പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുകയാണ്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. പ്രൈമറി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനും, ഗ്രീന്‍ ലോക്ഡൗണിന്റെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ 50 ശതമാനം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. 14ലക്ഷം ആളുകള്‍ താമസിക്കുന്ന ലാഹോറില്‍ 2011 ലും അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് സ്‌കൂളുകളും മറ്റും അടച്ചുപൂട്ടിയിരുന്നു. ലോകത്തിലെ ഏറ്റവും മലിനമായ വായുവുളള നഗരങ്ങളുടെ പട്ടികയില്‍ ലാഹോര്‍ രണ്ടാം തവണയാണ് ഒന്നാമതെത്തുന്നത്. കഴിഞ്ഞമാസം മുതലാണ് ലാഹോറില്‍ വായുവിന്റെ ഗുണനിലവാരം മോശമാകാന്‍ തുടങ്ങിയത്. പതിനായിരക്കണക്കിന് ആളുകളെയാണ് വിഷലിപ്തമായ പുകമഞ്ഞ് രോഗികളാക്കിയത്. പൂന്തോട്ടങ്ങളുടെ നഗരമായി അറിയപ്പെട്ടിരുന്ന ലാഹോറില്‍ നഗരവത്കരണവും ജനസംഖ്യാവര്‍ദ്ധനവും, വിളകള്‍ കത്തിക്കലും, കനത്ത വാഹന ഗതാഗതവും കാരണം വായുമലിനീകരണം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഇന്ത്യയെയാണ്. ഇവിടെയാണ് ലാഹോറിലെ 'പുക' ഒരു അന്താരാഷ്ട്ര നയതന്ത്ര വിഷയമായി മാറുന്നത്.
ലാഹോറിനെ മൂടിയിരിക്കുന്ന വിഷ പുകയ്ക്ക് കാരണം ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അതേ സമയത്താണ് ഇത്തരമൊരു ആരോപണം ഉയരുന്നതെന്നും ഓര്‍ക്കണം. വര്‍ഷങ്ങളായി പിരിമുറുക്കത്തിലായിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയും പുകയുകയാണ്. ഇന്ത്യ- പാക് അതിര്‍ത്തിയില്‍നിന്ന് 15 മൈല്‍ അകലെയുള്ള ലാഹോറിന്റെ വായു മലിനമാകാന്‍ കാരണം അയല്‍ രാജ്യമായ ഇന്ത്യയില്‍ നിന്നുളള മാലിന്യം നിറഞ്ഞ കാറ്റാണെന്നാണ് പാകിസ്ഥാന്‍റെ വാദം. ഇന്ത്യയെ പഴിചാരിയതുകൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലല്ലോ എന്നാണ് ലോകരാജ്യങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നത്. ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ ബാധിക്കുന്ന വിഷയമെന്ന നിലയ്ക്ക് ഈ ' വിഷപ്പുക'യില്‍ ഒന്നിച്ചൊരു പോംവഴിയിലേക്ക് ഇരു രാജ്യങ്ങളും എത്തുമോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.
സ്വിസ് എയര്‍ ക്വാളിറ്റി റേറ്റിംഗ് ഏജന്‍സിയായ IQAir ഉം പാകിസ്ഥാന്റെ പ്രവിശ്യ ഗവണ്‍മെന്റും പുറത്തുവിട്ട വായുമലിനീകരണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. നവംബര്‍ 2 ന് ലാഹോറില്‍ ലോകാരോഗ്യ സംഘടന നിര്‍വ്വചിച്ചിരിക്കുന്ന പരിധിയേക്കാള്‍ ആറിരട്ടി ഉയര്‍ന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (1,900) ആണ് രേഖപ്പെടുത്തിയത്. മാത്രമല്ല മറുവശത്ത് ഹാനികരമായ PM2.5 മലിനീകരണത്തിന്റെ സാന്ദ്രത 610 ല്‍ എത്തുകയും ചെയ്തു. 14 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ലാഹോറിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം നിലയിലേക്കാണ് താണിരിക്കുന്നത്. മലിനീകരണത്തിന്റെ അളവ് സാധാരണ ഗതിയിലേക്കാള്‍ 15 മടങ്ങ് കൂടുതലാണ്.
ഇനി ഡല്‍ഹിയിലേക്ക് വന്നാല്‍, അവിടെയും സമാനമായ അവസ്ഥയാണ്. ഇന്ത്യയുടെ അതിര്‍ത്തി വിഷപ്പുകമഞ്ഞില്‍ മൂടപ്പെട്ടിരുന്നു. ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വിഷപ്പുക ഉയര്‍ന്നത്. ലാഹോറും ഡല്‍ഹിയും അടുത്തിടെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു.
ലാഹോര്‍ പോലെയുള്ള നഗരങ്ങളില്‍ വായുവിന്റെ ഗുണനിലവാരം ക്രമാനുഗതമായി കുറയുന്നതിന് കാരണങ്ങള്‍ പലതാണ്. വാഹനങ്ങളിലെ പുക, വ്യാവസായിക മലിനീകരണം, ഫോസില്‍ ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം, ഇഷ്ടിക ചൂളകള്‍ കത്തിക്കുന്ന കല്‍ക്കരി, പാഴ് വസ്തുക്കള്‍ കത്തിക്കുന്നത് എന്നിവയെല്ലാം പ്രാധാന പ്രശ്‌നമാണ്. ഇപ്പോഴത്തെ പുകമഞ്ഞിന്റെ കാരണം കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ എളുപ്പത്തിലും പണച്ചെലവില്ലാതെയും വെട്ടിത്തെളിച്ച് വൃത്തിയാക്കാനായി വയ്‌ക്കോലും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത് കൂടിയാണെന്ന വാദവും ഉയരുന്നുണ്ട്. ഡല്‍ഹിയിലും സ്ഥിതി മറിച്ചല്ല. വ്യാവസായിക മലിനീകരണവും വാഹനങ്ങളില്‍നിന്ന് പുറംതളളുന്ന പുകയും ഇവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, അസ്ഥിരമായ ഓര്‍ഗാനിക് സംയുക്തങ്ങള്‍, മറ്റ് ദോഷകരമായ വസ്തുക്കള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഇത് കാറ്റിലൂടെ ഡല്‍ഹിക്ക് ചുറ്റുമുളള വായുവിനെ മലിനമാക്കാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിഷം നിറഞ്ഞ വായു കാറ്റിലൂടെ ലാഹോറിലേക്കെത്തുന്നു എന്നാണ് പാകിസ്ഥാന്‍റെ വാദം.
ലാഹോറില്‍ പുകമഞ്ഞിറങ്ങിയപ്പോള്‍ ആളുകള്‍ പല മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. മലിനീകരണം ഉള്ളതുകൊണ്ട് പുറത്തേക്കിറങ്ങുന്നത് വലിയ പരീക്ഷണമാണെന്നും അസുഖം വിട്ടുമാറുന്നില്ല എന്നും നഗരത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ 28 വയസുകാരി ജവേരിയ പറയുന്നു. ലാഹോറിലെ ചരിത്രകാരനായ അമ്മാന്‍ അലി ജാന്‍ പറയുന്നത് ' ശുദ്ധവായൂ ഇപ്പോള്‍ നഗരത്തിലെ സമ്പന്നര്‍ക്ക് മാത്രം താങ്ങാന്‍ കഴിയുന്ന ആഡംബര വസ്തുവായി. എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ കഴിവുള്ള പണക്കാര്‍ക്ക് മാത്രമേ സുരക്ഷിതമായി ശ്വസിക്കാന്‍ കഴിയൂ' എന്നാണ്. മാത്രമല്ല സ്‌കൂള്‍ അടച്ചുപൂട്ടിയതും മറ്റും ലാഹോറിലെ രക്ഷിതാക്കളുടെയുളളില്‍ ആശങ്ക നിറച്ചിട്ടുണ്ട്. ഈ അടച്ചു പൂട്ടല്‍ കുട്ടികളുടെ പഠന ദിനചര്യകളെ മാത്രമല്ല അവരുടെ മാനസിക വികാസത്തെയും തടസപ്പെടുത്തുമെന്ന് ആറ് വയസുളള കുട്ടിയുടെ അമ്മയും ജോലിക്കാരിയുമായ ഷുമൈല ഇഷ്ഫാഖ് പറയുന്നു. ക്ലാസുകള്‍ നിര്‍ത്തി വയ്ക്കുന്നത് വായൂ മലിനീകരണങ്ങളുടെ കാരണങ്ങളെ ചെറുക്കില്ലെന്ന് ഇവര്‍ പറയുന്നു. അങ്ങനെ ജനങ്ങളും ആശങ്കകളില്‍പ്പെട്ട് പ്രശ്‌നത്തിലായിരിക്കുകയാണ്. പലരും ശ്വാസം മുട്ടലും ചുമയും മൂലം കഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിനോട് അഭ്യര്‍ഥിക്കുമെന്ന് പറഞ്ഞെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. മറ്റ് രാജ്യങ്ങളും ഇക്കാര്യം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. പാകിസ്ഥാന്റെ നിലപാടിനോട് ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കുറ്റപ്പെടുത്തലുകളെക്കാള്‍ ആളുകളുടെ ജീവനും ആരോഗ്യത്തിനും വിലകല്‍പ്പിച്ച് അതിനൊരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. സമാധാനത്തിലൂടെ പ്രശ്നപരിഹാരമാണോ അതോ പഴിചാരലിലൂടെ യുദ്ധസമാന സാഹചര്യമാണോ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.
Content Highlights :Pakistan blamed India for increasing air pollution in Lahore