ഉത്തര്‍പ്രദേശിലെ സാംഭാലിലെ ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കിടയിലെ സംഘര്‍ഷം വീണ്ടും പ്രദേശത്ത് അശാന്തി പടര്‍ത്തിയിരിക്കുകയാണ്. ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കെതിരെ നിലവില്‍ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍വേ നിര്‍ത്തിവെക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാണ്.
നാല് പേരുടെ കൊലപാതകത്തിനിടയായ സാംഭാൽ ഷാഹി ജമാ മസ്ജിദ് സര്‍വേ സംഘര്‍ഷം എന്താണ്? സര്‍വേയ്ക്ക് പിന്നിലെ കാരണമെന്താണ്? പരിശോധിക്കാം.
ഷാഹി ജമാ മസ്ജിദിന്റെ ചരിത്രം
ബാബരി മസ്ജിദ്-അയോധ്യ രാമക്ഷേത്രം, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് വിവാദങ്ങളും വര്‍ഷങ്ങളായി പൊതു മധ്യത്തിലുണ്ടെങ്കിലും സാംഭാല്‍ മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴാണ് വീണ്ടും സജീവമാകുന്നത്. നൂറ്റാണ്ടുകളായി എല്ലാ വിഭാഗം ജനങ്ങളും സൗഹാര്‍ദ്ദത്തോടെ സമാധാനപരമായി ജീവിക്കുന്ന പ്രദേശമാണ് സാംഭാല്‍.
1526നും 1530നുമിടയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലഘട്ടത്തില്‍ പണിത മസ്ജിദാണ് ഷാഹി ജമാ മസ്ജിദ്. ഈ കാലയളവില്‍ പണിത മൂന്ന് പ്രശസ്തമായ മസ്ജിദുകളിലൊന്നാണിത്. 1992ല്‍ പൊളിക്കപ്പെട്ട ബാബരി മസ്ജിദും പാണിപതിലെ മസ്ജിദുമാണ് മറ്റ് രണ്ട് പള്ളികള്‍.
ഏകദേശം 1528ലാണ് ബാബറിന്റെ ജനറല്‍ മിര്‍ ഹിന്ദു ബെഗ് പള്ളി പണിതതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. സാംഭാലിന്റെ മധ്യഭാഗത്തുള്ള ഒരു കുന്നിന്‍ മുകളിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വലിയ സങ്കേതവും തകര്‍ന്ന ചുവരുകളുള്ള ചതുരാകൃതിയിലുള്ള മിഹ്റാബ് ഹാളും അടങ്ങിയ മസ്ജിദ് ഇരു ഭാഗങ്ങളിലും കമാനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
കുമ്മായം കൊണ്ട് പൊതിഞ്ഞ കല്ല് കൊണ്ടാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. 17ാം നൂറ്റാണ്ടില്‍ ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്ത് മസ്ജിദില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുമുണ്ട്. ഭൂരിഭാഗം ചരിത്രകാരന്‍മാരും മസ്ജിദ് ബാബറിന്റെ കാലത്താണ് നിര്‍മിച്ചതെന്ന് വ്യക്തമാക്കുമ്പോള്‍, തുഗ്ലകിന്റെ കാലത്ത് പണിത മസ്ജിദിൽ മുഗള്‍ കാലത്ത് വാസ്തുവിദ്യയില്‍ ചില സവിശേഷതകള്‍ ചേര്‍ക്കുകയാണെന്നും വാദിക്കുന്നുണ്ട്.
എന്നാല്‍ മസ്ജിദ് വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും വിഷ്ണുവിന്റെ അവതാരമായ കല്‍കി ഇവിടെ ഇറങ്ങാറുണ്ടെന്നും ഹിന്ദു വിഭാഗത്തില്‍പ്പെട്ട ചിലരും വാദിക്കുന്നു. ഇതേ വാദങ്ങൾ ഉന്നയിച്ച് വർഷങ്ങൾക്ക് മുമ്പും ഒരു കോടതി കയറ്റമുണ്ടായിരുന്നു.
1878ലാണ് മൊറാദാബാദ് കോടതിയില്‍ ഛെദ്ദ സിങ്ങ് എന്ന് പറയുന്നൊരാള്‍ മസ്ജിദിനെതിരെ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞുവെന്ന് ജില്ലാ ഭരണകൂടത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഒരുപാട് കാലം സമാധാനപരമായി മുന്നോട്ട് പോയെങ്കിലും സാംഭാലിൽ 1976ല്‍ സംഘര്‍ഷമുണ്ടായി. പള്ളിയിലെ മൗലാന കൊല്ലപ്പെട്ടപ്പോഴുണ്ടായ സംഘർഷത്തിൽ ഒരു മാസത്തോളം പ്രദേശത്ത് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു.
സര്‍വേയും സംഘര്‍ഷവും
ചരിത്രം ഇങ്ങനെയാണെങ്കിലും സാംഭാല്‍ മസ്ജിദിനെ രാജ്യം ശ്രദ്ധിക്കുന്നത് സര്‍വേയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തിലൂടെയായിരുന്നു. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഈ മാസം 19ന് സംഭാലിലെ ജില്ലാ കോടതിയിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
ഹരിഹര്‍ മന്ദിര്‍ എന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുമായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഗ്യാന്‍വാപി മസ്ജിദ്, ഈദ്ഗാ മസ്ജിദ്, ധാറിലെ കമാല്‍-മൗല മസ്ജിദ് എന്നി മസ്ജിദുകള്‍ക്കെതിരെ ഉന്നയിച്ച അതേ അവകാശവാദം തന്നെയാണ് ഹര്‍ജിക്കാര്‍ ഇവിടെയും ഉന്നയിച്ചത്.
അതേദിവസം തന്നെ ഹര്‍ജി പരിഗണിച്ച കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിച്ചു. ഫോട്ടോഗ്രാഫിക്, വീഡിയോഗ്രാഫിക് സര്‍വേയ്ക്ക് അനുമതി നല്‍കിയ കോടതി 29ന് മുമ്പ് സര്‍വേ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പള്ളിയുടെ ഇന്‍സാമിയ കമ്മിറ്റിയെ കേള്‍ക്കാതെയായിരുന്നു കോടതി ഉത്തരവ്.
ഉത്തരവിന് പിന്നാലെ കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷണര്‍ രമേശ് രാഘവും സംഘവും മഗ്രിബ് നിസ്‌കാര സമയ(സന്ധ്യാ സമയത്തുള്ള പ്രാര്‍ത്ഥന)ത്ത് മസ്ജിദിലെത്തി. പൊലീസ് സൂപ്രണ്ടിന്റെയും പള്ളിക്കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ മജിസിട്രേറ്റിന്റെയും നേതൃത്വത്തില്‍ വളരെ സമാധാനപരമായി സര്‍വേ നടന്നു.
എന്നാല്‍ നവംബര്‍ 24ന് നടന്ന രണ്ടാം സര്‍വേയാണ് സംഘര്‍ഷത്തിലേക്ക് സാംഭാലിനെ നയിച്ചത്. സര്‍വേ സംഘത്തിന്റെ മുന്നിലായി ഹര്‍ജിക്കാരിലൊരാളായ പ്രാദേശിക മതപുരോഹിതനും അയാള്‍ക്ക് പിന്നാലെ ഒരു കൂട്ടം ആളുകളും അന്ന് വന്നിരുന്നു. മതപുരോഹിതന്റെ അനുയായികളായി വന്നവര്‍ ജയ് ശ്രീറാം മുഴക്കിയായിരുന്നു പ്രവേശിച്ചത്.
സര്‍വേ നടത്തുന്നവര്‍ക്കൊപ്പം പൊലീസ് സംഘവുമുണ്ടായിരുന്നു. നിരവധി പേര്‍ പള്ളിക്ക് സമീപം തടിച്ചുകൂടുകയും ചെയ്തു. പിന്നാലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കല്ലേറുകള്‍ ആരംഭിക്കുകയായിരുന്നു. തിരിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.
എന്നാല്‍ ഈ സംഭവം നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും മാത്രമേ പ്രയോഗിച്ചിട്ടുള്ളുവെന്നാണ് പൊലീസ് വാദം. പൊലീസിന്റെ അവകാശവാദങ്ങളെ നിഷേധിച്ച എംഎല്‍എ സിയോര്‍ റെഹ്‌മാന്‍ ബാര്‍ക്വ് ജോലിക്ക് പോയ നിരായുധരായ ആളുകളെ ഉള്‍പ്പെടെയാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു. പൊലീസ് തങ്ങളുടെ വീടുകള്‍ അടിച്ചു തകര്‍ത്തതായും പ്രദേശ വാസികള്‍ ആരോപിക്കുന്നു.
ആരാധനാലയ നിയമം
സാംഭാല്‍ മസ്ജിദ് സംഘര്‍ഷത്തിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ ആരാധനാലയ നിയമം ചര്‍ച്ചയാകുകയാണ്. 1947 ഓഗസ്റ്റ് 15ന് എങ്ങനെയാണോ ആരാധനാലയങ്ങള്‍ ആ രീതിയില്‍ തന്നെ തുടരണമെന്ന 1991ലെ നിയമമാണ് ആരാധനാലയ നിയമം. ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ആരാധനാലയങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മസ്ജിദുമായുള്ള തര്‍ക്കം വീണ്ടും ഉയരുമ്പോള്‍ ആരാധനാലയ നിയമവും ചര്‍ച്ചയാകുകയാണ്.
Content Highlights: What is Sambhal Jama Masjid controversy