കുള്ളന്‍ ആണവ നിലയങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ഏങ്ങും സംസാരം! ഒരിടത്ത് നിര്‍മ്മിച്ച്, മറ്റൊരിടത്ത് കൊണ്ടുപോയി, എളുപ്പത്തില്‍ പുനഃസംഘടിപ്പിക്കാവുന്ന, ചെറുകിട മോഡുലാര്‍ റിയാക്ടറുകളാണ് ആണവോര്‍ജ്ജ രംഗത്തെ പുതിയ താരം. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ജാപ്പാന്‍, ദക്ഷിണ കൊറിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് എസ്എംആര്‍ എന്നറിയപ്പെടുന്ന ചെറുകിട റിയാക്ടറുകളുടെ പിന്നാലെയാണ്. ഇന്ത്യാ ഗവണ്‍മെന്റും കുള്ളന്‍ നിലയങ്ങള്‍ക്കായി 2025-26 കാലയളവിലെ ബജറ്റില്‍ വന്‍തോതിലുള്ള സാമ്പത്തിക വകയിരുത്തലുകള്‍ പ്രഖ്യാപിക്കാന്‍ പോകുകയാണെന്നാണ് കേള്‍ക്കുന്നത്. അതെന്തായാലും, 2024ലെ ബജറ്റ് അവതരണ വേളയില്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളതായി നമുക്കറിയാം.
കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യമായ പരിഹാരമെന്ന നിലയില്‍, വന്‍കിട ആണവ റിയാക്ടറുകള്‍ക്ക് പകരമായി, ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ രത്നച്ചുരുക്കം. ചെറുകിട ആണവ റിയാക്ടറുകളുടെ നിര്‍മ്മാണത്തില്‍ സ്വകാര്യ ബിസിനസ്സ് പങ്കാളികളെക്കൂടി ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യന്‍ ആണവ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനികളെ ആണവ വ്യവസായത്തില്‍ പങ്കാളികളാക്കുന്നത് എന്നത് വളരെ ഗൗരവമേറിയ സംഗതിയാണ്. ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തെ ഗൗരവമായി പരിഗണിച്ചിട്ടുള്ളതായി അറിയില്ല.
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന റിയാക്ടറുകളുടെ (1000 മുതല്‍ 1,500 മെഗാവാട്ട്) ഉത്പാദന ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 300 മെഗാവാട്ടില്‍ താഴെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആണവ റിയാക്ടറുകളെയാണ് എസ്എംആര്‍ (സ്മാള്‍ മോഡുലാര്‍ റിയാക്ടറുകള്‍) എന്ന് നിര്‍വചിച്ചിരിക്കുന്നത്. ആണവോര്‍ജ്ജ വ്യവസായവുമായി ബന്ധപ്പെട്ട നാല് സുപ്രധാന പ്രശ്നങ്ങള്‍ - ചെലവ്, സുരക്ഷ, മാലിന്യം, വ്യാപനം പരിഹരിക്കുന്നതിന് പുതിയ കുള്ളന്‍ റിയാക്ടര്‍ മാതൃക സഹായകരമാകും എന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. എസ്എംആറുകളുടെ നിര്‍മ്മാണത്തിന് ചെലവ് കുറവായിരിക്കുമെന്നും അത് കൂടുതല്‍ താങ്ങാനാവുന്നതാണെന്നും ആണ് അവകാശവാദം. അതോടൊപ്പം തന്നെ കുറഞ്ഞ വികിരണ മാലിന്യം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ എന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നോട്ടുവെക്കുന്ന നിര്‍വ്യാപന നയങ്ങള്‍ക്ക് അനുരൂപമാണ് ഈ നിലയ മാതൃകയെന്നും കുള്ളന്‍ നിലയങ്ങളുടെ പ്രചാരകര്‍ പറയുന്നു.
ഒരു യൂണിറ്റ് പവര്‍ കപ്പാസിറ്റിയുടെ വിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, ചെറുകിട ആണവ റിയാക്ടറുകള്‍ സാമ്പ്രദായിക റിയാക്ടറുകളേക്കാള്‍ ചെലവേറിയതായിരിക്കും എന്നാണ് കുള്ളന്‍ റിയാക്ടറുകളെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ഇദാഹോയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നതും ഇപ്പോള്‍ ഉപേക്ഷിച്ചതുമായ, 77 മെഗാവാട്ട് ശേഷിയുള്ള, ആറ് ചെറുകിട റിയാക്ടറുകള്‍ നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഈ അന്തരം പ്രകടമാക്കുകയുണ്ടായി. അമേരിക്കയിലെ തന്നെ ജോര്‍ജിയയില്‍ നിര്‍മിക്കുന്ന 2,200 മെഗാവാട്ട് ആണവ നിലയത്തിനായി പ്രതി മെഗാവാട്ട് ചെലവ് കണക്കാക്കിയതിനേക്കാള്‍ 250 ശതമാനം കൂടുതലാണ് ഇദാഹോയിലെ എസ്എംആര്‍ നിലയത്തില്‍ ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ വേണ്ടിവരികയെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്ക മുമ്പ് നിര്‍മ്മിച്ച പല ചെറുകിട റിയാക്ടറുകളും സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ടെത്തിയതിനാല്‍ പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ചെറുകിട ആണവ റിയാക്ടറുകളുടെ നിര്‍മ്മാണച്ചെലവിലെ ഈ അസാധാരണമായ വര്‍ധനവ് സ്വാഭാവികമായും വൈദ്യുതി ഉത്പാദനച്ചെലവിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
അതുപോലെത്തന്നെ വികിരണ മാലിന്യങ്ങളുടെ ഉത്പാദനത്തിലും സാമ്പ്രദായിക നിലയ മാതൃകകളില്‍ നിന്നും ഒട്ടും ഭിന്നമല്ല മോഡുലാര്‍ റിയാക്ടര്‍ മാതൃകകളെന്നും ഇതേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള പ്രൊഫ. എം.വി.രമണ, സിയ മിയാന്‍ എന്നീ ആണവ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും അഭിപ്രായത്തില്‍ ''ഇത്തരം നിലയ മാതൃകകളില്‍ ഉല്‍പാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തിന്റെ ആകെ അളവ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളേക്കാള്‍ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, ചെലവഴിച്ച ഇന്ധനത്തിലെ പ്ലൂട്ടോണിയത്തിന്റെ സാന്ദ്രത ലൈറ്റ് വാട്ടര്‍ റിയാക്ടറുകളിലെ ഇന്ധനത്തേക്കാള്‍ ഏകദേശം 6-7 മടങ്ങ് കൂടുതലാണ്'' എന്നാണ്.
ഇതുകൂടാതെ, ചെറുകിട റിയാക്ടറുകളുടെ നിര്‍മ്മാണത്തില്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന എല്ലാ ആശങ്കകളും നിലനില്‍ക്കുന്നു. ഗുരുതരമായ അപകട സാധ്യതകള്‍, ആണവായുധ വ്യാപനവുമായുള്ള ബന്ധം, ആണവ മാലിന്യ പ്രശ്നങ്ങള്‍ എന്നിവയൊക്കെയും പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
മോഡുലാര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ള പ്രമുഖ ആണവ ശാസ്ത്രജ്ഞനും യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ് ബോര്‍ഡ് മെമ്പറും, ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയലി'ന്റെ ഉപാധ്യക്ഷനുമായ ഡോ.സിയ മിയാന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്. 'വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത എസ്എംആര്‍ ഡിസൈനുകളുടെ സവിശേഷതകളെക്കുറിച്ചുള്ള ഞങ്ങളുടെ സര്‍വേ സൂചിപ്പിക്കുന്നത്, ഡിസൈനുകളൊന്നും അവയെ സംബന്ധിച്ച അവകാശവാദങ്ങളില്‍ പറയുന്ന നാല് സുപ്രധാന വെല്ലുവിളികളെ- ചെലവ് സുരക്ഷ, മാലിന്യം, വ്യാപനം ഒരേസമയം നേരിടുന്നില്ല എന്നാണ്. മിക്ക ഡിസൈനുകളിലും മേല്‍പ്പറഞ്ഞ നാല് പ്രശ്നങ്ങളില്‍ ഒന്ന് പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറുഭാഗത്ത് മറ്റ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന തിരഞ്ഞെടുപ്പുകളാണ് സംഭവിക്കുന്നത്.''
ഉദാഹരണത്തിന് ചെലവ് കുറയ്ക്കുക എന്ന തിരഞ്ഞെടുപ്പിന് മുന്‍തൂക്കം ലഭിക്കുമ്പോള്‍ സുരക്ഷിതത്വം, മാലിന്യം, നിര്‍വ്യാപനം എന്നിവ പിന്നിലേക്ക് തള്ളപ്പെടുകയും കുള്ളന്‍ റിയാക്ടറുകളെ സംബന്ധിച്ച അവകാശവാദങ്ങള്‍ അപ്രസക്തമാക്കുകയും ചെയ്യുന്നു.
Content Highlights: Do India Need Small Modular Reactors