കത്തിക്കരിഞ്ഞ് കരിക്കട്ട പോലെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹം. അപകടം നടന്ന് തൊട്ടുടനെ എടുത്ത കുഞ്ഞു ശരീരങ്ങളുടെ ചിത്രം കണ്ടപ്പോൾ ഒരു നിമിഷം സ്തംഭിച്ചു പോയി. മാധ്യമപ്രവർത്തന ജീവിതത്തിൽ ഏറ്റവും വിഷമകരമായ ദൗത്യം ആയിരുന്നു ഝാൻസി മെഡിക്കൽ കോളേജിലെ ഫീൽഡ് റിപ്പോർട്ടിങ്.
തീപിടുത്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ ഝാൻസിയിൽ എത്തി. നവംബർ 15 വെള്ളിയാഴ്ച രാത്രി 10.30നാണ് ഝാൻസി മെഡിക്കൽ കോളേജിലെ ന്യൂബോൺ കെയർ യൂണിറ്റിൽ തീ പിടിച്ചത്. പ്രാഥമിക വിലയിരുത്തലിൽ ഒക്സിജൻ കോൺസെൻട്രേറ്ററിലെ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം. 49 കുഞ്ഞുങ്ങളിൽ പത്തു പേർ തൽക്ഷണം മരിച്ചു. മരിച്ച 3 കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം തീ കവർന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് റിപ്പോർട്ടർ സംഘം മെഡിക്കൽ കോളേജിൽ എത്തുമ്പോൾ, തിരിച്ചറിഞ്ഞ കുഞ്ഞുങ്ങളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്ന തിരക്കിലായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ.
'ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ടുണ്ട്. ധനസഹായം വേണം' അപകടത്തിൽ പൊള്ളലേറ്റ ഒരു കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് ധനസഹായം ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും ചികിത്സയിലാണെന്നും ജീവനക്കാർ അറിയിച്ചു. പക്ഷെ ബന്ധുക്കൾക്ക് കുഞ്ഞിനെയല്ല, നഷ്ടപരിഹാരം ആണ് വേണ്ടത്. മരിച്ച നവജാത ശിശുക്കളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർ 5 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് നേടിയെടുക്കാനാണ് കുഞ്ഞ് മരിച്ചുവെന്ന വാദം. ശനിയാഴ്ച്ച രാവിലെ മെഡിക്കൽ കോളേജിൽ നടന്ന സംഭവം ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാണ് വിശദീകരിച്ചത്. കുഞ്ഞ് മരിച്ചെന്നു പറഞ്ഞാൽ മാത്രം പണം കിട്ടില്ലെന്നും പരിശോധന ഉണ്ടാകുമെന്നും ആശുപത്രി ജീവനക്കാർ കട്ടായം പറഞ്ഞതോടെ ബന്ധുക്കൾ മടങ്ങുകയായിരുന്നു. സ്വന്തം കുഞ്ഞിന് പകരം നഷ്ടപരിഹാരം ആവശ്യപെടാൻ കാരണമെന്താകും? 'കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും, ജീവിതകാലം മുഴുവൻ ശ്രമിച്ചാലും ഏഴ് ലക്ഷം രൂപ ഇവർക്ക് സ്വരുക്കൂട്ടാനാകില്ല' എന്നായിരുന്നു എന്റെ ഉള്ളിലെ ചോദ്യത്തിന് കൂട്ടത്തിലെ മറ്റൊരു മാധ്യമപ്രവർത്തകന്റെ മറുപടി. എന്തൊരു ജീവിതമാണ്!! പട്ടിണിയും ദുരിതപൂർണമായ ജീവിത സാഹചര്യവുമാകും കുഞ്ഞ് മരിച്ചുവെന്ന കള്ളം പറയാൻ ബന്ധുക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
ഇതാണ് ശരിക്കുള്ള ഇന്ത്യ! ഇവരുടേത് കൂടിയാണ് രാജ്യം!
തീപിടുത്തത്തിൽ മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് നിന്ന് ഒട്ടനവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയം കെയർ യൂണിറ്റിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നഴ്സ് മേഘ ജെയിംസുമായി ഞങ്ങൾ സംസാരിച്ചു. 18 കുഞ്ഞുങ്ങൾക്ക് മാത്രം സൗകര്യം ഉണ്ടായിരുന്ന റൂമിലാണ് 49 കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചതെന്ന ആരോപണം നഴ്സ് മേഘ റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു. ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് ആദ്യം പ്രതികരിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എസ് സെൻഗാർ, നഴ്സിന്റെ പ്രതികരണത്തോടെ വെട്ടിലായി. വീഴ്ചയുണ്ടായി എന്ന് ഉറപ്പ്.
പരിധിയിൽ കൂടുതൽ കുട്ടികളെ എങ്ങനെ സ്പെഷ്യൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു? അഗ്നിരക്ഷ ഉപകരണങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ലെന്ന് ദൃക്ഷക്ഷികളുടെ മൊഴിയുണ്ട്. സുരക്ഷ ഓഡിറ്റുകൾ സമയാസമയം നടത്താതിരുന്നത് എന്ത് കൊണ്ട്? എല്ലാം കൃത്യമെന്ന് വാദിക്കുമ്പോഴും മെഡിക്കൽ കോളേജിന്റെയും ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെയും ഉത്തരങ്ങളിൽ വ്യക്തത ഇല്ല.
കേരളത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു പുകില്!
കോഴിക്കോട് ശാസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവെച്ച സംഭവം എൽഡിഎഫ് സർക്കാരിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചെറിയൊരു ചികിത്സ പിഴവ് സംഭവിച്ചാൽ പോലും ഉയരുന്ന പ്രതിപക്ഷ വിമർശനവും പൊതുജന പ്രതിഷേധവുമൊക്കെയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്. രണ്ട് ദിവസം റിപ്പോർട്ടർ സംഘം ഝാൻസിയിൽ ചെലവഴിച്ചു. ഇരുപതോളം സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ ഒരൊറ്റ പ്രതിഷേധം മാത്രമാണ് കാണാനായത്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ പോലും ഒരു ദിവസത്തിൽ കൂടുതൽ മെഡിക്കൽ കോളേജിൽ നിന്നില്ല. ഗൊരഖ്പുരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ചിട്ട് എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.! ഒന്നും സംഭവിക്കുകയുമില്ല.! ഇത് കേരളം അല്ല.
'ഒരു പ്രശ്നവുമില്ല, എല്ലാം ഓക്കേ ആയിരുന്നു. നിർഭാഗ്യവശാൽ തീപിടുത്തം ഉണ്ടായി, എന്ത് ചെയ്യാനാകും.' മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ എസ് സെൻഗാർ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിന്റെ സംക്ഷിപ്തമാണിത്. ആശുപത്രി അധികൃതർക്കും ആരോഗ്യവകുപ്പിനുമെല്ലാം സംഭവത്തിൽ നിസ്സംഗ മനോഭാവമാണ്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറാനിരുന്നു ആദ്യ തീരുമാനം. എന്നാൽ പിറ്റേ ദിവസം ഡിഎൻഎ പരിശോധന ഇല്ലാതെ തന്നെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുനൽകി. തൂക്കവും നീളവും മറ്റു അടയാളങ്ങളും നോക്കി തിരിച്ചറിഞ്ഞു എന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പരിശോധനക്കായി ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇനി ഡിഎൻഎ പരിശോധനയിൽ കുഞ്ഞുങ്ങൾ മാറിപ്പോയെന്ന് കണ്ടെത്തിയാലോ.? 'ഒരിക്കലും വരില്ല. കുഞ്ഞുങ്ങളെ കൈമാറിയവരുടേതുമായി ഡിഎൻഎ മാച്ച് ചെയ്യും. ഇവിടെ (യു.പി) തന്നെയല്ലേ പരിശോധനയും മാച്ചിങ്ങും എല്ലാം..!'
ദേശീയ ദിനപ്പത്രത്തിന്റെ യുപി ലേഖകൻ നൽകിയ ഈ മറുപടിയിലുണ്ട് എല്ലാം.!
Content Highlights: Painful images from Jhansi Medical College, where 11 babies were burned