അന്ന് ആ ഒച്ചിന്റെ ജാതകമെഴുതിയ ജ്യോൽസ്യൻ പറഞ്ഞു. ദൂരെ ഇന്ത്യയിൽ നിന്നൊരു മനുഷ്യൻ വരും. അയാളാൽ ഇവൻ കൊല്ലപ്പെടും. രാത്രിയെങ്കിലും സൂര്യവെളിച്ചം ഭൂമി വിട്ടു പോയിട്ടുണ്ടാവില്ല. ഈ മലമുകളിലൊരു വണ്ടി വരും. ഇവനതിന്റെ തുമ്പിക്കൈയ്യിൽ കയറുന്ന നിമിഷം ആ മനുഷ്യൻ കൃത്യം ഇവനെ കൊന്നിരിക്കും. സ്കോട്ട്ലണ്ടിലെ ഗ്ലെൻകോ മലമുകളിലെ ഒച്ചിന്റെ അപ്പനും അമ്മയും അത് കേട്ട് ചിരിച്ചു. ഭൂമിയുടെ മറ്റൊരു കോണിൽ നിന്ന് ഇവനെക്കൊല്ലാൻ ഒരു മനുഷ്യൻ വരുമത്രെ. അവൻ തുമ്പിക്കൈ കയറുന്ന നിമിഷം കൃത്യമായി അയാളും ഇവിടെ എത്തുമെന്ന്. ജാതകത്തിലൊന്നും പണ്ടേ വിശ്വാസമില്ലാത്ത തന്തയോച്ച് നേരെ പിന്നിലേക്ക് വലിഞ്ഞു വീട്ടിൽ കയറി.
ഒരു നദിയുണ്ടാകുന്നതെങ്ങനെയെന്നു കുന്നിന്റെ മുകളിലേക്ക് നടക്കുമ്പോൾ ഞാൻ കണ്ടറിഞ്ഞു. പുല്ലിലേക്ക് വീഴുന്ന മഞ്ഞുതുള്ളികളൊക്കെ കൂടി ഒരായിരം മുലക്കണ്ണുകളിലൂടെ കിനിഞ്ഞിറങ്ങി ഒരു ചെളിക്കുണ്ട്, അതിൽ നിന്നൊരു ദുർബലമായ നീരൊഴുക്ക്, അതൊക്കെ ചേർന്ന് മലകൾക്കിടയിലൊരു കുഞ്ഞു ചോല. ഒരു കുമ്പിൾ കോരിയെടുത്തപ്പോൾ എന്റെ രോമക്കുത്തുകളിൽ നിന്നെല്ലാം കുളിരിന്റെ സൂചിത്തുമ്പുകൾ തുളുമ്പി വന്നു.
മുകളിൽ നിന്നൊരു മനുഷ്യൻ ഊന്നുവടികളൂന്നി താഴേക്കിറങ്ങി വരുന്നുണ്ട്. എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നത്? എന്ന്. നിങ്ങളെ ഈ മലകയറ്റത്തിന് പ്രേരിപ്പിച്ച വികാരമെന്ത് എന്ന്. ഒറ്റവഴിയിലെ ഉരുളൻ കല്ലുകൾ ഒഴിഞ്ഞൊരിടത്തേക്ക് അയാൾക്ക് വഴിയൊരുക്കി ഞാൻ മാറി നിന്നു. അൻപതിലേറെ പ്രായമുണ്ടെന്ന് ഞാൻ കരുതുന്നു. അയാളുടെ കാലൊന്നിടറി. പക്ഷേ വീഴും മുന്നേ ആ വടികളിൽ കുത്തി അയാൾ സന്തുലനം വീണ്ടെടുത്തു. ഒരു ഹായ് പറഞ്ഞ് മനുഷ്യൻ താഴേക്ക് നടന്നു.
കാറ്റ് തന്റെ മാളികയിലേക്ക് കടന്നുകയറുന്നൊരുവനെ സകല കരുത്തും കൊണ്ട് പ്രതിരോധിച്ചപ്പോൾ എന്റെ തൊപ്പി പുല്ലുകൾക്കിടയിൽ പോയി വീണു. ഒരു കുന്തമുനപോലെയല്ല ഈ മലയുടെ മുകൾവശം. മറിച്ചൊരു കുട്ടകം കമിഴ്ത്തിയത് പോലെയാണ്. അതുകൊണ്ട് തന്നെ ഓരോ ചുവടു വെക്കുമ്പോഴും കാണപ്പെടുന്ന അതിരിനപ്പുറം ഇപ്പോഴൊരു ചെങ്കുത്തായ കുഴി വരുമെന്ന് കരുതിയപ്പോഴൊക്കെ കുന്ന് വീണ്ടും മുകളിലേക്ക് ബാക്കി കിടന്നു. കേബിൾ ചെയറുകളുടെ തൂണുകൾക്ക് വേണ്ടി പണിതിട്ട് പാതിയിൽ ഉപേക്ഷിച്ചൊരു തറ പുല്ലുകൾക്കിടയിൽ തെളിഞ്ഞു നിന്നിടത്ത് അൽപ്പ സമയം ഞാൻ വിശ്രമിക്കാൻ നിന്നു. താഴെ എനിക്കിപ്പോൾ ആ റെസ്റ്റോറന്റും കുടിലുകളും കാണാം. അതിലൊന്നിൽ എന്റെ പിള്ളേരുറങ്ങുന്നു.
മൂന്ന് പേരുടെ സംഘമൊരെണ്ണം കുന്നിനു നേരെയുള്ള പാലം കയറി വരുന്നു. തനിക്ക് ഇരിപ്പിടം കിട്ടിക്കഴിഞ്ഞാൽ ഇനി ആരെയും ഇറക്കാൻ ബസ്സ് നിൽക്കരുതെന്നു ആഗ്രഹിക്കും പോലെ ഞാൻ ആ മനുഷ്യർ മടങ്ങിപോകണമെന്നാഗ്രഹിച്ചു. അവരെത്തും മുന്നേ അൽപ്പം കൂടി ദൂരെയെത്താനായി ഞാൻ മുകളിലേക്ക് ആഞ്ഞു നടന്നു. പുല്ലിനിടയിൽ കറുകറുത്ത ഒച്ചുകളുടെ ശ്ലേഷ്മമായ ദേഹം അപ്പോഴും ബാക്കി നിൽക്കുന്ന സൂര്യപ്രകാശമേറ്റു തിളങ്ങുന്നു. അതെ,അപ്പോഴും സൂര്യപ്രകാശമുണ്ടായിരുന്നു. ഭൂമിയുടെ മറ്റൊരു ഭാഗത്ത് മഴപെയ്യുന്നു. ഞാൻ നിൽക്കുന്നിടത്തെ വെയില് മാത്രമല്ല നിങ്ങൾ നിൽക്കുന്നിടത്തെ വെയില് കൂടിയാണ് സത്യം.
എയർ പ്ലൈൻ മോഡിൽ നിന്നും ഫോൺ മാറ്റി ഞാൻ ഷൈജക്ക് മെസ്സേജ് അയച്ചു. ഷൈജേ ഫോണിപ്പോ ഓഫ് ആകും. വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ ഭയക്കരുത്. ഞാനൊരു മലയുടെ തുമ്പത്തും കയറി താഴെ വീഴുകയില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ മരിക്കാതിരുന്നോളാം. സമയം ഒൻപതു മണിയായി, ഞാൻ പാതിയിൽ എത്തിയതേയുള്ളു. അപ്പോൾ നിനക്ക് ഊഹിക്കാം കുറച്ചു സമയം കൂടി ചെലവഴിച്ചു ഞാൻ താഴെ എത്താൻ എത്ര നേരമെടുക്കുമെന്ന്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഷൈജ ഈ മെസ്സേജുകളൊക്കെ പൊലീസുകാരെ കാണിക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചു നോക്കി.
ഒരു പതിനഞ്ചു ചുവടുകൂടി മുകളിലേക്ക് കയറിയപ്പോൾ സമതലം കാണാറായി. അവിടെ കേബിൾ ചെയറിൽ നിന്നും ആളുകളെ ഇറക്കാനും കയറ്റാനുമുള്ളൊരു സ്റ്റേഷൻ. അവിടെ നിന്നും പിന്നിലേക്ക് ഉയരമുള്ള മറ്റൊരു മലമുകളിലേക്കും കേബിൾ ചെയറുകൾ സ്ഥാപിക്കാനുള്ള പണി നടക്കുന്നു. നിലവിൽ അത് പ്രവർത്തനസജ്ജമല്ല. എസ്കവേറ്ററുകളും ലോറികളും വിശ്രമിക്കുന്നു. ഞാൻ നടന്നു കയറിയ വഴിയുടെ വലതു വശത്തായി ചെങ്കുത്തായ വഴി വളഞ്ഞു പുളഞ്ഞു കിടപ്പുണ്ട്. അതുവഴിയാവണം അവയൊക്കെ കയറി വന്നത്. പ്രാഗല്ഭ്യമില്ലാത്തൊരു ഡ്രൈവർ അതുവഴി വണ്ടിയോടിച്ചാൽ അപകടം ഉറപ്പാണ്. തുടക്കത്തിൽ അതുവഴി നടന്നു കയറാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും ചരല് വിതറിയ വഴിയിൽ പലവട്ടം കാല് തെന്നിയതു കൊണ്ട് കല്ലിട്ട ഒറ്റയടിപ്പാത തിരഞ്ഞെടുക്കുകയായിരുന്നു. ബുൾഡോസറിന്റെ കൈയിലേക്ക് ഞാൻ കാലെടുത്തു വച്ചപ്പോൾ മുട്ടത്തോട് പൊടിയും പോലൊരു ശബ്ദം കേട്ടു. ഞാനിന്ന് താഴെ തളർന്നുറങ്ങിയെങ്കിൽ അല്പകാലം കൂടി ജീവിക്കുമായിരുന്നൊരു ഹതഭാഗ്യനായ ഒച്ച്!
പുല്ലിൽ നിന്നും പലനിറമുള്ള കാട്ടുപൂക്കൾ. ചതുരത്തിൽ മണ്ണെടുത്തുണ്ടാക്കിയ കുളത്തിലെ വെള്ളത്തിൽ കാറ്റടിച്ച് ചെറിയ സമുദ്രതീരമാലകളുണ്ടായി. ചെറുപ്പക്കാരുടെ കൂട്ടം മലകയറ്റം തുടരാതെ തിരികെ പോയിക്കഴിഞ്ഞിരുന്നു. എനിക്ക് സന്തോഷം തോന്നി. ഈ കുന്നില്, ഈ വിജനതയിൽ ഇതാ ഞാൻ മാത്രം. പണിക്കാർക്ക് സാധനം വെക്കാൻ വേണ്ടി കെട്ടിയ പച്ച നിറമുള്ള ആസ്ബറ്റോസ് മുറികളുടെ ചില്ല് വാതിലിലൂടെ ഞാൻ കൈകൾ പൊത്തി ചൂഴ്ന്നു നോക്കി. ആരുമില്ല. അവിടെ കിടന്നൊരു കല്ലെടുത്തു ഞാൻ പാറക്കൂട്ടങ്ങൾക്കിടയിലെ നീരൊഴുക്കിലേക്കെറിഞ്ഞു. കല്ലുകളിൽ പല ശബ്ദങ്ങളുണ്ടാക്കി അതൊരു കുഞ്ഞു വെള്ളച്ചാട്ടത്തിനടിയിൽ പോയി വീണു.
എനിക്കിപ്പോൾ ഒരു ഹൃദയസ്തംഭനം ഉണ്ടായാൽ എന്നാ ചെയ്യും? എന്നെ സഹായിക്കാനും രക്ഷപ്പെടുത്താനും ആരുമില്ല. ഞാനെന്റെ ഹൃദയത്തോട് ഹൈഫൈവ് പറഞ്ഞു. ഒന്നേകാൽ മണിക്കൂറെടുത്തു ഇവിടെ വരെ നടന്നെത്താൻ. തിരിച്ചു പോകാൻ ഒരു മണിക്കൂറെങ്കിലും വേണ്ടിവരുമായിരിക്കും. പിന്നിൽ വീണ്ടും ബാക്കി കിടക്കുന്ന മലയുടെ മുകൾഭാഗം ആകാശം തൊട്ടിരുന്ന മേഘങ്ങളാൽ മറഞ്ഞിരുന്നത് കൊണ്ട് എനിക്കതിന്റെ ഉയരത്തെ പറ്റി ഒരു ധാരണ കിട്ടിയില്ല. അതുകൊണ്ട് അങ്ങോട്ട് നടക്കേണ്ടെന്നു വച്ചു.
പെട്ടന്ന് ഞാൻ നിൽക്കുന്ന കെട്ടിടത്തിന്റെ പിന്നിലായി കാലൊച്ച കേട്ടു. ഉള്ളൊന്നു കാളി,ഭയന്നു. അൽപ്പം മുന്നേ ഈ കൊച്ചു മുറി ചുറ്റിനടന്നപ്പോഴും അവിടെയെങ്ങും ഒരാളുണ്ടായിരുന്നില്ല. എനിക്കുറപ്പാണ്. കരുതലോടെ ഞാൻ അവിടേക്ക് നടന്നു. കാറ്റിന്റെ ഹുങ്കാരം കൂടുതൽ ഉച്ചത്തിലാണിപ്പോൾ. മെല്ലെ മറുവശത്തെത്തിയപ്പോൾ അതാ ഒരു മാൻ എനിക്ക് പുറം തിരിഞ്ഞു നിന്ന് മേയുന്നു. അവിടെകിടന്നൊരു തടിപ്പലകയിൽ അത് ചവുട്ടിയപ്പോൾ കേട്ടതാണ് നേരത്തെ കേട്ട ശബ്ദം. ശ്വാസം അടക്കി വച്ച് ഞാനതിന്റെ കുറച്ചു ചിത്രങ്ങൾ പകർത്തി. ഈ നേരത്ത് പതിവ് വച്ചൊരു മനുഷ്യനെ ആ ജീവി അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാറ്റെന്നെ ഒറ്റികൊടുത്തപ്പോൾ ആ മാൻ ശരവേഗത്തിൽ മലയുടെ മറവിലേക്കോടി. ഇടക്കൊന്നു തിരിഞ്ഞു നോക്കി. ഞാൻ അനങ്ങിയില്ല. അത് പോയ ദിക്കിലെ കാഴ്ച്ചകൾ കൂടി കാണാൻ തോന്നിയ പ്രലോഭനം അടക്കാനാവാതെ ഞാൻ അങ്ങോട്ടേക്ക് നടന്നു. ഉറപ്പ് അത് കൂടി കണ്ടാൽ ഞാൻ തിരിച്ചിറങ്ങും. ആ ഭാഗമെത്തിയപ്പോൾ മറുവശത്തു വീണ്ടും മറ്റൊരു ഭീമൻ മല എന്നെ പുച്ഛിക്കും പോലെ വിരിഞ്ഞു നിൽക്കുന്നു.
ഞാൻ നടപ്പു നിർത്തി. പുല്ലുകൾക്കിടയിലെ നനവ് കുറഞ്ഞൊരു പാറയിലിരുന്നു. ദൂരെ നിലമ്പൂർ തേക്കിലൂടെ ഒരു വെളുത്ത കാറ് ഇഴഞ്ഞു പോകുന്നു. എണ്ണിയാലൊടുങ്ങാത്ത ജലാശയങ്ങൾ താഴ്‌വാരം മുഴുവനും ചിതറിക്കിടക്കുന്നു. എന്റെ കൈയെത്തും ദൂരത്തെ മഞ്ഞിന്റെ പാളികൾ ആ വെയിൽ തിളക്കത്തിലേക്കു യാത്ര ചെയ്യുകയാണ്. ഒരു തുള്ളിയുടെ യാത്രാപഥമോർത്ത് എനിക്ക് ആശ്ചര്യം തോന്നി. നോക്കി നിൽക്കെ മേഘമിറങ്ങി കാഴ്ച്ച മറഞ്ഞു.
15 മിനിറ്റ് മഞ്ഞുമഴ നനഞ്ഞു ഞാനവിടെയിരുന്നു. കാറ്റ് എന്നെ ചുരുക്കിക്കളഞ്ഞു. ചിലരുടെ കണ്ണിൽ ഞാൻ മലകയറാൻ വന്നൊരു കേമനായ സഞ്ചാരിയാണ്. മറ്റുചിലരുടെ കണ്ണിൽ ഒച്ചിനെ കൊല്ലാൻ വന്ന കാലത്തിന്റെയൊരു കരു. ഇനിയും പലരുടെയും കാഴ്ച്ചയും കാഴ്ചപ്പാടുകളും ആകാൻ പോകുന്ന ഞാൻ ഭൂമിക്ക് നേരെ കണ്ണുകളടച്ചു. എനിക്ക് പിന്നിൽ ഒരുകൂട്ടം ദൈവങ്ങൾ മേഘമലയിറങ്ങി വരുന്നു. അവരെക്കണ്ടുവെന്ന കാരണത്തിന്റെ പേരിൽ അവരെന്നെ കൊല്ലാൻ തീരുമാനിക്കുന്നു. ദൈവങ്ങൾക്ക് മനസിന് വിശാലത വേണമെന്ന് കൂട്ടത്തിലൊരു കുഞ്ഞു ദൈവം അവരെ തടയുന്നു.
എനിക്കിനിയും മലകയറണം. നടന്നും അണച്ചും വഴിയിലെ കാട്ടുചോലകൾക്ക് കൈകൊടുത്തും. അത് ഭൂമിയിലെ ഏറ്റവും വലിയ പർവ്വതത്തിലേക്കു വേണമെന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചതും അതേ നിമിഷത്തിലാണ്. ഞാൻ പറഞ്ഞില്ലേ മഞ്ഞുത്തുള്ളികൾ എങ്ങനെയാണ് ഒരു വലിയ സ്വപ്നത്തിന്റെ നദിയാകുന്നതെന്ന് എനിക്കിപ്പോൾ അറിയാം.
എവറസ്റ്റ്, നിന്റെ നെറുകയിൽ കാൽവക്കണമെന്നുള്ള അതിമോഹമില്ല, പക്ഷേ ആ പൊക്കിൾകുഴിയിൽ ഒരിക്കൽ ഞാനുമ്മവെക്കും.