സ‍ർക്കാർ ഏറ്റെടുത്തിട്ട് ആറ് വർഷം, തുടരുന്ന നിയമക്കുരുക്ക്; നെട്ടോട്ടമോടി കണ്ണൂ‍ർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥികൾ

സ്റ്റൈപ്പൻഡ് ഇനത്തിൽ പ്രതിമാസം ലഭിക്കേണ്ട 25,000 രൂപ മുടങ്ങിയത് കണ്ണൂ‍ർ‌ ഡെൻ്റൽ കോളേജ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി. കോടതി കയറി അനുകൂല വിധി വന്നിട്ടും സ്റ്റൈപ്പൻഡ് തുക ഇനിയും ലഭിക്കാത്തതിന്റെ ആവലാതിയിലാണ് വിദ്യാർത്ഥികൾ

ആമിന കെ
1 min read|20 Nov 2024, 01:02 pm
dot image

കേരളത്തിലെ ആരോഗ്യ മേഖലയും ആരോഗ്യ വിദ്യാഭ്യാസ രംഗവും രാജ്യത്തിന് തന്നെ മാതൃകയായാണ് മുന്നോട്ട് പോകുന്നത്. സർക്കാർ തലത്തിലുള്ള 12 മെഡിക്കൽ കോളേജുകൾ ഇതിന് മുതൽക്കൂട്ടായിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിലവിൽ മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

2018ലായിരുന്നു കണ്ണൂർ പരിയാരം മെഡിക്കൽ കോളേജും ഡെന്റൽ കോളേജ് ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിനായുള്ള സർക്കാർ ഓർഡിൻസ് ഇറക്കുന്നത്. 2019ൽ ഔദ്യോഗികമായി ഏറ്റെടുക്കൽ പൂർത്തിയായി. ഇതോടെ സർക്കാർ കോളേജിൽ പഠനം തുടരാമെന്ന ആശ്വാസത്തിലായിരുന്നു ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ. എന്നാൽ തങ്ങളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള പഠനാന്തരീക്ഷം. സർക്കാർ ഏറ്റെടുത്തെങ്കിലും പല തവണ കോടതി വരാന്തകൾ കയറിയിറങ്ങിയാണ് മനോഹരമായ കോളേജ് കാലഘട്ടം അവർ പൂർത്തീകരിച്ചത്. അവസാനം കോളേജ് വിദ്യാഭ്യാസം അവസാനിച്ചിട്ടും ഇപ്പോഴും തങ്ങൾക്ക് ലഭിക്കേണ്ട അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ.

ഡെന്റൽ കോളേജ്

വലഞ്ഞ് വിദ്യാർത്ഥികള്‍

2018 സെപ്റ്റംബറിൽ കോളേജിൽ ചേർന്ന 28 വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വന്നത്. 2018 ബാച്ചിലെ വിദ്യാർത്ഥികൾ കോളേജിൽ പ്രവേശിക്കുമ്പോൾ കോ-ഓപ്പറേറ്റീവ് കോളേജായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പരിയാരം മെഡിക്കൽ കോളേജിനൊപ്പം ഡെന്റൽ കോളേജും സർക്കാർ ഏറ്റെടുത്തു. ഇതോടെ ഫീസിന്റെ കാര്യത്തിൽ ആശങ്കകളുയർന്നു. തുടർന്ന് വിദ്യാർത്ഥികൾ ജില്ലാ കോടതിയെയും പിന്നാലെ ഹൈക്കോടതിയെയും സമീപിക്കുകയും സർക്കാർ നിശ്ചയിച്ച ഫീസ് നൽകിയാൽ മതിയെന്ന സ്റ്റേ വാങ്ങുകയും ചെയ്തു.

പിന്നീടുള്ള നാല് വർഷം വിദ്യാർത്ഥികൾ സർക്കാർ ഫീസ് അടച്ചായിരുന്നു ഡെന്റൽ കോളേജിലെ പഠനം പൂർത്തിയാക്കിയത്. എന്നാൽ ഇന്റേൺഷിപ്പിന്റെ സമയത്ത് വീണ്ടും പ്രതിസന്ധികൾ ഇവരെ വലക്കുകയായിരുന്നു. ഇന്റേൺഷിപ്പിന് (ഹൗസ് സർജൻസി) അനുമതി ലഭിക്കാത്തതായിരുന്നു ആദ്യത്തെ പ്രശ്നം. തുടർന്ന് വീണ്ടും കോടതിയിലെത്തി ഇന്റേൺഷിപ്പിനുള്ള അനുമതി വാങ്ങി. ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പായിരുന്നു ഉണ്ടായിരുന്നത്. വിധി വന്നപ്പോൾ ഹൗസ് സർജൻസി ചെയ്യാൻ അനുവദിച്ചു.

ഫീസ് അടച്ച രസീത്

തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ഹൗസ് സർജൻസിക്ക് പ്രവേശിക്കുന്നത്. ഈ വർഷം ഒക്ടോബർ 24ന് ഹൗസ് സർജൻസി പൂർത്തിയാകുകയും ചെയ്തു. പക്ഷേ ഇക്കാലയളവിൽ ഒരു രൂപ പോലും വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ഇനത്തിൽ ലഭിച്ചിരുന്നില്ല. പ്രതിമാസം ലഭിക്കേണ്ട 25000 രൂപ മുടങ്ങിയത് മുഴുവൻ വിദ്യാർത്ഥികളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. അങ്ങനെ വീണ്ടും കോടതി കയറി അനുകൂല വിധി വന്നിട്ടും സ്റ്റൈപ്പൻഡ് തുക ഇനിയും ലഭിക്കാത്തതിന്റെ ആവലാതിയിലാണ് വിദ്യാർത്ഥികൾ. സെപ്റ്റംബർ ഒമ്പതിനാണ് സ്റ്റൈപ്പൻഡ് തുക വിദ്യാർത്ഥികൾക്ക് നൽകണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. രണ്ട് മാസത്തിനുള്ളിൽ തുക നൽകണമെന്നായിരുന്നു വിധി. എന്നാല്‍ വിധി നടപ്പിലാക്കി തുക ഇത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല.

കോടതി വിധിയിൽ നിന്നും

'എന്നാൽ വിധി വന്ന് രണ്ട് മാസം കഴിഞ്ഞെങ്കിലും ഇതുവരെ സ്റ്റൈപ്പൻഡ് ലഭിച്ചില്ല. നിലവിൽ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കുഹാസ് (കേരള യൂണിവേഴ്സ്റ്റി ഓഫ് ഹെൽത്ത് സയൻസസ്), ഡിഎംഇ (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ) എന്നിവരെയും സമീപിച്ചിരുന്നു. ഇവർ ഉന്നത അധികാരികൾക്ക് ഫയൽ കൈമാറുന്നതല്ലാതെ മറ്റ് അനുകൂല നടപടികളൊന്നുമുണ്ടാകുന്നില്ല'

ഡെന്റൽ കോളേജ് വിദ്യാർത്ഥി

രണ്ടാഴ്ച മുമ്പ് സ്റ്റൈപ്പൻഡ് വിഷയത്തിൽ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിനെ സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ മറ്റ് പുരോഗതിയുണ്ടായില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. നിലവിൽ മറ്റ് തുടർ നടപടികളില്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും (സിഎംഒ പോർട്ടൽ) വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

Finance minister K N Balagopal
കെ എൻ ബാലഗോപാൽ

വിദ്യാർത്ഥികളുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി വന്നതിൽ അവർക്ക് ആശ്വാസമുണ്ടെങ്കിലും ആശങ്കകളും ഒരുപാടുണ്ട്. തങ്ങൾ ഇതുവരെ കടന്നു പോയ നടപടിക്രമങ്ങൾ ഒന്നുകൂടി പിന്തുടരേണ്ടി വരുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വന്ന മറുപടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ, ഡെന്റൽ കോളേജ് പ്രിൻസിപ്പൾ, കുഹാസ്, ഡിഎംഇ, ധനകാര്യ വകുപ്പ് ഈ രീതിയിലാണ് ഫയൽ പോകേണ്ടത്. ഇപ്പോൾ ധനകാര്യ വകുപ്പിലാണ് ഫയലുള്ളത്. എന്നാൽ ഈ നടപടി ക്രമങ്ങൾ ഒന്നു കൂടി ആവർത്തിച്ചാൽ മാത്രമേ സ്റ്റൈപ്പൻഡ് ലഭിക്കുകയുള്ളുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

മുഖ്യമന്ത്രിക്ക് നൽകിയ പരാതി

2018ലെ എംബിബിഎസ് ബാച്ചിന് പല നിയമ നടപടികൾക്ക് ശേഷം സ്റ്റൈപ്പൻഡ് ലഭിച്ചിട്ടും ഇപ്പോഴും ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ സ്റ്റൈപ്പൻഡിന് വേണ്ടി അധികാരികൾക്ക് പിന്നാലെ നിരന്തരം നടക്കുകയാണ്. ഡെന്റൽ കോളേജിലെ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് കിട്ടിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

കാലതാമസമുണ്ടാകുമെന്ന് അധികൃതർ

ആരോഗ്യ വകുപ്പിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകാനുള്ള അനുമതി നൽകിയിട്ടുണ്ടെങ്കിലും ധനവകുപ്പിന്റെ അനുമതി വേണ്ട സാഹചര്യമായതിനാൽ തന്നെ സ്വന്തമായ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് കോളേജ് അധികൃതർ. അതേസമയം വിദ്യാർത്ഥികൾ ഇതുവരെ സർക്കാർ ഫീസ് അടച്ചിട്ടില്ലെന്നാണ് ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സജി പി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. എന്നിട്ടും വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചെന്നും കോടതി വിധി പ്രകാരം ഹൗസ് സർജൻസി ചെയ്യാനുള്ള അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഫീസടക്കാത്ത വിദ്യാർത്ഥികൾക്ക് എങ്ങനെ സ്റ്റൈപ്പൻഡ് നൽകുമെന്നും അദ്ദേഹം ചോദിച്ചു.

'കോടതി രണ്ട് മാസത്തിനുള്ളിൽ സ്റ്റൈപ്പൻഡ് നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറെ വിഷയം ധരിപ്പിച്ചിട്ടുണ്ട്. ഫിനാൻസിൽ നിന്ന് തുക പാസാക്കുന്ന സമയത്ത് അവർക്ക് സ്റ്റൈപ്പൻഡ് നൽകുന്നതായിരിക്കും. കൊടുക്കാതിരിക്കില്ല. അതിന് സമയ താമസമുണ്ടാകും' അദ്ദേഹം പറഞ്ഞു.

2018ൽ കോളേജ് സർക്കാർ ഏറ്റെടുത്തിരുന്നില്ല. കളക്ടർ ചെയർമാനായും കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പാൾ എം രവീന്ദ്രൻ രക്ഷാധികാരിയായും ഒരു മൂന്നംഗ സമിതിയെ ഏർപ്പെടുത്തുകയായിരുന്നു. സർക്കാർ 2019ലാണ് ഓർഡിനൻസ് ഇറക്കിയത്. ബോർഡിനെ വെച്ചത് സർക്കാരാണെന്ന് പറഞ്ഞ് കൊണ്ട് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും സജി പറയുന്നു.

'വിദ്യാർത്ഥികൾ സർക്കാര്‍ ഫീസ് തരണം. അവർക്ക് അഡ്മിഷൻ സൂപ്പർവൈസർ നിശ്ചയിച്ച ഫീസാണ് ഉണ്ടായിരുന്നത്. അഡ്മിഷൻ സമയത്ത് സർക്കാർ ആണോ മാനേജ്മെന്റാണോ എന്ന് അറിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഫീസ് അടച്ചിട്ടില്ല. നാല് വർഷത്തെ ഫീസ് പെൻഡിങ്ങാണ്. ആദ്യം ചേരുമ്പോൾ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷനിൽ അടക്കുന്ന ഫീസൊഴിച്ച് പിന്നീടുള്ള ഒരു ഫീസും അവർ അടച്ചിട്ടില്ല'

പ്രിൻസിപ്പാൾ

നിലവിൽ സ്റ്റൈപ്പൻഡ് നൽകാൻ കോടതി വിധി വന്നെങ്കിലും അതിൽ തീരുമാനമെടുക്കാൻ പ്രിൻസിപ്പാളിനാകില്ലെന്നു സജി പറയുന്നു. ഇപ്പോൾ സർക്കാരിന് കീഴിലായ സ്ഥാപനമായത് കൊണ്ട് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷനും ധനവകുപ്പും തീരുമാനമെടുത്ത് പണം പാസായി വന്നാലേ സ്റ്റൈപ്പൻഡ് നൽകാൻ സാധിക്കുകയുള്ളുവെന്നും കോളേജിന്റെ നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഫീസ് നൽകിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. തങ്ങൾക്ക് അർഹതപ്പെട്ട സ്റ്റൈപ്പൻഡ് തുക ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമോയെന്ന് ആശങ്കയിലാണ് കണ്ണൂർ ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികള്‍.

Content Highlights: Kannur Dental College students do not get Stipend during house surgency

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us