മൻമോഹൻ സിംഗ്; ഇന്ത്യയുടെ വിശപ്പ് മാറ്റിയ പ്രധാനമന്ത്രി

രാഷ്ട്രീയം നിയോഗമായി കണ്ട്, അതിനായി ജീവിതം ഉഴിഞ്ഞു വച്ച രാഷ്ട്രീയക്കാരൻ ആയിരുന്നില്ല മന്മോഹൻ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയി വരേണ്ടത് ഒരിക്കലും അദ്ദേഹത്തിന്റെ ആവശ്യമായിരുന്നില്ല. കോൺ​ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം രാഷ്ട്രീയം സ്വീകരിച്ചത്.

ആദർശ് എച്ച് എസ്
1 min read|27 Dec 2024, 11:13 am
dot image

2023ന്റെ തുടക്കത്തിലാണ്. ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളിൽ ഭേദഗതി വരുത്തുന്ന ഒരു സുപ്രധാന ഓർഡിനൻസ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ദിവസം. ഇൻഡ്യ എന്ന പേരിലുള്ള ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ട് വരുന്നതേ ഉള്ളൂ… ഈ ബില്ലിൽ ഐക്യം ഇല്ലെങ്കിൽ ആം ആദ്മി പാർട്ടി സഖ്യത്തിനില്ലെന്ന് ഇടഞ്ഞു നില്ക്കുന്ന കാലം കൂടിയാണ്.ബില്ല് വോട്ടിനിട്ടപ്പോൾ, 90 വയസ്സ് പിന്നിട്ട ഒരു വൃദ്ധനായ മനുഷ്യൻ വീൽ ചെയറിൽ പാർലമെന്റിലേക്ക് കയറി വന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിൽസയിലാണ് അദ്ദേഹം. പക്ഷേ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് മുന്നിൽ ഒന്നും തടസമായില്ല. രാഷ്ട്രീയ എതിരാളികൾ പോലും Statesman എന്ന് അക്ഷരം തെറ്റിക്കാതെ വിളിക്കുന്ന മന്മോഹൻ സിംഗ് ആയിരുന്നു ആ മനുഷ്യൻ!

രാഷ്ട്രീയം നിയോഗമായി കണ്ട്, അതിനായി ജീവിതം ഉഴിഞ്ഞു വച്ച രാഷ്ട്രീയക്കാരൻ ആയിരുന്നില്ല മന്മോഹൻ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയി വരേണ്ടത് ഒരിക്കലും അദ്ദേഹത്തിന്റെ ആവശ്യമായിരുന്നില്ല. കോൺ​ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം രാഷ്ട്രീയം സ്വീകരിച്ചത്.

ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ പശ്ചിമ പഞ്ചാബിൽ ആയിരുന്നു മന്മോഹൻ സിംഗിന്റ ജനനം. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വന്നു. പഠന കാലത്ത് തന്നെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. ഓക്സ്ഫോർഡിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1966-69 കാലത്ത് ഐക്യരാഷ്ട്ര സംഘടനയിൽ ജോലി ചെയ്തു. ലളിത് നാരായണ്‍ മിശ്ര, വ്യവസായ മന്ത്രാലയത്തിലെ ഉപദേഷ്ടാവായി നിയമിച്ചത് മുതലാണ് മന്മോഹൻ സിംഗ് ഇന്ത്യയിൽ ബ്യൂറോക്രാറ്റിന്റെ കുപ്പായം അണിയുന്നത്.


മന്മോഹൻ സിങ്ങിന്റെ ജീവിത കഥ ആധുനിക ഇന്ത്യന് സാമ്പത്തിക വ്യവസ്ഥയുടെ ചരിത്രം കൂടിയാണ്. വിദ്യാഭ്യാസ ഘട്ടത്തിലെ പ്രാഗത്ഭ്യം തൊഴിലിലും മന്മോഹൻ സിംഗ് തുടർന്നു . 1972-76 കാലത്ത് ഇന്ത്യൻ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും, 1982-85 കാലത്ത് റിസർവ്വ് ബാങ്ക് ഗവർണർ ആയും 1985 മുതൽ 2 വർഷം പ്ലാനിംഗ് കമ്മീഷന്റെ തലപ്പത്തും സിംഗ് തിളങ്ങി. എന്നാൽ സിങ്ങിന്റെ ജീവിതത്തിലെ രാഷ്ട്രീയ അദ്ധ്യായം ആരംഭിക്കുന്നത് 1991ലാണ്. യാതൊരു വിധ രാഷ്ട്രീയ പരിചയവും ഇല്ലാതിരുന്ന മന്മോഹന് സിങ്ങിനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു തന്റെ ക്യാബിനെറ്റിൽ ധനകാര്യ മന്ത്രിയായി നിയമിച്ചു. അത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന ചുവട് വയ്പ്പായിരുന്നു.

ഗൾഫ് യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും സോവിയറ്റ് യൂണിയന്റെ തകർച്ചയുമൊക്കെ കാരണം ശിഥിലമായൊരു സാമ്പത്തിക വ്യവസ്ഥിതിയാണ് സിങ്ങിന് മുൻപിലേക്ക് വച്ചുനീട്ടപ്പെട്ടത്. അതിന് പുറമേ ലോകബാങ്കിലും ഐഎംഎഫിലുമൊക്കെ എണ്ണിയാൽ ഒടുങ്ങാത്ത കടബാധ്യതയും. സിങ്ങിലെ സാമ്പത്തികശാസ്ത്ര വിദ്യാർത്ഥി അന്ന് പ്രവർത്തിച്ച അദ്ഭുതമാണ് സോവിയറ്റ് യൂണിയൻ നേരിട്ടത് പോലെയൊരു തകർച്ചയിൽ നിന്നും രാജ്യത്തെ കര കയറ്റിയത്. അന്താരാഷ്ട്ര തലത്തിലെ സമ്മർദ്ദത്തിന്റെ കൂടി അടിസ്ഥാനത്തിൽ സിംഗ് ഇന്ത്യയിൽ പുതിയ സാമ്പത്തികക്രമം കൊണ്ട് വന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കൂട്ടിച്ചേർത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസം അതോടെ പഴങ്കഥയായി.

അന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലേക്ക് സിംഗ് മൂന്ന് ഭൂതങ്ങളെ തുറന്നു വിട്ടു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവയായിരുന്നു അത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്ന് രാജ്യത്താകമാനം സിങ്ങിന്റെ നയത്തെ എതിർത്തു കൊണ്ട് പ്രതിഷേധം ഉയർന്നു. പക്ഷേ മന്മോഹന് സിംഗ് തന്റെ സാമ്പത്തിക നയവുമായി മുന്നോട്ട് പോയി. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സിങ്ങിന് പിന്നിൽ ഉറച്ചു നിന്നു. സാമ്പത്തിക കടക്കെണിയിൽ നിന്ന് ഇന്ത്യ കരകയറി. രാജ്യത്തെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തോത് ഗണ്യമായി തൊട്ടടുത്ത ദശാബ്ദത്തിൽ കുറഞ്ഞു. ഇന്ത്യയിലേക്ക് സാങ്കേതിക വിദ്യയുടെയും പുതിയ സാധ്യതകളുടെയും കുത്തൊഴുക്ക് ഉണ്ടായതും ഇക്കാലത്താണ്.

സിംഗ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം സ്വയം കുറച്ചു കൊണ്ട് രാജ്യത്തേക്ക് വിദേശ പണം ആകര്ഷിക്കുന്ന Devaluation പദ്ധതിയും ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്. പക്ഷേ സംഘടനയ്ക്കുള്ളിലെ വിള്ളൽ 1996 ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്സിനെ പരാജയം രുചിപ്പിച്ചു. 1998-2004 വരെ കാലത്ത് മന്മോഹൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

2004ൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കോൺ​ഗ്രസിന്റെ നേതൃത്വത്തിലുളള UPA മുന്നണി അധികാരത്തിൽ വന്നു. എന്നാൽ യഥാർത്ഥ അമ്പരപ്പ് കാത്തിരിക്കുന്നത് അവിടെയായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്സിനെ നയിച്ച സോണിയാ ഗാന്ധി സ്വാഭാവികമായും പ്രധാനമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചവരുടെ മുന്നിലേക്ക് സോണിയ ഗാന്ധി മന്മോഹന് സിങ്ങിന്റെ പേര് ഉയർത്തി കാണിച്ചു. അന്ന് സോണിയ മന്മോഹൻ സിങ്ങിൽ കാണിച്ച വിശ്വാസം ഈ ദിവസം വരെയും അദ്ദേഹം സൂക്ഷിച്ചു പോരുന്നു. സിഖ് കൂട്ടക്കുരുതി ഉൾപ്പെടെ കോൺ​ഗ്രസ്സിന്റെ ചരിത്രത്തിലെ കറുത്ത ഏടുകളെ നിർജ്ജീവമാക്കുന്നത് കൂടിയായിരുന്നു സിങ്ങിന്റെ സ്ഥാനാരോഹണം.

മന്‍മോഹന്‍ സിങ് ബരാക് ഒബാമയ്ക്കൊപ്പം

മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലെ ആദ്യ UPA സർക്കാർ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ജനതയുടെ സുവർണ കാലഘട്ടമായിരുന്നു. ഗ്രാമങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെത്തിച്ചും വിവരാവകാശ നിയമത്തിലൂടെ സർക്കാർ നടപടികൾ സുതാര്യമാക്കിയും സർക്കാർ ജനഹൃദയങ്ങളിൽ ഇടം നേടി. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്കും സിങ്ങിനും ആദരവ് ഏറി. ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള ലോക നേതാക്കൾ എല്ലാ കാലത്തും സിങ്ങിനെ കുറിച്ച് ബഹുമാനത്തോടെ മാത്രം സംസാരിച്ചു. രാജ്യത്തെ പട്ടിണിയുടെ തോത് പകുതിയോളം കുറയ്ക്കാനും ഈ കാലത്ത് സിങ്ങിന് കഴിഞ്ഞു.

2008ൽ ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അമേരിക്കയുമായി സിംഗ് ആണവ കരാർ ഒപ്പുവച്ചു. ഇടതുപക്ഷം സർക്കാരിന് പിന്തുണ പിൻവലിച്ചു. പക്ഷേ മറ്റ് പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് സിംഗ് അധികാരത്തിൽ തുടർന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ ഇതിൽ പ്രധാന പങ്ക് വഹിച്ചു. 2008 കാലഘട്ടം അമേരിക്ക ഉൾപ്പെടെ ലോകത്താകമാനം സാമ്പത്തിക മാന്ദ്യം നേരിടുന്ന കാലം കൂടിയാണ്. എന്നാൽ മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ അതിശക്തമായി നിലകൊണ്ടു.

2009 ൽ 1984 ന് ശേഷം കോൺ​ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം മന്മോഹൻ സിംഗ് സർക്കാരിന്റെ സദ്ഭരണമായിരുന്നു. എന്നാൽ രണ്ടാം യുപിഎ സർക്കാരിന് കണക്ക് കൂട്ടലുകൾ പിഴച്ചു. മന്ത്രിസഭയിലെ അഴിമതിയുടെ പാപഭാരം മുഴുവൻ സിങ്ങിന്റെ തലയിലാകുന്ന സ്ഥിതി വന്നു. അഴിമതിയുടെ കറപുരണ്ട സർക്കാരെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. അതോടെ 2014 ൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി കോൺ​ഗ്രസ്സിനും മന്മോഹൻ സിങ്ങിനും അധികാരത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു.

മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സാമ്പത്തിക വിപ്ലവം എന്ന രീതിയിൽ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നിലേക്ക് നയിക്കുമെന്ന പ്രവചനം ആദ്യം ഉണ്ടായത് മന്മോഹന് സിങ്ങിന്റെ ഭാഗത്ത് നിന്നായിരുന്നു. ' Organized loot and legalised plunder ' എന്നാണ് മന്മോഹൻ സിംഗ് നോട്ട് നിരോധനത്തെ കുറിച്ച് പറഞ്ഞത്. ഇന്ത്യൻ ജിഡിപി ഈ നയത്തിന്റെ പേരിൽ 2 പോയിന്റ് കുറയുമെന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു.

തന്റെ അറിവും പക്വതയും രാജ്യത്തിന് വേണ്ടി ഇത്രത്തോളം ഉപയോഗിച്ച മറ്റ് വ്യക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമായിരിക്കും. മൗനിയായ പ്രധാനമന്ത്രി എന്ന വിമർശനം ഏറ്റുവാങ്ങി. പക്ഷേ സിംഗ് സംസാരിക്കാനായി മുതിർന്നപ്പോഴൊക്കെ ലോകം കാതോർത്തു എന്ന വസ്തുത വിമർശകർ ഉൾപ്പെടെ സമ്മതിക്കുന്നതാണ്. ' SPEECH IS SILVER, BUT SILENCE IS GOLD ' എന്ന വാക്യം സിങ് തന്റെ ജീവിതത്തിൽ ഉടനീളം ഓർമ്മിപ്പിച്ചു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞത് പോലെ വിമർശകരെക്കാൾ ചരിത്രം അദ്ദേഹത്തോട് ദയ കാണിക്കും എന്നത് ഉറപ്പാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us