#Glenfinnanviaduct
#HarryPotter
കുന്നിന്റെ നെറുകയിലേക്ക് ആളുകൾ ഓടിക്കയറുകയാണ്. പാർക്കിങ് ഏറിയ നിറഞ്ഞിരിക്കുന്നു എന്ന അറിയിപ്പുമായി രണ്ടു മനുഷ്യർ വഴിക്കു കുറുകെ നിൽക്കുന്നു. എനിക്ക് പിന്നിൽ നിൽക്കുന്ന വണ്ടി ഹോൺ മുഴക്കും മുന്നേ ഞാൻ വണ്ടി നേരെ വിട്ടു. അടുത്തെങ്ങും ഒരു പാർക്കിങ് ഏരിയ കാണുന്നില്ല. കുറെ മുന്നോട്ടോടി. ഒടുക്കം എന്തും വരട്ടെയെന്നു കരുതി ഒരു മൈൽ ഓടിച്ചു നിരാശനായ ഞാൻ വണ്ടി തിരിച്ചു. നേരത്തെ വഴിയടഞ്ഞു നിന്ന മനുഷ്യർ ഒതുങ്ങി നിൽക്കുന്നു. നാല് മിനിറ്റ് മുന്നേ നിറഞ്ഞു നിന്ന പാർക്കിങ് ഏരിയയിൽ നിന്ന് കുറച്ചു വണ്ടികൾ ഒഴിഞ്ഞു പോയിട്ടുണ്ടാവണം. ഞാൻ അവിടേക്ക് വണ്ടി തിരിച്ചു. രണ്ടേ രണ്ടു സ്പേസ് ഒഴിഞ്ഞു കിടക്കുന്നു. ഒന്നിലേക്ക് നോക്കുമ്പോൾ ഏതോ അടുത്തിടക്ക് ലൈസൻസ് കിട്ടിയ മനുഷ്യൻ വര കവിഞ്ഞു പാർക് ചെയ്തിരിക്കുന്നു. അവിടെക്കെന്റെ വണ്ടി കയറുകയില്ല. ഒരുവിധം അവസാനത്തെ സ്ലോട്ടിലേക്ക് കാറ് കയറ്റി ഞാൻ പുറത്തിറങ്ങി.
സ്കോട്ട്ലൻഡിൽ ഇത് ഞങ്ങളുടെ രണ്ടാം ദിവസമാണ്. ഫോർട്ട് വില്യം പട്ടണത്തിൽ നിന്ന് അരമണിക്കൂർ വണ്ടിയോടിച്ചു ഗ്ലെൻഫിനാനിൽ എത്തുമ്പോൾ വഴിയിലെവിടെയോ വച്ച് കൂടെക്കയറിയ മഴ കാറിൽ നിന്നിറങ്ങി ഗ്ലെൺഫിനാനിലെ കുന്നുകളിലേക്കൊക്കെ ഓടിക്കയറി. മേഘങ്ങളെ താഴ്ന്നു കിടന്ന മരച്ചില്ലകളെന്നോണം കാറ്റ് ഭൂമിയിലേക്ക് വലിച്ചു. കുഞ്ഞിനേയും കൊണ്ട് മലമുകളിലേക്കുള്ള പടികയറുമ്പോൾ അവിടേക്ക് ഇനി എപ്പോഴാണ് അടുത്ത ട്രെയിൻ വരുന്നതെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
സമയം രണ്ടു മണി കഴിഞ്ഞു. ഹാരിപോട്ടർ പരമ്പരകളിൽ വന്നുപോയതിന്റെ പേരിൽ ലോകപ്രശസ്തമായ ഈ പാലത്തിലൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി ആകെ നാല് വട്ടം ട്രെയിൻ കടന്നുപോകുന്ന കാഴ്ചകാണാനാണ് ഈ കാണുന്ന മനുഷ്യരൊക്കെ കുന്ന് കയറുന്നത്. അതുമാത്രമല്ല സ്കോട്ട്ലാൻഡിന്റെ നോട്ടുകളിലും 21 കണ്ണറകളുള്ള പാലം ഇടം പിടിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ കാണുന്ന വശത്തു നിന്ന് ട്രെയിൻ കാണാൻ പ്രധാന കാർ പാർക്കിൽ നിന്നും 15 മിനിറ്റ് നടന്നാൽ മതി. പക്ഷേ അതിലും അരികത്തു നിന്ന് ഈ ട്രെയിനും പാലവും കാണാൻ കഴിയുന്ന ഇടങ്ങൾ ഇവിടെയുണ്ട്. സകുടുംബം യാത്ര ചെയ്യുന്ന മനുഷ്യരൊക്കെ പരിമിതരായി പോകുന്ന ജീവിതത്തിലെ ഒരുപാട് ഇടങ്ങളുണ്ടല്ലോ? ഈ അടുത്തു നിന്നുള്ള ട്രെയിനിന്റെ കാഴ്ച്ചയും എനിക്ക് അങ്ങനെയൊന്നാണ്. കുടുംബം ഉള്ളവർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു കോടി സന്തോഷങ്ങൾക്കിടയിൽ ഒരായിരം പരിമിതികളുടെ നോവ് കൂടി ആസ്വദിക്കുന്നതാണല്ലോ ജീവിത നെല്ലിക്ക. അത് തിരഞ്ഞെടുക്കുന്ന മനുഷ്യർ മനീഷാ കൊയ്‌രാളയെ കെട്ടിപ്പിടിച്ച ദിൽസെയിലെ ഷാരുഖ് ഖാനെ പോലെ ധീരരാകുന്നു.
അങ്ങനെ ധീരനായ ഞാനും ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് മുകളിലെത്തി. അവിടെ ആദ്യം ശ്രദ്ധയാകർഷിച്ചത് പാലത്തെയും ഗ്ലെൻഫിനാൻ സ്മാരകത്തെയും നോക്കി ചിത്രം വരയ്ക്കുന്ന മനുഷ്യരാണ്. അവരുടെ ക്യാൻവാസിനപ്പുറത്തു കണ്ട പാലത്തിന്റെ പശ്ചാത്തലത്തിൽ പിന്നെയും നെറുകയിൽ മഞ്ഞു കയറിയ മലനിരകൾ. പത്തു പേര് തികച്ചില്ലാതിരുന്ന ആ ഉയർന്ന പ്രദേശത്ത് മൂന്നുമണിയോടെ ഒരു വലിയ ജനക്കൂട്ടം വന്ന് നിറഞ്ഞു. ട്രെയിൻ വരുന്നത് ഇടത്തു നിന്നോ വലതു നിന്നോ? മൂന്നുമണിക്കും മൂന്നരയ്ക്കും ഇടയിലാവും ട്രെയിനെത്തുക അല്ലേ അമ്മേ ? കൂടിനിൽക്കുന്ന മനുഷ്യരിൽ പലരും ഞങ്ങളെപ്പോലെ തന്നെ കാണാൻ പോകുന്ന കാഴ്ച്ചയുടെ അപ്രവചനാതീതതയെപ്പറ്റി പലതും ചിന്തിച്ചു കൂട്ടി.
തടാകക്കരയിൽ നിന്ന് വീശുന്ന കാറ്റിന് ശക്തികൂടി വന്നു. ചിത്രം വരക്കുന്ന മനുഷ്യരുടെ സ്റ്റാൻഡിനെ പൊതിഞ്ഞു നിന്ന കുടകൾക്ക് അതിനോട് പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ കാഴ്ചക്കാരിൽ ചിലർ ചിത്രം വരക്കുന്നവരെ സഹായിക്കാനെത്തി. എങ്കിലും കാറ്റ് നിലക്കുന്നില്ലെന്നായപ്പോൾ തോൽവി സമ്മതിച്ച മനുഷ്യർ ചായങ്ങളും ക്യാൻവാസുകളുമായി ട്രെയിനെത്തും മുന്നേ പടികളിറങ്ങി താഴേക്കു നടന്നു.
ഓടി നടക്കുന്ന ഹെവനെ നോക്കി ഞാനും ഷൈജയും മടുത്തു. പക്ഷേ ആ മനോഹര ചിത്രവുമെടുത്ത് മലയിറങ്ങാൻ ഞങ്ങൾക്കാവില്ലല്ലോ. അവളുടെ ചിറകിന്റെ പണികൾ പൂർത്തിയാവും വരെ ഈ ചായക്കൂട്ടുകളുമായി കൂടെ നിന്നേ കഴിയൂ. ശ്ശൊ ഈ ട്രയിനെന്താ വരാത്തത് ? പെട്ടന്ന് മുന്നിൽ നിന്ന കുടുംബത്തിലെ അമ്മ ഇടതു വശത്തേക്ക് കൈകൾ ചൂണ്ടി. "അതാ നോക്ക് നോക്ക് അവിടെ ആ മരങ്ങൾക്കിടയിൽ ……"
മഞ്ഞിലും കടുപ്പമേറിയ പുകയും തുപ്പി ആവിയന്ത്രത്തിൽ പ്രവർത്തിക്കുന്ന തീവണ്ടി. മഴയും മഞ്ഞും പാലവും ഒക്കെക്കൂടി തീർത്ത മാന്ത്രികമായ ഫ്രേമിലേക്ക് ഹോണും മുഴക്കി അതങ്ങനെ പതിയെ കടന്നു പോകുന്നു. ഒരായിരം കണ്ണുകൾ അതെ വേഗത്തിന്റെ അനുപാതത്തിൽ ഇടത്തു നിന്നും വലത്തേക്ക് ചലിച്ചു . എല്ലാവരും നിശബ്ദമായി ചിത്രങ്ങളും വീഡിയോസും പകർത്തുമ്പോൾ എന്റെ കഴുത്തിലിരുന്ന ഹെവൻ മാത്രം അപ്പാ നോക്ക് ചൂച്ചു ചൂച്ചു എന്ന് അത്ഭുതത്തോടെ വിളിച്ചു പറഞ്ഞത് ആ ദൃശ്യങ്ങൾക്കൊപ്പം അവരുടെ ക്യാമറയിലും പതിഞ്ഞിട്ടുണ്ടാവും. പലനാടുകളിലെ മനുഷ്യർ റീലിസിന്റെ പശ്ചാത്തലത്തിലിടുന്ന പാട്ടുകൾക്കൊണ്ടതിനെ മറക്കുമായിരിക്കും.
ഒരു മാന്ത്രികൻ തന്റെ വടി ചുഴറ്റി മായിച്ചത് പോലെ മനുഷ്യരുടെ സഞ്ചലനം കുന്നിൻ മുകളിൽ നിന്ന് മടങ്ങിപ്പോയി. ഞാൻ അൽപ്പ നേരം കൂടി അവിടെനിന്ന് കാഴ്ച്ചകൾ കണ്ട് ഒരു ചൂട് കാപ്പി കടയും തിരഞ്ഞു പടികളിറങ്ങി. കാർപാർക്കിലൊക്കെ ഇഷ്ട്ടം പോലെ സ്ഥലം. കുറച്ചു സുവനീറുകളും ചൂട് കാപ്പിയും വാങ്ങി ഞങ്ങൾ കാറിൽ കയറി. ശ്വാസം കൊണ്ട് മൂടിയ കാറിന്റെ ചില്ലുകളിൽ മൂടൽമഞ്ഞ്. പോകാം ഇനി സ്കോട്ട്ലണ്ടിലെ മറ്റൊരു മായാജാലം തേടി…അല്ല ഇതുവരെ ഇവിടെയൊക്കെ ഓടിനടന്ന മഴയെവിടെ? കാറുപേക്ഷിച്ച് അത് അൽപ്പം മുന്നേ പോയ തീവണ്ടി പിടിച്ചിട്ടുണ്ടാവണം !!