സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം…ദിവസങ്ങള്‍ക്ക് മുമ്പ് പാരീസിന്റെ തെരുവില്‍ അലയടിച്ചു കേട്ട മുദ്രാവാക്യമാണിത്. പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിന് മുന്നില്‍ നിന്നുയര്‍ന്ന പ്രതിഷേധം അതിന്റെ സ്വഭാവം കൊണ്ട് ഇതിനോടകം തന്നെ പ്രശസ്തമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ വുമണ്‍സ് റൈറ്റ്‌സ് മൂവ്‌മെന്റായ ഫെമനിലെ (FEMEN) നൂറ് വനിതകള്‍ അര്‍ധനഗ്നരായി നടത്തിയ പ്രതിഷേധം സമരത്തിൻ്റെ പുതിയ രീതി പരിചയപ്പെടുത്തുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ 25നായിരുന്നു നൂറു സ്ത്രീകള്‍ മേല്‍ക്കുപ്പായം ധരിക്കാതെ അര്‍ധനഗ്നശരീരത്തില്‍ മുദ്രാവാക്യങ്ങളെഴുതി പ്രതിഷേധിച്ചത്. വിവിധ പ്രായത്തിലുള്ള വിവിധ തൊഴിലിലേര്‍പ്പെട്ട സ്ത്രീകളാണ് പ്രതിഷേധവുമായി പാരീസിൻ്റെ നഗരവീഥികളിലിറങ്ങിയത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഫ്രഞ്ച്, ഇംഗ്ലീഷ് കുര്‍ദിഷ് ഭാഷകളില്‍ തങ്ങളുടെ ശരീരത്തിൽ എഴുതിയായിരുന്നു പ്രതിഷേധം.
പുരുഷാധിപത്യത്തെ തുടര്‍ന്നുള്ള അടിച്ചമര്‍ത്തല്‍ മാത്രമല്ല, അഫ്ഘാനിസ്താന്‍, ഇറാന്‍, ഇറാഖ്, കുര്‍ദിസ്ഥാന്‍, യുക്രെയ്ന്‍, പലസ്തീന്‍, ഇസ്രയേല്‍, സുഡാന്‍, ലിബ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഫെമെന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഗായിക ലിയോയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വിലാപത്തിന്റെയും അത് മായ്ച്ചുകളയുന്നതിന്റെയും പ്രതീകമായി 'എല്‍ ഹിംനെ ദെസ് ഫെമ്മെസ്' എന്ന ഗാനമാലപിച്ച് കറുത്ത മൂടുപടം ഉപയോഗിച്ചുള്ള പ്രതിഷേധം ഏറെ വ്യത്യസ്തമായിരുന്നു. ഇറാനിയന്‍ വനിതകളുടെ പ്രതിരോധത്തിന്റെ മാതൃകയായ 'തുല്യതയ്ക്കുള്ള ഗാനം' വിക്ടോറിയ ഗുഗെന്‍ഹെയിമ്മിന്റെ നേതൃത്വത്തിലും ആലപിച്ചു.
മുദ്രാവാക്യങ്ങളാലും പ്രതിരോധത്തിന്റെ സന്ദേശത്താലും കുറിക്കപ്പെട്ട ഞങ്ങളുടെ ശരീരം ധിക്കാരത്തിന്റെ പ്രടകനപത്രികയാണ്. മൂടുപടം നീക്കുന്നത് വെറും പ്രതീകാത്മകമല്ല, ബോധപൂര്‍വമായ ഒരു പ്രവര്‍ത്തിയാണ്. നിശബ്ദരാകില്ലെന്ന് ലോകത്തോടുള്ള പ്രഖ്യാപനമാണത്. നാം മായ്ക്കപ്പെടില്ല. ഞങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നാം അവസാനിപ്പിക്കില്ല
ഫെമെന്‍ കുറിച്ചു
അര്‍ധനഗ്നരായ വനിതാ ആക്ടിവിസ്റ്റുകളുടെ ഒരു പോരാട്ടമാണ് ഫെമെന്‍. മുദ്രാവാക്യങ്ങള്‍ ശരീരത്തിലെഴുതി തലയില്‍ പൂവ് കൊണ്ടുള്ള കിരീടമണിഞ്ഞാണ് ഫെമെന്‍ മൂവ്‌മെന്റിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. പുരുഷാധിപത്യത്തിനെതിരെയുള്ള സമ്പൂര്‍ണ വിജയമെന്നാണ് ഫെമെൻ അവരുടെ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്.
നേരത്തെ സമാനരീതിയിലുള്ള ഒരു പ്രതിഷേധം ലോകം കണ്ടിരുന്നു. ആ ഒരു ഒറ്റയാൾ പോരാട്ടത്തിൻ്റെ പിന്നാലെയുള്ള നൂറ് പേരുടെ പോരാട്ടം വനിതകൾക്ക് നേരെയുള്ള അക്രമങ്ങളെ നേരിടുന്ന വനിതകൾ ശക്തരാകുന്നുവെന്ന സൂചന കൂടിയാണ് നൽകുന്നത്.
ഇറാന്റെ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ചുള്ള വിദ്യാര്‍ത്ഥിയുടെ പ്രതിഷേധമാണ് വ്യാപകമായ ചര്‍ച്ചയുണ്ടാക്കിയത്. ആഴ്ചകൾക്ക് മുമ്പ് നടന്ന ടെഹ്‌റാന്‍ സയന്‍സ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പ്രചരിച്ചതോടെ വിദ്യാർത്ഥിനിയുടെ പോരാട്ടം ശ്രദ്ധ പിടിക്കുകയായിരുന്നു.
പിന്നാലെ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാന്‍ രംഗത്തെത്തി ഈ വേളയിലാണ് അക്രമങ്ങൾക്കെതിരെ നൂറ് വനിതകൾ ധീരമായി തങ്ങളുടെ ശരീരം കൊണ്ട് തന്നെ പ്രതിരോധം തീർക്കാൻ ഇറങ്ങിയിരിക്കുന്നത്.
Content Highlights: Women activists FEMEN protest in Paris