അസാധാരണം, ലോകം കാൺകെ സെലൻസ്കിയുമായി ട്രംപിന്റെ 'അടി'; ഓവൽ ഓഫീസിൽ സംഭവിച്ചതെന്ത്?

ലോകം ആശ്ചര്യത്തോടെ കണ്ട, അസാധാരണമായ സംഭവവികാസങ്ങളാണ് വൈറ്റ് ഹൗസിന്റെ ഓവൽ ഓഫീസിൽ നടന്നത്

dot image

ലോകം ആശ്ചര്യത്തോടെ കണ്ട, അസാധാരണമായ സംഭവവികാസങ്ങളാണ് വൈറ്റ് ഹൗസിന്റെ ഓവൽ ഓഫീസിൽ മണിക്കൂറുകൾക്ക് മുൻപ് നടന്നത്. രണ്ട് രാജ്യങ്ങളുടെ നേതാക്കൾ, നിരവധി മാധ്യമപ്രവർത്തകരുടെ മുൻപിൽ പരസ്യമായി വാക്കുതർക്കത്തിലേർപ്പെടുക. പല കാര്യങ്ങളിലെയും വിയോജിപ്പുകൾ അടഞ്ഞ വേദിയിൽ ചർച്ച ചെയ്യേണ്ടതിന് പകരം, ലോകം കാൺകെ വിളിച്ചുപറയുക. പരസ്യമായ ഭീഷണിസ്വരം വേറെ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, വൈസ് പ്രസിഡന്റ് ജെ ഡി വാൻസും, യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും തമ്മിൽ നടന്ന പരസ്യ തർക്കം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ റഷ്യ യുക്രൈൻ യുദ്ധത്തിലെ എല്ലാ സമാധാന വഴികളും തത്കാലത്തേക്ക് അടയുകയാണോയെന്നാണ് ആശങ്ക.

അസാധാരണ തർക്കം

രണ്ട് രാജ്യങ്ങളുടെ തലവന്മാർ തമ്മിൽ തർക്കത്തിലേർപ്പെടുക എന്നത് സാധാരണ സംഭവമാണ്. ആ തർക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുക എന്നതും സാധാരണമാണ്. എതിർസ്വരങ്ങള്‍ ഇല്ലാത്ത നയതന്ത്രമില്ല. എന്നാൽ ലോകം കണ്ടുകൊണ്ടിരിക്കെ, ജനങ്ങൾ കണ്ടുകൊണ്ടിരിക്കെ യുഎസ് പ്രഡിഡന്റും യുക്രൈൻ പ്രസിഡന്റും തമ്മിൽ വാഗ്വാദത്തിലേർപ്പെടുക എന്നത് തീർത്തും അസാധാരണമായ സംഭവമാണ്. ഡൊണാൾഡ് ട്രംപും ജെ ഡി വാൻസും സെലൻസ്കിയെ അത്തരത്തിൽ 'ഉരുക്കി'യ ശേഷമാണ് പറഞ്ഞുവിട്ടത്.

റഷ്യ- യുക്രൈൻ യുദ്ധത്തിൽ എന്ത് തരം നയമാണ് അമേരിക്കയുടേത് എന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. യുഎസ് കുറച്ച് നാളുകളായി യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം വേണമെന്നുള്ള പക്ഷം പരസ്യമായി പിടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് യുക്രൈനുമായുള്ള മിനറൽ ഡീലും ഉണ്ടായിവരുന്നത്. എന്നാൽ യുക്രൈന് ഒരു സുരക്ഷയും ഈ കരാറുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്നും പുടിനുമായി എങ്ങനെയാണ് സമാധാന കരാറിൽ ഏർപ്പെടുകയെന്നും സെലൻസ്കി ചോദിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.

റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് ആയുധങ്ങൾ അടക്കം നൽകിക്കൊണ്ട് യുഎസിന്റെ പൂർണപിന്തുണ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സെലസ്‌കി അമേരിക്കയോട് നന്ദി പറയണമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പറഞ്ഞതോടെ രംഗം വഷളായി. ഇതോടെ ചർച്ച പൂർണമായും തർക്കത്തിലേക്ക് വഴിമാറുകയായിരുന്നു.

ഇത് ശരിയല്ലെന്നും നിങ്ങളുടെ രാജ്യം വലിയ കുഴപ്പത്തിലാണെന്നും ശബ്ദമുയർത്തി സംസാരിച്ചുകൊണ്ടാണ് ട്രംപ് സെലൻസ്‌കിക്ക് മറുപടി നൽകിയത്. ഞങ്ങളുടെയൊപ്പം നിന്നാൽ യുദ്ധമില്ലാതെ ഇരിക്കുമെന്നും അല്ലാതെ നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ലെന്നും സെലൻസ്കിക്ക് മുന്നറിയിപ്പ് നൽകി. യുദ്ധകാലത്തിനിടെ യുക്രൈന് നൽകിയ സൈനിക സഹായം എണ്ണിയെണ്ണി പറഞ്ഞും കൂടിയായിരുന്നു ട്രംപ് സെലൻസ്കിയെ പ്രതിരോധത്തിലാക്കിയത്. സമാധാനത്തിന് ശ്രമിക്കാതെ മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

വാക്കുതർക്കങ്ങൾക്കൊടുവിൽ ധാതുക്കരാർ ഒപ്പുവെയ്ക്കാതെയാണ് സെലൻസ്കി മടങ്ങിയത്. യുക്രൈനിൽ തങ്ങൾ ചിലവഴിച്ച പണത്തിന് പകരമായി അവിടുത്തെ പ്രകൃതി വിഭവ വ്യവസായങ്ങളുടെ പകുതി വരുമാനം തങ്ങൾക്ക് കൈമാറണമെന്നതായിരുന്നു യുഎസിന്റെ ആ കരാർ. ചർച്ച അലസിപ്പിരിഞ്ഞതോടെ ഈ ധാതു കൈമാറ്റ കരാറിലും സെലൻസ്കി ഒപ്പുവെച്ചില്ല.

ഇനിയെന്ത്?

യുഎസ് യുക്രൈന് നൽകി വരുന്ന ആയുധവിതരണം നിൽക്കുമോ എന്നതാണ് ഒന്നാമത്തെ ആശങ്ക. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഉണ്ടായതാണ് ഈ വിതരണ കരാർ. ഇത് നിന്നാൽ ഒരുപക്ഷെ യുക്രൈൻ സൈനികർക്ക് യുദ്ധത്തിനായി ആയുധങ്ങൾ ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായേക്കാം.

യുദ്ധത്തിന്റെ ഗതി എങ്ങോട്ട് എന്നതും പ്രധാനമായും നിലനിൽക്കുന്ന ഒരു ആശങ്കയാണ്. സമാധാന കരാർ എന്നത് പ്രദേശത്തെ ജനങളുടെ നീണ്ട കാല ആവശ്യം കൂടിയായിരുന്നു. എന്നാൽ തർക്കത്തിന് പിന്നാലെ, ആരുടേയും മുൻപിൽ മുട്ടുകുത്തേണ്ടതില്ലെന്നും മരിക്കുകയാണെങ്കിൽ പോരാടി മരിക്കാമെന്നുമാണ് യുക്രൈൻ ജനതയുടെ പക്ഷം.

ട്രംപുമായുളള ചർച്ച തർക്കത്തിൽ കലാശിച്ചതോടെ യൂറോപ്യൻ ലോകനേതാക്കളും സെലൻസ്‌കിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സമയങ്ങളിലും യുക്രൈനിനൊപ്പമെന്ന് പറഞ്ഞാണ് ജർമനി പിന്തുണ നൽകുന്നത്. റഷ്യ മാത്രമാണ് ഒരേയൊരു അക്രമകാരിയെന്നും, നിരന്തരം ആക്രമിക്കപ്പെടുന്ന ജനത യുക്രൈനിലേതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും, യുദ്ധം നീണ്ടുപോകുമോ എന്നതും, സമാധാനം ഒരു ചോദ്യചിഹ്നമാകും എന്നതുമാണ് ചർച്ച അലസിപ്പിരിഞ്ഞതിലെ ഏറ്റവും വലിയ പ്രശ്നം.

Content Highlights: How can Trump Zelensky Fued cause distress?

dot image
To advertise here,contact us
dot image