണ്ടെന്ന് തോന്നാത്തവർ ആഘോഷിക്കണ്ട. എഴുത്തുകാരാണെങ്കിലും അഭിനേതാക്കളാണെങ്കിലും ഗായകരും എഴുത്തുകാരും എക്കാലത്തും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയിലെ ആളുകളോട് മാത്രം അങ്ങനെ ചെയ്യരുതെന്ന് പറയാൻ ആർക്കും അവകാശമില്ല. പ്രശ്നമുണ്ടാക്കുന്നവർ പ്രശ്നമുണ്ടാക്കി കൊണ്ടേയിരിക്കും. നമ്മൾ അവരുടെയൊക്കെ വായ് അടപ്പിക്കാൻ നിന്നിട്ടുണ്ടെങ്കിൽ നമ്മുടെ സമയമേ പോകുകയുള്ളു. എഴുത്ത് ഇഷ്ടപ്പെടുന്നവർ ആഘോഷിക്കട്ടെ. അത് സന്തോഷം മാത്രം. എഴുത്തുകാരേക്കാൾ പുസ്തകങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. പുസ്തകങ്ങൾ ആഘോഷിക്കപ്പെട്ടാലേ മറ്റുള്ളവരിലേക്ക് വായന എത്തുകയുള്ളു. ആ ഒരു വായന വ്യക്തിയിലേക്ക് ഒതുങ്ങുന്നതിനേക്കാൾ നല്ലത് പുസ്തകം ആഘോഷിക്കപ്പെടുമ്പോൾ അടുത്ത പുസ്തകത്തിലേക്ക് ആളുകൾ എത്തിച്ചേരും. ഇപ്പോൾ ഞാനാണെങ്കിലും മറ്റ് എഴുത്തുകാരാണെങ്കിലും പുസ്തകങ്ങൾ ആഘോഷിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.
നിമ്ന വിജയ്
സോഷ്യൽ മീഡിയയുടെ ഈ കാലത്ത് എഴുത്തുകൾ കൂടുതലും ജനകീയമാകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ തലമുറ വായിക്കുന്നില്ല, അവർക്ക് വായനയോടുള്ള താൽപര്യം പോകുന്നുവെന്നാണ് ഇത്രയും കാലം ആളുകൾ പറഞ്ഞത്. എനിക്ക് തോന്നുന്നു ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ പുതിയ ഒരുപാട് പേർ വായനയിലേക്ക് കടന്നു വന്നിട്ടുണ്ട്. സെലക്ടീവായിട്ട് വായിക്കേണ്ട അവസരം അവർക്കുണ്ട്. പുസ്തക രൂപത്തിൽ മാത്രമല്ലാതെ വായിക്കാൻ പറ്റുന്ന അവസരമുണ്ട്. അങ്ങനെ വായന സജീവമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എല്ലാവർക്കും അവർക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. എഴുത്ത് ഒരാളിലും ഒതുങ്ങി നിൽക്കുന്നതല്ല, എഴുതാനറിയാവുന്ന എല്ലാവർക്കും എഴുതാനുള്ള അവസരം ലഭിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇത് വായിക്കുമോ , വായിക്കാതിരിക്കുമോയെന്നത് വായനക്കാരിൽ നിൽക്കുന്ന കാര്യമാണ്. അതിന് ഇടമുള്ള സാഹചര്യമിപ്പോഴുണ്ട്. കല പുറത്ത് വരാനുള്ള അവസരം ലഭിക്കുന്നത് പോസിറ്റീവായ കാര്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. പണ്ട്, എത്രയോ വർഷം മുമ്പ് വരെ ആളുകൾ പറഞ്ഞത് എഴുത്തു മരിക്കുന്നു, വായന മരിക്കുന്നുവെന്നായിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എഴുത്തും വായനയും സജീവമായിട്ടുണ്ടെങ്കിൽ എഴുത്തും വായനയുമെല്ലാം കാലത്തെ അതിജീവിക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നുന്നത്.
പണ്ട് കമ്പ്യൂട്ടർ വന്ന് കഴിഞ്ഞാൽ എല്ലാം നശിച്ചു പോകുമെന്ന് പറഞ്ഞ കാലമുണ്ടായിരുന്നു. അതിൽ നിന്നും മാറി അതിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തി മുന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്. പണ്ട് മാസികകൾ മാത്രം വായിച്ച് പുതിയ സൃഷ്ടി വന്നുവെന്ന് അറിയുന്നതിൽ നിന്ന് ഇന്ന് സോഷ്യൽ മീഡിയ എല്ലാവർക്കും വിരൽത്തുമ്പിൽ ലഭിക്കുന്ന സമയത്ത് നമുക്ക് നമ്മുടെ പുസ്തകം ആളുകളിൽ ജനകീയമാക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഒരു പ്രശ്നവും തോന്നുന്നില്ല. പണ്ടത്തെ മാർക്കറ്റിങ് രീതിയല്ലല്ലോ ഇന്ന് നോക്കുന്നത്. പണ്ട് സിനിമാ പോസ്റ്ററുകൾ ബസുകളിലും ചുമരുകളിലും ഒട്ടിച്ച് പ്രൊമോഷൻ നടത്തിയ കാലമായിരുന്നു. ഇന്ന് ഒരു സിനിമയുടെ എല്ലാ മാർക്കറ്റിങ്ങും സോഷ്യൽ മീഡിയയിലും ടിവികളിലുമാണ്. ഇത്തരമൊരു മാറ്റം എഴുത്തിലും സ്വീകരിക്കുന്നതിന് പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു ചിന്തയിൽ വായനയും എഴുത്തും എല്ലാ കാലത്തും ജീവിക്കും. ഒരുപാട് പേർ വായനയിലേക്കും എഴുത്തിലേക്കും വരുന്നത് വായനയെ കുറച്ച് കൂടി സ്ട്രോങ്ങാക്കുമെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.
Content Highlights: Social media discussions about Malayalam Literature