ആദ്യം അമ്മ, പിന്നാലെ അച്ഛൻ; ഉറ്റവരെ അരുംകൊല ചെയ്ത കേദൽ; വിചാരണ എങ്ങുമെത്താതെ നന്ദൻകോട് കൂട്ടക്കൊലക്കേസ്

വീട്ടിൽ ആളുണ്ടെന്ന് ധരിപ്പിക്കാൻ അഞ്ച് പേർക്ക് വേണ്ട ആഹാരം കേദൽ വാങ്ങി. പ്ലാസ്റ്റിക് ബാ​ഗിൽ സൂക്ഷിച്ച മൃതദേഹങ്ങൾക്കൊപ്പമിരുന്ന് കേദൽ ഭക്ഷണം കഴിച്ചു. അവർക്കൊപ്പം ഉറങ്ങി...

ഐഷ ഫർസാന
1 min read|27 Feb 2025, 10:46 am
dot image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു 23കാരൻ കുഞ്ഞനുജനേയും പെൺസുഹൃത്തിനേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് കേരളം. ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ തിരുവനന്തപുരത്ത് കേരളക്കരയെ ഒന്നടങ്കം നടുക്കിയ ഒരു കൂട്ടക്കൊല നടന്നിരുന്നു. അന്ന് ഒരു മുപ്പതുകാരൻ കൊലപ്പെടുത്തിയത് അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം കുടുംബത്തിലെ നാല് പേരെ. ആ കൊലയാളിയുടെ പേരും മുഖവും കേരളം ഒരിക്കലും മറക്കില്ല. പേര് കേദൽ ജിംസൺ രാജ. കൊലനടന്നതാകട്ടെ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ നന്ദൻകോടും. അതെ, 2017ൽ നടന്ന നന്ദൻകോട് കൂട്ടക്കൊലപാതകം. ആസ്ട്രൽ പ്രൊജഷൻ അടക്കം നിരവധി കാരണങ്ങൾ കൊലയ്ക്ക് പിന്നിൽ ഉയർന്ന് കേട്ടു. എന്നാൽ വർഷങ്ങൾക്കിപ്പുറവും അതിനൊന്നും വ്യക്തത വന്നിട്ടില്ല. കേസിന്റെ വിചാരണ ആരംഭിച്ചത് ഈയടുത്ത് മാത്രമാണ്.

നാടിനെ നടുക്കിയ കൂട്ടക്കൊല

ഏപ്രിൽ 9, 2017. ക്ലിഫ് ഹൗസിന് സമീപമുള്ള ബെയിൻസ് കോംപൗണ്ടിലെ 117ാം നമ്പർ വീട്ടിൽ നിന്ന് അതിഭീകരമായി പുക ഉയർന്നു. വീടിന് തീപിടിച്ചതാകാമെന്ന് കരുതി പ്രദേശവാസികൾ ഓടിക്കൂടി. അ​ഗ്നിശമനസേനയെ വിവരമറിയിച്ചു. അധികൃതർ ക്ഷണവേ​ഗത്തിൽ പാഞ്ഞെത്തി. വീടിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന അ​ഗ്നിശമനസേനാം​ഗങ്ങൾ കണ്ടത് പക്ഷേ കത്തിക്കരിഞ്ഞ മൃതദേഹങ്ങളായിരുന്നു. അവയ്ക്കരികിലായി ടാർപ്പോളിൻ ഷീറ്റിൽ പൊതിഞ്ഞ് പുഴുവരിച്ച നിലയിൽ മറ്റൊരു മൃതദേഹവും. ഓടിക്കൂടിയ മനുഷ്യർക്കിടയിൽ ആശങ്കയും ഭയവും തളംകെട്ടി. കൊല്ലപ്പെട്ടവർ പ്രൊഫ. രാജാ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിന, ബന്ധു ലളിത. മകൻ? മകനെവിടെ? കൂടി നിന്നവർക്കിടയിൽ നിന്നെല്ലാം ചോദ്യമുയർന്നു.

ആസ്ട്രൽ പ്രൊജക്ഷൻ, അമ്പരന്ന് കേരളം

കൊലയ്ക്ക് പിന്നില്‍ രാജാ തങ്കത്തിന്റെയും ജീന്‍ പദ്മയുടേയും മകന്‍ കേദല്‍ തന്നെയാണെന്ന് പൊലീസിന് ഉറപ്പിക്കാൻ അധികം സമയം വേണ്ടി വന്നില്ല. താനും കൊല്ലപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ച ഡമ്മിയും കാണാതായ കേദലും പൊലീസിൻ്റെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു. പൊലീസ് കേദലിനായി അന്വേഷണം ആരംഭിച്ചു. ഒന്നും രണ്ടും ദിവസങ്ങൾ പിന്നിട്ടു.

ഒടുവില്‍ മൂന്നാം പക്കം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേദല്‍ പൊലീസിന്റെ പിടിയിലായി. ചെന്നൈയിലെ ഒളിവ് ജീവിതത്തിന് ശേഷം കീഴടങ്ങാനുള്ള തിരിച്ചുവരവിനിടെ കേദല്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. കേദലിൻ്റെ കാലിന് പരിക്കേറ്റിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വീടിന് തീയിട്ടപ്പോള്‍ സംഭവിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കുടുംബത്തെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് 'എനിക്ക് ആത്മാക്കള്‍ ആകാശത്തേക്ക് പോകുന്നത് കാണണമായിരുന്നു സര്‍..' എന്നായിരുന്നു ചിരിച്ചു കൊണ്ട് കേദല്‍ നല്‍കിയ മറുപടി. ആസ്ട്രല്‍ പ്രൊജക്ഷനെന്ന വാക്കിനെ കുറിച്ച് പൊലീസിന് ആദ്യം ഒന്നും മനസിലായില്ല. മാനസികാരോഗ്യ വിദഗ്ധരോടുള്‍പ്പെടെ നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് കേദല്‍ നടത്തിയ ക്രൂര കൊലപാതങ്ങളുടെ കാരണം പൊലീസ് മനസിലാക്കുന്നത്.

മാതാപിതാക്കളുടെ നിർബന്ധം, എവിടെയുമെത്താത്ത പഠനം

പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ല കേദല്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ മാതാപിതാക്കള്‍ക്ക് മകനും പഠനത്തില്‍ മിടുക്കനായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. തങ്ങളുടെ നിലയ്‌ക്കൊപ്പം മകനുമെത്തണം എന്ന നിര്‍ബന്ധത്തില്‍ കേദലിനെ രാജാ തങ്കവും ഭാര്യ ജീന്‍ പദ്മയും എംബിബിഎസ് പഠനത്തിനായി ഫിലിപ്പീന്‍സിലേക്കയച്ചു. എന്നാല്‍ പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് കേദല്‍ നാട്ടിലേക്ക് മടങ്ങി. തിരിച്ച് നാട്ടിലെത്തിയ മകനെ വീണ്ടും മാതാപിതാക്കള്‍ പഠിക്കാനയച്ചു. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലുള്ള താത്പര്യം കണക്കിലെടുത്ത് കേദലിനെ ഓസ്‌ട്രേലിയയിലേക്ക് എൻജിനീയറിങ് പഠനത്തിന് അയച്ചു. എന്നാല്‍ അവിടെയും പഠനം പൂര്‍ത്തിയാക്കാതെ കേദല്‍ മടങ്ങി. നാട്ടിലെത്തിയ കേദല്‍ പലപ്പോഴും മുറിക്കുള്ളില്‍ തന്നെയായിരുന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. സ്വന്തമായി ഗെയിമുകള്‍ നിര്‍മിക്കുന്നതില്‍ മിടുക്കനായിരുന്നു കേദല്‍. പക്ഷേ അവയിലെല്ലാം രക്തവും കൊലപാതകവും നിറഞ്ഞുനിന്നിരുന്നു.

ആദ്യം അമ്മ, പിന്നെ അച്ഛൻ, ഒടുവിൽ ലളിത

താനുണ്ടാക്കിയ പുതിയ ​ഗെയിം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് കേദൽ അമ്മ ജീൻ പദ്മയെ മുകൾ നിലയിലെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നത്. കസേര വലിച്ച് അമ്മയ്ക്ക് ഇരിക്കാൻ കേദൽ സൗകര്യമൊരുക്കി. ​ഗെയിം കാണുന്നതിനിടെ പിന്നിൽ നിന്ന് കേദൽ തുണി കൊണ്ട് അമ്മയുടെ കഴുത്തിൽ വരിഞ്ഞുമുറുക്കി. പിന്നാലെ മഴുകൊണ്ട് വെട്ടിയും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയതിന് പിന്നാലെ കേദൽ അമ്മയുടെ മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ചു. മുറിയിൽ തളം കെട്ടിക്കിടന്ന രക്തം തുടച്ച് വൃത്തിയാക്കി.

ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലായിരുന്നു കേദൽ പിന്നീട് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. മേശയിൽ വിളമ്പിവെച്ച ആഹാരം കേദൽ അച്ഛനും സഹോദരിക്കുമൊപ്പമിരുന്ന് കഴിച്ചു. പിന്നാലെ തന്ത്രപൂർവം അച്ഛനേയും മുറിയിലേക്ക് വിളിച്ചുവരുത്തി. കംപ്യൂട്ടറിന് മുന്നിലെ കസേര വലിച്ചിട്ട് കേദൽ അച്ഛന് ഇരിക്കാൻ സൗകര്യമൊരുക്കി. മിനിറ്റുകൾക്കുള്ളിൽ അച്ഛൻ്റെ തലയിലും അവൻ ആഞ്ഞ് വെട്ടി. കസേരയിൽ നിന്ന് താഴെവീണ രാജാ തങ്കം മകനെ തള്ളിമാറ്റാൻ ശ്രമിച്ചു. പക്ഷേ കേദൽ അപ്പോഴേക്കും അച്ഛന്റെ ശരീരത്തിൽ ആഞ്ഞ് വെട്ടിയിരുന്നു. വെട്ടിയും കുത്തിയും അച്ഛൻ്റെ മരണവും കേദൽ ഉറപ്പാക്കി. അമ്മയുടെ മൃതദേഹത്തോടൊപ്പം അച്ഛന്റെ ശരീരവും കേദൽ കുളിമുറിയിൽ സൂക്ഷിച്ചു. സുഹൃത്തായ ജോണിന് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു സഹോദരി കരോലിനെ കേദൽ മുറിയിലേക്ക് വിളിച്ചുവരുത്തുന്നത്. പിന്നാലെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയത് പോലെ കേദൽ സഹോദരിയേയും കൊന്നുതള്ളി. അന്ധയായ ബന്ധു ലളിതയായിരുന്നു കേദലിന്റെ അടുത്ത ലക്ഷ്യം. ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ലളിതയേയും യാതൊരു ദയയുമില്ലാതെ കേദൽ കൊലപ്പെടുത്തി.

രണ്ട് ദിവസം, നാല് കൊലപാതകങ്ങൾ

രണ്ട് ദിവസങ്ങളിലായാണ് കേദൽ നാല് കൊലപാതകങ്ങൾ നടത്തിയത്. ഓട്ടോറിക്ഷയിൽ കവടിയാറിലെ പെട്രോൾ പമ്പിലെത്തി കേദൽ ഇന്ധനം വാങ്ങി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എല്ലാവരുമുണ്ടെന്ന് ധരിപ്പിക്കാൻ അഞ്ച് പേർക്ക് വേണ്ട ഭക്ഷണവും കേദൽ പുറത്ത് നിന്ന് വാങ്ങിയിരുന്നു. അയൽക്കാരുമായി ബന്ധമുണ്ടാകാതിരുന്നതിനാൽ കുടുംബത്തെ പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല. പ്ലാസ്റ്റിക് ബാ​ഗിൽ സൂക്ഷിച്ച മൃതദേഹങ്ങൾക്കൊപ്പമിരുന്ന് കേദൽ ഭക്ഷണം കഴിച്ചു. അവർക്കൊപ്പം ഉറങ്ങി. ഏപ്രിൽ ഒൻപതിന് വീടിന് തീയിട്ടു. താനും കൊല്ലപ്പെട്ടുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ഡമ്മിയും കത്തിച്ചു. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു.

പല മൊഴികൾ, ഒടുവിൽ

പൊലീസ് നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിലായിരുന്നു ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് കേദൽ വെളിപ്പെടുത്തുന്നത്.

ജീവൻ നഷ്ടപ്പെടുന്നതിന് മുൻപ് ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുകടക്കും. ഇതിനായാണ് അച്ഛനേയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്ന് കേദൽ പൊലീസിനോട് പറഞ്ഞു. ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിന് കാരണമായതെന്ന കേദലിന്റെ വാദത്തെ പക്ഷേ മനശാസ്ത്രഞ്ജർ തള്ളിയിരുന്നു. ചോദ്യം ചെയ്യലുകളുടെ പല ഘട്ടത്തിലും മൊഴി മാറ്റുന്നതും കേദൽ പതിവാക്കിയിരുന്നു. ഇതിൽ കുട്ടിക്കാലത്ത് പഠനത്തിൽ താൻ പിന്നോക്കമായതിന് മാതാപിതാക്കളിൽ നിന്ന് ഏൽക്കേണ്ടി വന്ന ശകാരങ്ങളെ കുറിച്ചും, സഹപാഠികളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന ബാല്യത്തെ കുറിച്ചും കേദൽ പറയുന്നുണ്ട്. പിന്നീട് പിതാവിന്റെ സ്വഭാവത്തിലെ പാളിച്ചകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പകയാണെന്നും ഉൾപ്പെടെ വാദങ്ങളുയർന്നു. ഈ മൊഴിയാണ് ഒടുവിൽ പൊലീസ് അം​ഗീകരിച്ചത്.

പരിശോധയിൽ കേദലിന് ഒരുതരം ഉന്മാദ രോഗമായ 'സ്കീസോഫ്രീനിയ' ഉള്ളതായി പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് കോടതിയിൽ പൊലീസ് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ജയിലിൽ തടവിലിരിക്കെ തനിക്ക് മാനസികരോ​ഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേദൽ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി ഇത് നിഷേധിക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ കൊലപാതകം നടത്തിയ യുവാവിന് മാനസികരോ​ഗമുണ്ടെന്നത് വിശ്വസിക്കുക പ്രയാസമാണെന്നായിരുന്നു കോടതിയുടെ നിലപാട്. ആദ്യം കേദലിനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ചികിത്സ ജയിലിൽ വെച്ച് മതിയെന്നും കൃത്യമായ ഇടവേളകളിലെ പരിശോധന മാത്രമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കിയത്. കേദലിന് വിചാരണ നേരിടാനാകില്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ‌ വിചാരണ നടപടികൾ ആരംഭിച്ചിരുന്നില്ല. ആറര വർഷങ്ങൾക്ക് ശേഷം 2024ലാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലുമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള കേദൽ ജിൻസൺ രാജയ്ക്ക് ഇന്നുള്ള മേൽവിലാസം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലെ 7262 എന്ന നമ്പർ മാത്രമാണ്. ജയിലിൽ കേദലിനെ കാണാൻ അമ്മയുടെ സഹോദരനല്ലാതെ പ്രത്യേകിച്ച് ആരുമെത്താറില്ല. എന്നാൽ കേദലിന് ജാമ്യം ഉൾപ്പെടെയുള്ള നിയമ സഹായങ്ങൾ കൃത്യമായി നടക്കുന്നുമുണ്ട്. കോടികളുടെ സ്വത്തുക്കളുടെ ഏക അനന്തരാവകാശിയെന്നതാകാം ഇതിന് പിന്നിലെന്ന വാദങ്ങളും ഉയരുന്നുണ്ട്. പൂജപ്പുരയിലെ ഒറ്റപ്പെട്ട സെല്ലിനുള്ളിൽ കേദൽ ഇപ്പോഴുമുണ്ട്. മുടി നീട്ടിവളർത്തി, അരുംകൊലയുടെ അവശേഷിപ്പായി.

Content Highlight: The massacre that shook capital city; a look back to Nanthancode massacre as Venjaramood murder arise

dot image
To advertise here,contact us
dot image