കാനമില്ലാത്ത ഇടതുകാലം; പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്

കാനം രാജേന്ദ്രന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

dot image

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായിരുന്ന കാനം രാജേന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കണിശമായ നിലപാടുകളിലൂടെ സ്വന്തം പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ശരികളുയര്‍ത്തിപ്പിടിച്ച നേതാവിന്റെ വിയോഗം സിപിഐയെ സംബന്ധിച്ച് നികത്താനാകാത്ത വിടവാണ്. ഇടതുപക്ഷ മൂല്യങ്ങളിൽ ഉറച്ച് നിന്ന് ഭരണവും സംഘടനയും പോകണമെന്ന കണിശക്കാരനായിരുന്നു കാനം. അതിനാൽ തന്നെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ അത് ഇടത് നിലപാടുകളിൽ ഉറച്ചു നിന്നാകണമെന്ന് ശഠിച്ച നേര്‍വഴിക്കാരന്‍ കൂടിയായിരുന്നു കാനം.

Kanam Rajendran
കാനം രാജേന്ദ്രൻ

കാനമെന്ന കനലോര്‍മ

1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു രാജേന്ദ്രന്റെ ജനനം. കോട്ടയത്തെ വാഴൂര്‍ പഞ്ചായത്തിലെ കാനമെന്ന ഒരു ചെറിയ പ്രദേശത്തെ തന്റെ പേരിലൂടെയും ജീവിതത്തിലൂടെയും അടയാളപ്പെടുത്താന്‍ രാജേന്ദ്രന് സാധിച്ചു. പിന്നീട് മരണം വരെ കാനമെന്ന രണ്ടക്ഷരമായിരുന്നു അദ്ദേഹത്തിന്റെ മേല്‍വിലാസം.

എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാനം രാജേന്ദ്രന്‍ സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായി. കാനത്തിന്റെ പോരാട്ടവീര്യം എഐടിയുസിയിലൂടെയും രാഷ്ട്രീയ കേരളം നോക്കി കണ്ടു. 1982ലും, 1987ലും വാഴൂരില്‍ നിന്ന് നിയമസഭാംഗമായി. വളരെ പെട്ടെന്ന് മികച്ച സാമാജികനാണെന്ന് തെളിയിച്ച അദ്ദേഹത്തെ 1984ല്‍ ഏറ്റവും മികച്ച നിയമസഭാംഗമായി തിരഞ്ഞെടുക്കുകയും ചെയ്തു.

രണ്ടു തവണ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കാനം 2015ലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018ലും 2022 ലും വീണ്ടും സംസ്ഥാന സെക്രട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ സംസ്ഥാന സെക്രട്ടറിയായി. സിപിഐക്കുള്ളില്‍ കാര്‍ക്കശ്യക്കാരനായിരുന്ന കാനം ഇടതുമുന്നണിക്കുള്ളില്‍ സൗമ്യനായ നേതാവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കാനത്തിൻ്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.

മുന്നണിയില്‍ ഇടഞ്ഞും അയഞ്ഞും കാനം

സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിമാരായിരുന്ന വെളിയം ഭാര്‍ഗവൻ, സി കെ ചന്ദ്രപ്പൻ തുടങ്ങിയ മുതിര്‍ന്ന നേതാക്കന്മാരുടെ നിലപാടായിരുന്നില്ല കാനത്തിന്റേത്. ഇവരെല്ലാം മുന്നണിക്കുള്ളിലും പുറത്തും സിപിഐഎമ്മിൻ്റെ നിലപാടുകളോട് കലഹിക്കാൻ മടിയുള്ളവരായിരുന്നില്ല. പലപ്പോഴും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലാണെന്ന പ്രതീതി ഈ നിലപാടുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇവരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു കാനം. കാനത്തിൻ്റെ പ്രോ സിപിഐഎം നിലപാട് സിപിഐയിൽ തന്നെ വിമർശനം വിളിച്ചുവരുത്തിയിരുന്നു.

സിപിഐഎമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന നീക്കങ്ങൾ സിപിഐയിൽ നിന്ന് ഉയർന്നപ്പോഴെല്ലാം കാനം സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ച് അതിനൊക്കെ തടയിട്ടിരുന്നത് ചരിത്രമാണ്. ഡിഐജി ഓഫീസ് മാർച്ച് നടത്തി പൊലീസിൻ്റെ തല്ലവാങ്ങിയ സ്വന്തം എംഎൽഎയെ കാനം തള്ളിപ്പറഞ്ഞത് മാർച്ചിന് പാർട്ടി അനുവാദം ഇല്ലെന്നതിനാലായിരുന്നു. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തിയ ദേശീയ നേതാവ് ആനി രാജയോട് കേരളത്തിലെ കാര്യത്തിൽ സംസ്ഥാന നേതൃത്വം അഭിപ്രായം പറഞ്ഞു കൊള്ളുമെന്ന താക്കീത് നൽകാനും കാനത്തിന് മടിയുണ്ടായില്ല. ആനി രാജയുടെ അഭിപ്രായ പ്രകടനങ്ങളിലെ വിയോജിപ്പ് ചൂണ്ടിക്കാണിച്ച് ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് കത്തയയ്ക്കാനും കാനം മടിച്ചിരുന്നില്ല.

അപ്പോഴും ചിലപ്പോഴൊക്കെ കാനം സിപിഐഎമ്മിൻ്റെ വല്യേട്ടൻ നിലപാടുകളെ ഏറ്റുമുട്ടലിലേയ്ക്ക് പോകാതെ തന്നെ ചൂണ്ടി നിർത്തിയിട്ടുണ്ട്. മുന്നണി മര്യാദ എന്തെന്ന് നിര്‍വചിക്കണം എങ്കിലെ മുന്നണി മര്യാദ ലംഘിച്ചുവെന്ന് പറയാനാകൂവെന്ന് കാനം പരസ്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗ ബഹിഷ്‌കരിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐഎം നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചായിരുന്നു കാനത്തിൻ്റെ നിലപാട്. തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ ഒക്കത്തിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് ഒരിക്കൽ കാനം പറഞ്ഞതും സിപിഐഎമ്മിനെ ലക്ഷ്യം വെച്ചായിരുന്നു. സിപിഐഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണമെന്ന് ആരും ശഠിക്കരുതെന്നും കാനം അന്ന് പറഞ്ഞിരുന്നു. ഈ നിലയിൽ സിപിഐഎമ്മുമായി കൂടുതൽ യോജിച്ച് വിയോജിക്കേണ്ടപ്പോൾ മുന്നണിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കാതെ കൂടുതൽ വിയോജിക്കുക എന്ന 'കാനം ലൈൻ' സിപിഐ-സിപിഐഎം ബന്ധത്തിൽ കാനത്തിൻ്റെ കാലത്ത് രൂപപ്പെട്ടിരുന്നു.

Kanam Rajendran and Pinarayi Vijayan
പിണറായി വിജയനൊപ്പം കാനം രാജേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനുമായി കരുത്തുറ്റ ബന്ധം തന്നെയായിരുന്നു കാനത്തിനുണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്ന് കാട്ടാന്‍ കാനത്തിന് മടിയുണ്ടായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയപ്പോള്‍ അതിനെതിരെ പിണറായി വിജയനുമായി കാനം രാജേന്ദ്രന്‍ ഏറ്റുമുട്ടി.

അലനും താഹയ്ക്കുമെതിരേ പൊലീസ് യുഎപിഎ ചുമത്തിയപ്പോഴും കാനത്തിന്റെ ശബ്ദമുയര്‍ന്നു. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കേണ്ടതില്ലെന്ന നിലപാടിനെതിരേയും കനമുള്ള എതിര്‍പ്പുയര്‍ത്തി. അതിരപ്പിള്ളി പദ്ധതിയിലും കാനത്തിന്റെ നിലപാട് സര്‍ക്കാരിനെ തിരുത്തി.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്നണിയില്‍ വലിയ പൊട്ടിത്തെറികളുണ്ടായിരുന്നില്ല. മുന്നണിയില്‍ പ്രശ്‌നമുണ്ടായാലും സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നിന്നപ്പോഴെല്ലാം പ്രതിരോധവുമായി കാനം രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ക്കെതിരുയും പിണറായി വിജയന്‍ ആരോപണവിധേയനാകുമ്പോള്‍ അദ്ദേഹത്തെ പ്രതിരോധിച്ചും കാനം കൂടെ നിന്നു.

കാനമില്ലാത്ത സിപിഐക്കാലം

സിപിഐക്കുള്ളില്‍ എന്നും കാര്‍ക്കശ്യക്കാരനായിരുന്നു കാനം രാജേന്ദ്രന്‍. എന്നാല്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ കൊണ്ടു പോകാനും കാനത്തിന് സാധിച്ചു. ആദ്യമായി കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴുണ്ടായിരുന്ന 1.20 ലക്ഷം എന്ന പാര്‍ട്ടി മെമ്പര്‍ഷിപ്പ് 2022ലെ സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ 1.75 ലക്ഷമായി ഉയര്‍ന്നു. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായ കാനത്തിൻ്റെ കാലത്ത് സിപിഐഎമ്മിൽ നിന്നടക്കം വിവിധ പാർട്ടികളിൽ നിന്ന് ആളുകൾ സിപിഐയിലേയ്ക്ക് വരുന്ന സാഹചര്യമുണ്ടായി.

മാത്രമല്ല, പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി പോരുകളെ ഒരു പരിധി വരെ ഇല്ലാതാക്കാനും കാനത്തിന് സാധിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രായപരിധി കര്‍ശനമാക്കിയും, ഒറ്റത്തവണ മാത്രം മന്ത്രിപദവി എന്ന നിബന്ധന വെച്ചും കാനം പാര്‍ട്ടിക്കുള്ളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര നേതൃത്വം പോലും കാനത്തിന്റെ അഭിപ്രായങ്ങളെ മറികടന്നിരുന്നില്ല. പാർട്ടിക്കുള്ളിലെ എതിരാളികളെ ലക്ഷ്യം വെച്ചാണ് കാനത്തിൻ്റെ ഈ നീക്കമെന്ന വാർത്തകൾ വന്നപ്പോഴും കാനം കുലുങ്ങിയിരുന്നില്ല.

കാനത്തിന്റെ വിയോഗശേഷം രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിലൂടെയാണ് കേരളം കടന്നു പോയത്, ലോക്‌സഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐക്കുള്ളിൽ വലിയ രീതിയിൽ മുറുമുറുപ്പ് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വലിയ തോൽവിയിൽ.

വിജയം ഉറപ്പിച്ച തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി ആദ്യമായി ജയിച്ച കയറിയത് സിപിഐയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുകയായിരുന്നു. ബിജെപി ജയത്തിൻ്റെ കാരണമായി കണക്കാക്കുന്ന തൃശൂർ പൂരം കലക്കലിൽ ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയെ പാർട്ടിയിലെ അടിത്തട്ട് മുതലുള്ള അണികളിൽ നിരാശയും അവമതിപ്പുമുണ്ടാക്കിയിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം കാനത്തിൻ്റെ നിലപാടെന്തായിരിക്കുമെന്ന ചോദ്യം അണികളിലും ഇപ്പോഴും ബാക്കി നിൽപ്പുണ്ട്. എന്തായാലും സിപിഐ-സിപിഐഎം ബന്ധത്തിലെ കാനം ലൈനിൽ നിന്നും സിപിഐ പിന്നോട്ടു പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കാലത്താണ് കാനത്തിൻ്റെ വിയോഗത്തിന് ഒരുവർഷം പൂർത്തിയാകുന്നത്.

Content Highlights: First death anniversary of CPI Leader Kanam Rajendran

dot image
To advertise here,contact us
dot image