
1980കൾക്ക് ശേഷം നടന്ന സിപിഐഎമ്മിൻ്റെ സംസ്ഥാന സമ്മേളനങ്ങളെല്ലാം രാഷ്ട്രീയ കേന്ദ്രങ്ങളുടെയും പൊതുജനങ്ങളുടെയും സവിശേഷമായ രാഷ്ട്രീയ ശ്രദ്ധ ആകർഷിച്ചിട്ടുള്ളവയായിരുന്നു. ഇഎംഎസ്– വിഎസ് പോര്, വിഎസ് പക്ഷവും സിഐടിയു പക്ഷവും തമ്മിലുള്ള വെട്ടി നിരത്തല്‍ പോരാട്ടങ്ങള്‍, പിന്നീട് പിണറായി പക്ഷവും വിഎസ് പക്ഷവും എന്ന നിലയിലുള്ള ശാക്തിക ചേരികളുടെ നാടകീയമായ നീക്കങ്ങൾ എന്നിവ അക്കാലത്ത് സിപിഐഎം സമ്മേളനങ്ങളെ ശ്രദ്ധേയമാക്കിയിരുന്നു.
1985-ലെ എറണാകുളം സമ്മേളനം മുതൽ പരസ്യമായി പുറത്തേയ്ക്ക് എത്തിയ ഉൾപ്പാർട്ടി തർക്കങ്ങൾ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം നേടി. 1991-ലെ കോഴിക്കോട് സമ്മേളനവും 95-ലെ കൊല്ലം സമ്മേളനവും 98-ലെ പാലക്കാട് സമ്മേളനവും ആ അർത്ഥത്തിൽ എണ്ണ പകര്‍ന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറം രണ്ട് വ്യത്യസ്ത ശാക്തിക ചേരികളുടെ ബലപരീക്ഷണ ചിത്രങ്ങളെയെല്ലാം സമ്പൂര്‍ണ്ണമായി മാറ്റി വരയ്ക്കാന്‍ എതിരാളികൾ പോലും നിര്‍ബന്ധിതമാകുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം കുറിക്കുന്നത്.
വിഎസ് പക്ഷം സിഐടിയു പക്ഷത്തെ പ്രഖ്യാപിത ശത്രുക്കളായി പ്രഖ്യാപിച്ച് പേരാട്ടത്തിന് തുടക്കം കുറിച്ച കൊല്ലത്തേയ്ക്ക് വീണ്ടും സംസ്ഥാന സമ്മേളനം എത്തുമ്പോൾ വിഭാഗീയതയുടെ കനലുകളെല്ലാം ആർക്കും ഊതിപ്പെരുപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ കെടുത്താന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടുണ്ട്. ഭരണത്തുടര്‍ച്ചയെന്ന ചരിത്രപരമായ നേട്ടം കുറിച്ചതിന് ശേഷം ചേരുന്ന രണ്ടാമത്തെ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതകൂടി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുണ്ട്.
പാർട്ടി പരിപാടി അനുസരിച്ച് ജനകീയ ജനാധിപത്യ വിപ്ലവത്തിന് അനുകൂലമായ ബഹുജന ഐക്യമുന്നണി രൂപപ്പെടുത്താനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തെയും സംസ്ഥാനങ്ങളിലെ അടക്കം ഭരണകൂട നേതൃപദവികളെയും സിപിഐഎം കാണുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ തീവ്രവലതുപക്ഷ വര്‍ഗീയ നയ സമീപനങ്ങളും നവഉദാരവത്കരണ സാമ്പത്തിക നയങ്ങളും ഏറ്റവും തീവ്രമായി നടപ്പിലാക്കുമ്പോള്‍ അതിന് ബദലാകുന്ന ഇടതുപക്ഷ നയസമീപനങ്ങള്‍ രൂപപ്പെടുത്താന്‍ രാജ്യത്ത് നിലവിലുള്ള ഏക ഭരണസംവിധാനം കേരളത്തിലാണ് എന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. കേരളത്തിലെ ഭരണ സംവിധാനത്തിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ആയതിനാല്‍ തന്നെ ദേശീയ തലത്തില്‍ സിപിഐഎം പറയുന്ന ബദലുകളുടെയെല്ലാം പ്രായോഗിക ഇടപെടല്‍ നടക്കേണ്ടതും കേരളത്തിലാണ്.
തൊഴിലാളിവർഗ രാഷ്ട്രീയത്തിൻ്റെ പ്രത്യയശാസ്ത്ര കാർക്കശ്യവും ഫെഡറൽ സംവിധാനത്തിന് അകത്ത് നിന്നുള്ള പാർലമെൻ്ററി മെയ്‌വഴക്കവും സിപിഐഎമ്മിനെ സംബന്ധിച്ച് പുതിയ കാലത്ത് വലിയ വെല്ലുവിളികൾ തന്നെയാണ് സമ്മാനിക്കുന്നത്. പാർലമെൻ്ററി ജനാധിപത്യത്തിൽ പങ്കാളിത്തമുള്ള രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ സിപിഐഎമ്മിൻ്റെ നിലനിൽപ്പിന് തന്നെ പ്രധാനമാണ് കേരളത്തിലെ ഭരണവും രാഷ്ട്രീയ സാന്നിധ്യവും. ദേശീയ തലത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ പ്രധാന്യമുണ്ടായിരുന്ന സമയത്തായിരുന്നു കേരളത്തിൽ വിഭാഗീയതയുടെ പേരിലുള്ള പോരാട്ടങ്ങൾ അരങ്ങേറുന്നത്.
സിപിഐഎം സംസ്ഥാന ഘടകം വിഭാഗീയതിയിൽ നിന്ന് പൂർണ്ണമായി വിമുക്തമായി എന്ന് സിപിഐഎം പ്രഖ്യാപിച്ച 2018ലെ തൃശ്ശൂർ ജില്ലാ സമ്മേളനം ആകുമ്പോഴേയ്ക്കും രാജ്യത്തെ ഏക ശക്തികേന്ദ്രം എന്ന നിലയിലേയ്ക്ക് കേരളം മാറിയിരുന്നു. കേരളത്തിലെ അധികാരത്തുടർച്ച ദേശീയ തലത്തിലെ സിപിഐഎമ്മിൻ്റെ പ്രസക്തിക്ക് പോലും അത്യന്താപേക്ഷിതമാണ് എന്ന നിലയിലായിരുന്നു 2018-ലെ സംസ്ഥാന സമ്മേളനത്തിന് കൊടി ഇറങ്ങുന്നത്.
ചരിത്രത്തിൽ ആദ്യമായി അധികാരത്തുടർച്ചയെന്ന നേട്ടത്തോടെയായിരുന്നു സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് 2021-ൽ എറണാകുളത്ത് കൊടി ഉയരുന്നത്.
അധികാര തുടർച്ചയുടെ ഭാഗമായി പൊതുബോധ വികസന നയസമീപനങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ് എന്ന നിലയിലേയ്ക്ക് സിപിഐഎം എത്തിയിരുന്നു. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങങ്ങളുടെ പിന്നാലെ പോയാൽ അത്തരം നയസമീപനങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്ന പ്രായോഗിക സമീപനം ഒളിഞ്ഞും തെളിഞ്ഞും സിപിഐഎം നേതാക്കൾ വെളിപ്പെടുത്താൻ തുടങ്ങിയ കാലത്തായിരുന്നു 2021-ലെ സംസ്ഥാന സമ്മേളനം നടക്കുന്നത്. അനാരോഗ്യവാനായ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയുമോ അങ്ങനെയെങ്കിൽ ആരാകും പുതിയ സെക്രട്ടറി എന്നത് മാത്രമായിരുന്നു എറണാകുളം സമ്മേളനത്തെ പറ്റി പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന ഏക ആകാംക്ഷ.
എന്നാൽ സമ്മേളനം കാത്തുവെച്ചത് മറ്റൊരു കൗതുകമായിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളന നടപടി ക്രമങ്ങളിൽ തീർത്തും അപരിചതമായ ഒരു രേഖ എറണാകുളത്ത് അവതരിപ്പിക്കപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ വ്യത്യസ്ത മേഖലകളിലെ നയസമീപനങ്ങളെ ഒരു മാനിഫെസ്റ്റോയെന്ന നിലയിൽ തയ്യാറാക്കിയ നവകേരള നയരേഖയാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടും ഉപരിഘടകം വയ്ക്കുന്ന സംഘടനാ റിപ്പോർട്ടും അതിൻ്റെ മേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും അടക്കം സംഘടനയെ ഇഴകീറി പരിശോധിക്കുന്ന വിമർശനങ്ങളും സ്വയം വിമർശനവും മറുപടിയും എല്ലാം ചേരുന്നതായിരുന്നു പൊതുവെ അതുവരെ സിപിഐഎം സമ്മേളനങ്ങളുടെ ഭാഗമായി ചർച്ചയാകപ്പെട്ടിരുന്നത്.
എന്നാൽ എറണാകുളം സമ്മേളനത്തെ സംബന്ധിച്ച് ചർച്ചയായത് സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ നയരേഖയായിരുന്നു. പൊതുസമൂഹത്തിൻ്റെ പൊതുബോധങ്ങളിലേയ്ക്ക് വികസനോന്മുഖമായ നയസമീപനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഒരു മാനിഫെസ്റ്റോ എന്ന നിലയിലാണ് ഇതിന് പിന്നാലെ ഈ രേഖ ചർച്ച ചെയ്യപ്പെട്ടത്. നാളിതുവരെ സിപിഐഎം സമ്മേളനങ്ങളിൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടിരുന്ന പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും പൊതുമണ്ഡലത്തിൽ അപ്രസക്തമാകുകയും പുതിയ നയരേഖ സർക്കാരുമായി ബന്ധപ്പെട്ട നയസമീപനങ്ങളുടെ വിവരണം എന്ന നിലയിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
ഇടതുമുന്നണി സർക്കാരിൻ്റെ നിലപാട് പ്രഖ്യാപനത്തിന് സിപിഐഎമ്മിൻ്റെ സംസ്ഥാന സമ്മേളനം അങ്ങനെ വേദിയായി. കെ-റെയിലും സ്വകാര്യ സർവകലാശാലയും പിപിപി മോഡലുമെല്ലാം ആസന്നമായ വികസന മാറ്റങ്ങളുടെ മാതൃകകളാകുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ആ നിലയിൽ പുതിയ നിലപാടുകളുടെയും സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൻ്റെയും വേദിയായി സിപിഐഎമ്മിൻ്റെ എറണാകുളം സമ്മേളനം മാറി.
24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുമ്പോൾ സിപിഐഎമ്മിൻ്റെ സംഘടനാ റിപ്പോർട്ടിനെയും പ്രവർത്തന റിപ്പോർട്ടിനെയും അപ്രസക്തമാക്കി, സർക്കാരുമായി ബന്ധപ്പെട്ട് ഇത്തവണ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രേഖ തന്നെയാണ് ചർച്ചകളിൽ നിറയുന്നത്. മൂന്നാം ഊഴത്തിന് ഒരുങ്ങുന്ന ഇടതുമുന്നണി നയംമാറ്റത്തിൻ്റെ ഗതിവേഗം എത്രകണ്ട് വർദ്ധിപ്പിക്കുമെന്ന് തന്നെയാണ് പൊതു സമൂഹത്തിൻ്രെ ആകാംക്ഷ.
മൂന്നാം ഊഴത്തിലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ആയി ഈ രേഖ മാറുമെന്നതാണ് ഈ ആകാംക്ഷയുടെ അടിസ്ഥാനം. തൊഴിൽ, ഉന്നതവിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ പുതിയ സമീപനങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗങ്ങളെയും സിപിഐഎം സമ്മേളനത്തിലേയ്ക്ക് ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നത്. ഇതുവരെ ഉൾപ്പാർട്ടി പോരാട്ടങ്ങളുടെ ആകാംക്ഷ പകർന്നിരുന്ന സിപിഐഎം സമ്മേളനങ്ങളുടെ ആകർഷണ തന്തു പാർലമെന്ററി ജനാധിപത്യത്തിൽ ഭരണം നിലനിർത്താനുള്ള ഒരു രേഖയായി മാറിയെന്നത് കൂടിയാണ് ഈ സമ്മേളനം വരച്ചിടുന്ന മറ്റൊരു ചിത്രം.
സമ്മേളന ചർച്ചകളിൽ സർക്കാരിനെ സംബന്ധിച്ച് രേഖാ ചർച്ചയാകുന്നത് എന്തുകൊണ്ടും സിപിഐഎമ്മിന് സന്തോഷകരമാകും. മൂന്നാം ഊഴം എന്ന വിവരണം അരക്കിട്ട് ഉറപ്പിക്കാനും തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ എന്ന നിലയിൽ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രേഖ ചർച്ചയാക്കാനും സിപിഐഎം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ സംഘടനാ റിപ്പോർട്ടിനും പ്രവർത്തന റിപ്പോർട്ടിനും കിട്ടുന്നതിലും പ്രധാന്യം സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന രേഖയ്ക്ക് കിട്ടുന്ന സാഹചര്യം സിപിഐഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഗുണകരമാകും.
അപ്പോഴും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി രാഷ്ട്രീയ കേന്ദ്രങ്ങളെയും പൊതുസമൂഹത്തെയും സ്വാധീനിച്ചിരുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങളിൽ നിന്നും സിപിഐഎം സംസ്ഥാന സമ്മേളനം മാറിപ്പോകുന്നതിൻ്റെ കൂടി സൂചനയായി കൊല്ലം സമ്മേളനം അടയാളപ്പെടുത്തുമോയെന്ന് കാത്തിരുന്ന് കാണാം.
Content Highlights: CPIM State conference at kollam