പല ദുരന്തമുഖങ്ങളെയും അഭിമുഖീകരിച്ച ചരിത്രം നമ്മുടെ നാടിനുണ്ട്. അത്തരത്തില്‍ ഇന്നും വിങ്ങലോടെ ഓര്‍ക്കുന്ന, പാര്‍ശ്വഫലങ്ങള്‍ തീവ്രമായി അനുഭവിക്കുന്ന ദുരന്തമാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം. ഒരു പക്ഷേ ഭോപ്പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ സ്ഥലത്തെകുറിച്ചുള്ള ഓര്‍മകള്‍ക്ക് പകരം ഇന്നും ഈ ദുരന്തവും ദുരന്തത്തില്‍ ഇല്ലാതായ കുഞ്ഞുങ്ങളുടെയടക്കമുള്ളവരുടെ മുഖങ്ങളുമാണ് നമുക്ക് ഓര്‍മ വരിക. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന് 40 വയസ് തികയുകയാണ്. എന്നാല്‍ അന്ന് ജീവനോടെ രക്ഷപ്പെട്ടവരും അവരുടെ പിന്‍ഗാമികളും ഇന്നും പല രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്.
ദുരന്തത്തെ അതിജീവിച്ചവരില്‍ ഗ്യാസ് എക്‌സ്‌പോഷര്‍ മൂലമുള്ള രോഗങ്ങള്‍ മാത്രമല്ല, ദിനം പ്രതി പുതിയ രോഗങ്ങളും അവരെ അലട്ടുകയാണെന്നാണ് 28 വര്‍ഷമായി ആയിരക്കണക്കിന് അതിജീവിതര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കുന്ന സംഭാവന ട്രസ്റ്റിന്റെ റിപ്പോര്‍ട്ട്.
അതിജീവിതര്‍ക്ക് ആനുപാതികമായി മറ്റ് രോഗങ്ങളും കൂടുകയാണെന്നും കഴിഞ്ഞ 16 വര്‍ഷമായി ഗണ്യമായി ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുകയാണെന്നുമാണ് വിലയിരുത്തല്‍. ഗ്യാസ് എക്‌സ്‌പോഷര്‍ മൂലം രോഗ ബാധിതരായ 16,305 രോഗികളുടെയും എക്‌സ്‌പോഷര്‍ മൂലമല്ലാത്ത 8106 രോഗികളെയും വിലയിരുത്തിയാണ് എന്‍ജിഒ നിഗമനത്തിലെത്തിയത്. ഇതില്‍ ശ്വാസകോശ രോഗങ്ങള്‍ മുതല്‍ മാനസിക രോഗങ്ങളടക്കം ഭോപ്പാല്‍ ദുരന്ത ബാധിതരില്‍ കൂടുകയാണ്.
കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ അതിജീവിതരില്‍ ഡിപ്രഷന്‍, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവ ഗണ്യമായി ഉയരുകയായിരുന്നു. ഗ്യാസ് ദുരന്തത്തില്‍ ഇരയായവരില്‍ മറ്റ് രോഗികളെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് പ്രമേഹത്തിന്റെ കണക്ക്. 'ആരോഗ്യ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് ജോലിയില്ല. നിയന്ത്രണത്തില്‍ നില്‍ക്കാത്ത പ്രമേഹമാണ് നിലവില്‍ ജോലി ഇല്ലാതാകാനുള്ള പ്രധാന കാരണം', മധ്യപ്രദേശിലെ ചോല മന്ദിര്‍ ഏരിയയില്‍ താമസിക്കുന്ന മഹേഷ് തിവാരിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ മഹേഷിനെ ആകെ അഞ്ച് വയസാണ് പ്രായം.
ജനിക്കുന്ന കുട്ടികളില്‍ അംഗവൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മാത്രവുമല്ല, ദുരന്തത്തിന്റെ പ്രത്യാഘാതം അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ മുന്‍ ഫോറന്‍സിക് ഡോക്ടര്‍ കെ സത്പതി നടത്തിയിരുന്നു. ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പിന്റെ മുന്‍ മേധാവിയായ സത്പതി ദുരന്ത ദിനത്തില്‍ മാത്രം 875 പോസ്റ്റുമോര്‍ട്ടമാണ് നടത്തിയത്. പിന്നീടുള്ള അഞ്ച് വര്‍ഷങ്ങളില്‍ 18,000 പേരുടെ പോസ്റ്റുമോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയില്‍ കണ്ടെത്തിയ വിഷ പദാര്‍ത്ഥങ്ങളുടെ 50 ശതമാനം കുഞ്ഞുങ്ങളിലേക്കുമെത്തിയതായി കണ്ടെത്തിയെന്നും സത്പതി വെളിപ്പെടുത്തിയിട്ടുണ്ട്. അതിജീവിച്ച അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളിലേക്കും വിഷപദാര്‍ത്ഥമെത്തിയിട്ടുണ്ടെന്നും ഇത് അടുത്ത തലമുറയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നും സത്പതി പറയുമ്പോള്‍ എത്ര തലമുറകള്‍ ഇതിന്റെ ബാക്കിപത്രവുമായി ജനിക്കേണ്ടി വരുമെന്ന ആശങ്കയാണ് ഉയരുന്നത്.
അര്‍ധരാത്രി പൊലിഞ്ഞ ഒരു നാടിന്റെ സ്വപ്നം
ഡിസംബര്‍ രണ്ടിന് അര്‍ധരാത്രി എല്ലാവരും സുഖനിദ്രയിലാണ്ടപ്പോഴായിരുന്നു ഒരു നാടിനെ അപ്പാടെ ദുരന്തം വിഴുങ്ങിയത്. മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷവാതകം കീടനാശിനി നിര്‍മാണ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് ലിമിറ്റഡ് (യുസിഐഎല്‍) പ്ലാന്റില്‍ നിന്നും ലീക്കാകുയായിരുന്നു. വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിച്ച് തുടങ്ങിയ സമയത്ത് പലരും ഉറക്കത്തിലായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയോടെയാണ് വിഷവാതകം ശ്വസിച്ച് നാട്ടുകാര്‍ ആശുപത്രിയിലെത്തിയത്.
രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. 50,000ത്തിലധികം പേരാണ് അന്ന് ഇരു ആശുപത്രികളിലായെത്തിയത്. എന്താണ് സംഭവിച്ചതെന്ന അങ്കലാപ്പിലായിരുന്നു ഡോക്ടര്‍മാരും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 5479 പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍ ഇവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 8000 മുതല്‍ 10000 പേര്‍ വരെ കൊല്ലപ്പെട്ടെന്നാണ് സൂചിപ്പിക്കുന്നത്.
വിഷയത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇയാള്‍ രാജ്യം വിടുകയും ചെയ്തു. രാജ്യം വിട്ട ആന്‍ഡേഴ്‌സണ്‍ 2014 സെപ്റ്റംബറില്‍ മരിക്കുന്നതുവരെ ഇന്ത്യയിലേക്ക് തിരിച്ചുവന്നില്ല. നിലവില്‍ അന്നത്തെ ദുരന്തത്തേക്കാള്‍ ഭീകരമായ സാഹചര്യത്തിലാണ് ഇവിടുത്തെ ജനത കടന്നുപോകുന്നത്.
ഒരു ഭാഗത്ത് തുടര്‍ച്ചയായ ശ്വാസകോശസംബന്ധമായ അസുഖക്കാരും, കാന്‍സര്‍ രോഗികളുടെ എണ്ണം, കരള്‍ രോഗികളുമടക്കമുള്ളവര്‍. മറുഭാഗത്ത് ഫാക്ടറിയിലെ മാലിന്യങ്ങള്‍ ഇപ്പോഴും മാറ്റിയിട്ടില്ല. മീഥൈല്‍ മാലിന്യത്തിനൊപ്പം 11 ലക്ഷം ടണ്‍ വിഷലിപ്ത മണ്ണും ഒരു ടണ്‍ മെര്‍ക്കുറിയും ഏകദേശം 150 ടണ്‍ ഭൂഗര്‍ഭ മാലിന്യവും സ്ഥലത്തുണ്ടെന്ന് 2010ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു. ജോലി ഇല്ലാത്തവരും, ജോലി ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തവരും, വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളെയടക്കം എങ്ങനെ വളര്‍ത്തണമെന്നും അറിയാത്ത ഒരു പറ്റം ഗ്രാമവാസികള്‍ ഇപ്പോഴും നഷ്ടപരിഹാരമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുകയാണ്.
Content Highlights: Bhopal Gas Tragedy 40th anniversary