ട്രംപിൻ്റെ പുതിയ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ 'റഷ്യൻ സ്പൈ'യെന്ന് ആരോപണം; ആരാണ് തുളസി ഗബ്ബാർഡ്

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി തുളസി ഗബ്ബാർഡിന് ഉണ്ടെന്ന് പറയപ്പെടുന്ന അടുപ്പം തന്നെയാണ് പുതിയ നിയമനത്തിനെതിരെ ഉയരുന്ന എതിർപ്പിൻ്റെ അടിസ്ഥാനം

dot image

അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായുള്ള തുളസി ഗബ്ബാർഡിൻ്റെ നിയമനം ഇപ്പോൾ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. തുളസി ഗബ്ബാർഡിനെ നിയമിക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു. ആഭ്യന്തര, അന്തർദേശീയ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഈ നീക്കം ആശങ്കയിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തുളസി ഗബ്ബാർഡിൻ്റെ നിയമനം അമേരിക്കൻ ഭരണകൂടം ഇത്തരം നിയമനങ്ങളിൽ തുടർന്ന് വന്നിരുന്ന പരമ്പരാഗത രീതികളെയെല്ലാം മറികടക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തിപരമായ വിശ്വസ്തതയ്ക്ക് മുൻഗണന നൽകാനുള്ള ട്രംപിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് തുളസി ഗബ്ബാർഡിൻ്റെ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി തുളസി ഗബ്ബാർഡിന് ഉണ്ടെന്ന് പറയപ്പെടുന്ന അടുപ്പം തന്നെയാണ് പുതിയ നിയമനത്തിനെതിരെ ഉയരുന്ന എതിർപ്പിൻ്റെ അടിസ്ഥാനം. പുതിയ നിയമനം അമേരിക്കയുടെ അഭ്യന്തര രഹസ്യാന്വേഷണ സംവിധാനത്തിനുള്ളിൽ മാത്രമല്ല അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.അമേരിക്കൻ സഖ്യകക്ഷികളുടെ രഹസ്യന്വേഷണ സംവിധാനങ്ങൾക്കും തുളസി ഗബ്ബാർഡിൻ്റെ നിയമനത്തിൽ ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫൈവ് ഐസ് എന്ന ഇൻ്റലിജൻസ് പങ്കിടൽ സഖ്യത്തിൻ്റെ എതിർപ്പാണ് ഇതിൽ പ്രധാനം. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവരാണ് ഈ സഖ്യത്തിലുള്ളത്. റഷ്യൻ അനുകൂല നിലപാടുകൾ ഉള്ള തുളസി ഗബ്ബാർഡിനെ നിയമിച്ചാൽ രഹസ്യവിവരങ്ങൾ പങ്കിടുന്നതിൽ വിമുഖത ഉണ്ടായേക്കാമെന്ന് അമേരിക്കൻ സഖ്യകക്ഷികളിലെ പ്രധാനികളായ ഇൻ്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ ചുമതലയിലേയ്ക്ക് ഗബ്ബാർഡിനെ തിരഞ്ഞെടുക്കുന്നത് അമേരിക്കൻ ദേശീയ ഇൻ്റലിജൻസിന് അപമാനമാണെന്ന് സിഐഎ ഓപ്പറേഷൻ ഓഫീസർ ഡഗ്ലസ് ലണ്ടൻ പറഞ്ഞതായി അന്തർദ്ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വളരെ ഗൗരവുമുള്ള ചുമതലകളാണ് ഗബ്ബാർഡിനെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ പദവിയിലിക്കുന്നവർക്ക് നിർവ്വഹിക്കാനുള്ളത്. 18 രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടം വഹിക്കുകയും ദേശീയ സുരക്ഷയെക്കുറിച്ച് പ്രസിഡൻ്റിനെ ഉപദേശിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന പോസ്റ്റാണിത്

വളരെ ഗൗരവമുള്ള ചുമതലകളാണ് ഗബ്ബാർഡിനെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ പദവിയിലിക്കുന്നവർക്ക് നിർവ്വഹിക്കാനുള്ളത്. 18 രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടം വഹിക്കുകയും ദേശീയ സുരക്ഷയെക്കുറിച്ച് പ്രസിഡൻ്റിനെ ഉപദേശിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന പോസ്റ്റാണിത്. സിഐഎ, നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറുടെ ഓഫീസ്, എയർഫോഴ്സ് ഇൻ്റലിജൻസ്, ആർമി ഇൻ്റലിജൻസ്, കോസ്റ്റ് ഗാർഡ് ഇൻ്റലിജൻസ്, ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി, ഊർജ്ജ വകുപ്പ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്, ട്രഷറി ഡിപ്പാർട്ട്മെൻ്റ്, ഡ്രഗ് എൻഫോഴ്സ്മെൻ്റ് അഡ്മിനിസ്ട്രേഷൻ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), മറൈൻ കോർപ്സ് ഇൻ്റലിജൻസ്, നാഷണൽ ജിയോ സ്പേഷ്യൽ-ഇൻ്റലിജൻസ് ഏജൻസി, നാഷണൽ റിക്കണൈസൻസ് ഓഫീസ്, നാഷണൽ സെക്യൂരിറ്റി ഏജൻസി, നേവി ഇൻ്റലിജൻസ്, സ്പേസ് ഫോഴ്സ് ഇൻ്റലിജൻസ് എന്നിവയുടെ മേൽനോട്ടമാണ് ദേശീയ ഇൻ്റലിജൻസ് ഡയറക്ടർക്ക് നിർവ്വഹിക്കാനുള്ളത്.

അമേരിക്കയെ വിറപ്പിച്ച 9/11 ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2004-ലാണ് ഡയറക്ടർ ഓഫ് നാഷണല്‍ ഇൻ്റലിജൻസ് എന്ന പദവി ഉണ്ടാക്കിയത്. രഹസ്യാന്വേഷണ ഏകോപനം കാര്യക്ഷമമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തതാണ് ഈ പദവി. വലിയ സുരക്ഷാ ഭീഷണികൾ ഉയർന്നുവരാൻ കാരണമായ വിടവുകൾ തടയുക എന്നതായിരുന്നു ഈ പദവി രൂപപ്പെടുത്തിയതിന് പിന്നിൽ. അമേരിക്കൻ രഹസ്യന്വേഷണ വിഭാഗങ്ങളുടെയെല്ലാം തലവനായി പ്രവർത്തിക്കേണ്ടയാളാണ് ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ. ദേശീയ ഇൻ്റലിജൻസ് പ്രോഗ്രാമിൻ്റെ മേൽനോട്ടം വഹിക്കുകയും നയിക്കുകയും ചെയ്യുന്ന ചുമതലയ്ക്ക് പുറമെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ കാര്യങ്ങളിൽ പ്രസിഡൻ്റ്, ദേശീയ സുരക്ഷാ കൗൺസിൽ, ഹോംലാൻഡ് സെക്യൂരിറ്റി കൗൺസിൽ എന്നിവയുടെ പ്രധാന ഉപദേശകനെന്ന തന്ത്രപ്രധാനമായ ചുമതലയും അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ പദവിയ്ക്കുണ്ട്. സിഐഎ, എൻഎസ്എ, എഫ്ബിഐ എന്നിവയുടെ മേൽനോട്ടവും അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് ഡയറക്ടർക്കുണ്ട്. ആഗോളതലത്തിലുള്ള സമഗ്രമായ ഇൻ്റലിജൻസ് റിപ്പോർട്ടുകളെ സംബന്ധിച്ച് പ്രസിഡൻ്റിന് ഡെയ്‌ലി ബ്രീഫ് (പിഡിബി) നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വവും അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് ഡയറക്ടർക്കാണ്.

ഉയരുന്നത് വ്യാപകം വിമർശനം

തുളസി ഗബ്ബാർഡിൻ്റെ നിയമനത്തിനെതിരെ അമേരിക്കയിൽ നിന്നും ഉയരുന്ന വ്യാപക വിമർശനങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് നേതാവും മുൻ സിഐഎ ഉദ്യോഗസ്ഥനുമായ അബിഗെയ്ൽ സ്പാൻബെർഗർ ഗബ്ബാർഡിൻ്റെ പുതിയ നിയമനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗബ്ബാർഡിന് വേണ്ടത്ര തയ്യാറെടുപ്പില്ലെന്നും യോഗ്യതയില്ലെന്നുമാണ് വിമർശനം. മാത്രമല്ല ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ആളാണ് ഗബ്ബാർഡ് എന്നും ബഷാർ അൽ-അസാദിനെയും വ്‌ളാഡിമിർ പുടിനേയും പോലുള്ള ഏകാധിപതികളുമായി ഗബ്ബാർഡിന് അടുപ്പമുണ്ടെന്നുമാണ് അബിഗെയ്ൽ സ്പാൻബെർഗറിൻ്റെ വിമർശനം. ഗബ്ബാർഡിൻ്റെ പക്ഷപാതിത്വം രഹസ്യാന്വേഷണ വിലയിരുത്തലുകളെ വളച്ചൊടിക്കുമെന്നഭയവും സ്പാൻബെർഗർ പങ്കുവെച്ചിട്ടുണ്ട്.

മുൻ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോൾ ട്രംപിൻ്റെ പ്രധാനവിമർശകരിൽ ഒരാളുമായ ജോൺ ബോൾട്ടനും തുളസി ഗബ്ബാർഡിൻ്റെ നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബ്രിട്ടൻ്റെ രഹസ്യാന്വേഷണ സംഘടനയായ എം16ൻ്റെ മുൻതലവൻ സർ റിച്ചാർഡ് ഡിയർലൗവും ഗബ്ബാർഡിൻ്റെ നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രഹസ്യാന്വേഷണ രംഗത്ത് പരമ്പരാഗത രീതികളെ നിരാകരിക്കുന്ന നീക്കമെന്ന് ഗബ്ബാർഡിൻ്റെ നിയമനത്തെ ഡിയർലൗ വിമർശിച്ചുവെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

ആരാണ് തുളസി ഗബ്ബാർഡ്

യുഎസ് കോൺഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഹിന്ദുവെന്ന വിശേഷണവും തുളസി ഗബ്ബാർഡിനുണ്ട്. 2012ൽ യുഎസ് കോൺഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തുളസി ഗബ്ബാർഡ് ഭഗവത്ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ഈ ഭഗവത്ഗീത ഗബ്ബാർഡ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. 2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019ൽ ഡമോക്രാറ്റിക് പ്രസിഡൻ്റ് നോമിനേഷനുള്ള പ്രൈമറിയിലും ഗബ്ബാർഡ് മത്സരിച്ചിരുന്നു. തുൾസി ഗബ്ബാർഡ് തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാഗമായാണ് പ്രവർത്തിച്ചത്. 2022ലാണ് അവർ ഡെമോക്രാറ്റിക് പാർട്ടിയുമായി അകലുന്നതും പാർട്ടിയിൽ നിന്നും രാജിവെയ്ക്കുന്നതും. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം മുമ്പ് ഗബ്ബാർഡ് ഡൊണാൾഡ് ട്രംപിനെ അംഗീകരിക്കുകയും ട്രംപിൻ്റെ നയങ്ങളെ പിന്തുണയ്ക്കുകയുമായിരുന്നു. 2024 ഒക്ടോബർ 22നാണ് തുളസി ഗബാർഡ് ഔദ്യോഗികമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുന്നത്. അമേരിക്കയിലെ യുദ്ധവിരുദ്ധ ലിബറലുകൾക്കിടയിൽ ഗബ്ബാർഡിന് വലിയ സ്വീകാര്യതയാണുള്ളത്. നേരത്തെ ഡെമോക്രാറ്റിക് ഭരണകൂടത്തിൻ്റെ മിഡിൽ ഈസ്റ്റിലെ യുദ്ധതന്ത്രങ്ങൾക്കെതിരെ ശക്തമായ വിമർശനവും ഗബ്ബാർഡ് ഉയർത്തിയിട്ടുണ്ട്.

ഹിന്ദുമതത്തിൽപ്പെട്ടയാളായതിനാൽ തുളസി ഗബ്ബാർഡ് ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാൽ തുളസിയുടെ ശരിയായ ജന്മദേശം അമേരിക്കൻ പ്രദേശമായ അമേരിക്കൻ സമോവയിലാണ്. തുളസി വളർന്നത് ഹവായിയിലും ഫിലിപ്പീൻസിലുമാണ്

ഹിന്ദുമതത്തിൽപ്പെട്ടയാളായതിനാൽ തുളസി ഗബ്ബാർഡ് ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാൽ തുളസിയുടെ ശരിയായ ജന്മദേശം അമേരിക്കൻ പ്രദേശമായ അമേരിക്കൻ സമോവയിലാണ്. തുളസി വളർന്നത് ഹവായിയിലും ഫിലിപ്പീൻസിലുമാണ്. തുളസി ഗബ്ബാർഡിൻ്റെ അമ്മ കരോൾ പോർട്ടർ ഗബ്ബാർഡ് ഒരു ബഹുസാംസ്കാരിക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും അവർ ഹിന്ദുമതത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അവർ തൻ്റെ മക്കൾക്കെല്ലാം ഹിന്ദുപേരുകളാണ് നൽകിയത്. ഭക്തി, ജയ്, ആര്യൻ, തുളസി, വൃന്ദാവനം എന്നിങ്ങനെയാണ് അവർ മക്കൾക്ക് പേരിട്ടത്. അമ്മയെപ്പോലെ തുളസിയും ഹിന്ദുമതം പിന്തുടരുകയായിരുന്നു.

അമേരിക്കൻ ചാര ഏജൻസികളുടെ തലപ്പത്തെത്തിയ ആദ്യ ഹിന്ദു കൂടിയാണ് തുളസി ഗബ്ബാർഡ്. ഇതിന് പിന്നാലെ തുളസി 'ഹരേ കൃഷ്ണ' ജപിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. ഇതേ തുടർന്ന് തുളസി ഗബ്ബാർഡ് ഇന്ത്യക്കാരിയാണെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കപ്പെട്ടു. നേരത്തെ തനിക്ക് ഇന്ത്യയുമായി ബന്ധമില്ലെന്ന് 2012 ൽ തുളസി ഗബ്ബാർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഞാൻ ഇന്ത്യൻ വംശജയല്ല' എന്നായിരുന്നു പോസ്റ്റ്.

റഷ്യൻ സ്പൈ എന്ന ആരോപണത്തിൻ്റെ പിന്നാമ്പുറം

2019ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് പ്രൈമറിയിൽ മത്സരിക്കുമ്പോൾ ഹിലരി ക്ലിൻ്റണാണ് പേര് പറയാതെ തുളസി ഗബ്ബാർഡിനെ റഷ്യൻ സ്പൈ എന്ന് വിശേഷിപ്പിച്ചത്. ഹിലരി ക്ലിൻ്റൺ ഗബ്ബാർഡിനെ റഷ്യക്കാരുടെ പ്രിയങ്കരയെന്നും വിളിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണം തുളസി ഗബ്ബാർഡും നടത്തിയിരുന്നു. 'നന്ദി ഹിലാരി ക്ലിൻ്റൺ. യുദ്ധക്കൊതിയന്മാരുടെ രാജ്ഞിയും, അഴിമതിയുടെ മൂർത്തിമത് ഭാവവും, ഡെമോക്രാറ്റിക് പാർട്ടിയെ ഇത്രയും കാലം തളർത്തിയ ചെളിയുടെ ആൾരൂപവും, ഒടുവിൽ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പുറത്തുവന്നിരിക്കുന്നു' എന്നായിരുന്നു ഗബ്ബാർഡിൻ്റെ പ്രതികരണം. താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതൽ തൻ്റെ പ്രശസ്തി നശിപ്പിക്കാൻ യോജിച്ച പ്രചാരണം നടന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേഷത്തിന് പിന്നാലെ 2022 ഫെബ്രുവരിയിൽ ഗബ്ബാർഡ് പങ്കുവെച്ച എക്സ് പോസ്റ്റ് വിവാദമായിരുന്നു. യുഎസിനോടും റഷ്യയോടും ഉക്രെയ്നിനോടും ഭൗമരാഷ്ട്രീയം മാറ്റിവയ്ക്കാനായിരുന്നു ഗബ്ബാർഡിൻ്റെ ആവശ്യം. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളിൽ അംഗമാകാതെ യുക്രെയ്ൻ ഒരു നിഷ്പക്ഷ രാജ്യമാണെന്ന് അംഗീകരിക്കാനും ഈ പോസ്റ്റിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. 2022 മാർച്ചിൽ മറ്റൊരു വിവാദ പോസ്റ്റും ഗബ്ബാർഡ് പങ്കുവെച്ചിരുന്നു. യുക്രെയ്നിൽ 25-ലധികം യുഎസ് ഫണ്ട് ബയോലാബുകൾ ഉണ്ടെന്നായിരുന്നു എക്സിൽ ഗബ്ബാർഡ് കുറിച്ചത്. അമേരിക്കൻ പിന്തുണയുള്ള ബയോവീപ്പൺ ലാബുകൾ ഉക്രെയ്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗബ്ബർഡിൻ്റെ പോസ്റ്റ്. അമേരിക്കയും യുക്രെയ്നും റഷ്യൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഗിബ്ബാർഡിൻ്റെ ഈ നിലപാടിനെ റിപ്പബ്ലിക്കൻ പാർട്ടി അടക്കം വിമർശിച്ചു. ഇതിന് പിന്നാലെ ബയോലാബും ബയോവെപ്പൺ ലാബും രണ്ടാണെന്നും തൻ്റെ യഥാർത്ഥ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടെന്നുമുള്ള വിശദീകരിച്ച് ഗബ്ബാർഡ് രംഗത്ത് വന്നിരുന്നു.

2011ലെ സിറിയൻ യുദ്ധത്തിലെ അമേരിക്കൻ നിലപാടിനെയും ഗബ്ബാർഡ് വിമർശിച്ചിരുന്നു. അൽ അസദിനെതിരായ സിറിയൻ പ്രതിപക്ഷ പ്രസ്ഥാനത്തെ പിന്തുണച്ചതിന് 2015ൽ ബരാക് ഒബാമ ഭരണകൂടത്തെയും ഗബ്ബാർഡ് വിമർശിച്ചിരുന്നു. 2017ൽ സിറിയയിലേക്കുള്ള ഒരു രഹസ്യ യാത്രയ്ക്കിടെ അൽ അസദിനെ കണ്ടുമുട്ടിയതായി ഗബ്ബാർഡ് സിഎൻഎന്നിനോട് പറഞ്ഞിരുന്നു. അമേരിക്കയോ ഏതെങ്കിലും വിദേശരാജ്യമോ അല്ല സിറിയൻ ജനത തന്നെ അവരുടെ ഭാവി നിർണ്ണയിക്കട്ടെയെന്ന അഭിപ്രായവും ഗബ്ബാർഡ് സിഎൻഎന്നിനോട് പങ്കുവെച്ചിരുന്നു. ആദ്യ ഊഴത്തിൽ ട്രംപ് രണകൂടം എടുത്ത തീരുമാനങ്ങളെയും ഗബ്ബാർഡ് വിമർശിച്ചിരുന്നു. 2020-ൽ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ പ്രത്യേക സായുധവിഭാഗമായ ഖുദ്‌സ് ഫോഴ്‌സിൻ്റെ തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഇൻ്റലിജൻസ് ബ്രീഫിംഗിൽ ട്രംപ് ഭരണകൂടം ഒരു തരത്തിലുള്ള ന്യായീകരണവും നൽകിയിട്ടില്ലെന്ന് ഗബ്ബാർഡ് കുറ്റപ്പെടുത്തിയിരുന്നു. 2020 ൽ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

ട്രംപിൻ്റെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും ഭാവിയിൽ ഇറാൻ ആസൂത്രണം ചെയ്തേക്കാവുന്ന ആക്രമണങ്ങളെ തടയാൻ ലക്ഷ്യമിട്ടാണ് സുലൈമാനിയെ വധിച്ചതെന്ന് വൈറ്റ് ഹൗസും പെൻ്റഗണും സ്ഥിരീകരിച്ചിരുന്നു. ഇറാൻ ആസന്നമായ ഒരു സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ഈ സമയം തുളസി ഗബ്ബാർഡിനോട് സിഎൻഎൻ ചോദിച്ചിരുന്നു. ഈ ഘട്ടത്തിലും ട്രംപിനെതിരെ ഗബ്ബാർഡ് വിമർശന ശരം തൊടുത്തിരുന്നു, ഡൊണാൾഡ് ട്രംപിൻ്റെ നടപടികളും തീരുമാനവും കാരണം നമ്മുടെ രാജ്യത്തിൻ്റെ ദേശീയ സുരക്ഷ മികച്ചതാണോ? അതിനുള്ള ഉത്തരം ഇല്ല എന്നാണ് എന്നായിരുന്നു അവരുടെ മറുപടി. ഇറാനുമായുള്ള യുദ്ധത്തിലേക്കുള്ള പാതയിലേക്ക് ട്രംപ് യുഎസിനെ നയിക്കുന്നതായി സിഎൻഎൻ അഭിമുഖത്തിൽ അവർ ആരോപിച്ചിരുന്നു, 'പ്രസിഡൻ്റ് ട്രംപ് സ്വീകരിച്ച നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഈ യുദ്ധത്തിന് ഒരു ന്യായീകരണവുമില്ല' എന്നും സുലൈമാനി വധത്തെ പരാമർശിച്ച് ഗബ്ബാർഡ് പറഞ്ഞിരുന്നു. ഈ നിലയിൽ 2011ന് ശേഷം അമേരിക്കൻ ഭരണകൂടം നടത്തിയ പല നീക്കങ്ങളെയും എതിർത്തിരുന്ന ഗബ്ബാർഡിൻ്റെ നിലപാടുകൾ ചൂണ്ടിക്കാണിച്ചാണ് അവർ റഷ്യൻ ചാരയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പുറത്തുവന്നത്.

റഫറൻസ്: വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ

Content Highlights: who is Tulsi Gabbard, and why is her appointment as director of national intelligence is so controversial

dot image
To advertise here,contact us
dot image