‘‘എന്റെ സത്യസന്ധത ചോദ്യം ചെയ്താൽ അതു സമൂഹത്തെ ബോധ്യപ്പെടുത്താൻ എനിക്കു വേറെ വഴികളില്ലല്ലോ.’’
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം തനിക്കെതിരെ ഉന്നയിച്ചയാൾക്കെതിരെ കോടതി കയറേണ്ടിവന്നതിനെക്കുറിച്ച് എം ടി വാസുദേവൻ നായരുടെ മറുപടി അതായിരുന്നു.
കാർക്കശ്യക്കാരനും കടുപ്പക്കാരനുമായ എംടിയാണ് കേട്ടറിഞ്ഞ കഥകളിലധികവും ഉള്ളത്. അടുത്തിരുന്നാൽ പോലും സംസാരിക്കാൻ ഭയമാണെന്നൊക്കെ ആളുകൾ പലയാവർത്തി പറഞ്ഞുകേട്ടിട്ടുമുണ്ട്. പക്ഷേ, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്തല്ല നമ്മൾ ജീവിക്കേണ്ടത്, പെരുമാറേണ്ടത് എന്ന നിലപാടായിരുന്നു ആ കാർക്കശ്യമെന്ന് പിന്നീട് പലരും തിരുത്തിപ്പറയുന്നതും കണ്ടിട്ടുണ്ട്. ആരാധകവൃന്ദത്തിനു നടുവിൽ ചിരിച്ചുകളിപറയുന്ന ഒരാളായിരുന്നില്ല എംടി, ആൾക്കൂട്ട ആരാധനയിൽ അദ്ദേഹം ഭ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. പുകഴ്ത്താൻ വേണ്ടി മാത്രം അടുത്തുകൂടുന്നവരെ എം ടി എപ്പോഴും കൈയ്യകലത്തിൽ മാത്രം നിർത്തി. പറഞ്ഞുതുടങ്ങുമ്പോൾ തന്നെ അടുത്ത വരിയിലേക്ക് കടക്കാൻ സമ്മതിക്കാതെ അദ്ദേഹം അവരെ അതിവിദഗ്ധമായി ഒഴിവാക്കി. എന്നോടിത് പറയേണ്ട, വേറെവിടെയും എന്നെപ്പറ്റി പറയണമെന്നുമില്ല എന്നായിരുന്നു അത്തരക്കാരോടുള്ള എംടിയുടെ നിലപാടെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയും. ഈ നിർബന്ധമാണ് കാർക്കശ്യക്കാരനായ എം ടി എന്ന പ്രതിഛായക്ക് കാരണമായത്.
തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചവരോട് പോലും എം ടി മൗനം പാലിച്ചു. അവരെപ്പറ്റി മോശമായി എന്തെങ്കിലും പറയാനോ അവർക്കായി മറുപടി പറയാനോ അദ്ദേഹം മെനക്കെട്ടില്ല. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും അതുകൊണ്ടു തന്നെ ഇതൊന്നും മറുപടി അർഹിക്കുന്നതല്ലെന്നും അദ്ദേഹം കരുതി. എന്തിനാണ് ചെണ്ടപ്പുറത്ത് വീഴുന്ന ശബ്ദങ്ങളോടൊക്കെ പ്രതികരിക്കാന്‍ നില്‍ക്കുന്നത്? ആരെന്തുപറഞ്ഞാലും നിങ്ങളെന്താണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്ന് അദ്ദേഹം പറഞ്ഞതായി ശ്രീകുമാരൻ തമ്പി ഓർത്തെടുക്കുന്നു.
'എം ടിയുമായി ഒരുപാട് കാലത്തെ പരിചയമാണുള്ളത്. എന്നെക്കുറിച്ച് ആരെന്തുപറഞ്ഞാലും ശക്തമായി പ്രതികരിക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, എന്തിനാണ് ചെണ്ടപ്പുറത്ത് വീഴുന്ന ശബ്ദങ്ങളോടൊക്കെ പ്രതികരിക്കാന്‍ നില്‍ക്കുന്നത്? ആരെന്തുപറഞ്ഞാലും നിങ്ങളെന്താണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്ന് അദ്ദേഹം എന്നോടുപറഞ്ഞു. അദ്ദേഹം ആരോടും മറുപടി പറയില്ലായിരുന്നു. ആരൊക്കെ വിമര്‍ശിച്ചാലും ഒരക്ഷരം മറുത്ത് പറയില്ലായിരുന്നു. താന്‍ ആരാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ചുരുക്കമായി സംസാരിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമേ പറയുകയുള്ളൂ. ദീര്‍ഘസംഭാഷണങ്ങള്‍ ഉണ്ടാവാറില്ല. അതുപോലെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. സംസാരം വളരെ കുറച്ചുമാത്രമേയുള്ളൂ. ശ്രീകുമാരന്‍ തമ്പി പറയുന്നു.
വളരെക്കുറച്ച് മാത്രമായിരുന്നു സംസാരം. വിവാദങ്ങളോട് പ്രതികരിക്കാനൊക്കെ മടിയാണ്. ചോദ്യങ്ങൾ പലയാവർത്തി ചോദിച്ചാലും ഒന്നും പറയാനില്ല എന്ന് മാത്രമായിരിക്കും മറുപടി. എന്നാൽ, തന്റെ ബാല്യത്തെപ്പറ്റിയും കൂടല്ലൂരിനെപ്പറ്റിയുമൊക്കെ അദ്ദേഹം എപ്പോഴും വാചാലനായിരുന്നു അദ്ദേഹം. താനെഴുതിയതിനെ മറ്റുള്ളവർ ഇഷ്ടപ്പെടുമ്പോൾ അദ്ദേഹം സന്തോഷിച്ചിരുന്നു. എഴുതുന്നത് വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന ഭയം തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പേരക്കുട്ടി മാധവനോട് പറയുന്നുണ്ട് ഒരു അഭിമുഖത്തിൽ. നല്ല എഴുത്തുകൾ ഭാഷയിലും സാഹിത്യത്തിലും ഉണ്ടാകുമ്പോഴും അദ്ദേഹം സന്തോഷിച്ചിരുന്നു. മലയാളത്തിന്റെ പൂമുഖത്തേക്ക് സാഹിത്യത്തിന്റെ ചാരുകസേര വലിച്ചിട്ട് ചിരപ്രതിഷ്ഠ നടത്തിയ ആൾക്ക് അതിൽപ്പരം ഒരു സന്തോഷം ഉണ്ടാവാനിടയില്ലല്ലോ.
ആഴമില്ലാത്ത, ഉപരിപ്ലവം മാത്രമായ ആൾക്കൂട്ട ആരവങ്ങളോട് അദ്ദേഹം എപ്പോഴും മുഖം തിരിച്ചു. അത്തരം സന്ദർഭങ്ങളിൽ പരസ്യമായി കലഹിച്ചു. മറ്റൊന്ന് തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ അദ്ദേഹം ആരെയും അനുവദിക്കില്ല എന്നുള്ളതായിരുന്നു. അത്തരം സന്ദർഭങ്ങളിൽ അത് തന്നെ നേരിട്ടുബാധിക്കുന്നതാണെന്ന് എം ടി നിലപാടെടുത്തു, കോടതി കയറാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.
ഒറ്റപ്പെട്ടവരും ഏകാന്തതയനുഭവിക്കുന്നരുമായിരുന്നു എം ടിയുടെ കഥാപാത്രങ്ങൾ എന്നാണ് പൊതുവേ പറയാറുള്ളത്. ആ കഥാപാത്രങ്ങൾക്കൊക്കെ നിലപാടുണ്ടായിരുന്നു, അത് അങ്ങനെ തന്നെ സംവദിക്കുന്നവരുമായിരുന്നു. എം ടി ജീവിതം കൊണ്ടും എഴുത്തുകൊണ്ടും ലോകത്തോട് പറഞ്ഞതിലൊരു പ്രധാനപ്പെട്ട കാര്യവും അതുതന്നെയായിരുന്നു, ആരെന്തുപറഞ്ഞാലും നിങ്ങളെന്താണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്ന്….!