ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം; ബിജെപിക്കുള്ള എളുപ്പവഴി?

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മരവിപ്പിച്ച ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം നടന്നാൽ അത് ദക്ഷിണേന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ആമിന കെ
1 min read|13 Mar 2025, 10:12 am
dot image

'നവ ദമ്പതികൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം' തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടുത്തിടെ വിവാഹിതരായ ദമ്പതികൾക്ക് നൽകിയ ആശംസയാണിത്. ആശംസയെന്നതിലുപരി കേന്ദ്രത്തോടുള്ള പരിഹാസമായിരുന്നു ഇത്, ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പരിഹാസം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുന്ന, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും അതിലൂടെ ബിജെപിക്കും കാര്യമായ ഗുണമുണ്ടാക്കുന്ന മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പ്രതിഷേധം സ്റ്റാലിൻ തുടങ്ങിവെച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിനെതിരെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വരാനുള്ള സാധ്യതയുണ്ട്. എന്താണ് മണ്ഡല പുനർനിർണയമെന്നും ഇതെങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നതും പരിശോധിച്ചാൽ ഈ പ്രതിഷേധത്തിന്റെ കാരണം മനസിലാക്കാം.

എന്താണ് മണ്ഡല പുനർനിർണയം?

ലോക്‌സഭയ്ക്കും നിയമസഭയ്ക്കും വേണ്ടി ഓരോ സംസ്ഥാനത്തെയും പ്രാദേശിക മണ്ഡലങ്ങളുടെ എണ്ണവും അതിരുകളും നിശ്ചയിക്കുന്ന പ്രക്രിയയാണ് മണ്ഡല പുനർനിർണയം. ഭരണഘടനയുടെ 82,170 അനുച്ഛേദം പ്രകാരം ഓരോ സെൻസസിന് ശേഷവും ലോക്‌സഭയിലെയും നിയമസഭയിലെയും സീറ്റുകളുടെയും പ്രാദേശിക മണ്ഡലങ്ങളുടെയും എണ്ണം പുനക്രമീകരിക്കണം. പാർലമെന്റ് നിയമപ്രകാരം ഡീലിമിറ്റേഷൻ കമ്മീഷനാണ് മണ്ഡലപുനർനിർണയം നടത്തുന്നത്.

ഇതുപ്രകാരം 1951, 1961, 1971 വർഷങ്ങളിലെ സെൻസസിന് ശേഷമുള്ള മണ്ഡലപുനർനിർണയം നടക്കുകയും യഥാക്രമം 494, 522, 543 എന്നിങ്ങനെ ലോക്സഭാ സീറ്റുകൾ ക്രമീകരിക്കുകയും ചെയ്തു. എന്നാല്‍, അത് കേന്ദ്രത്തിനൊരു തിരിച്ചടിയായി. കൂടുതല്‍ ജനസംഖ്യയുള്ളയിടത്ത് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നതിനാല്‍ സീറ്റുകള്‍ക്ക് വേണ്ടി സംസ്ഥാനങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു കാരണം. ഇത് കേന്ദ്രത്തിന്റെ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്ക് വിഘാതമായതോടെ, 1971ലെ സെന്‍സസോടെ, മണ്ഡല പുനക്രമീകരണം മരവിപ്പിച്ചു.

ഭരണഘടനയുടെ 42ാം ഭേദഗതി നിയമ പ്രകാരം 2000 വരെയും 84ാം ഭേദഗതി നിയമം പ്രകാരം 2026 വരെയും മരവിപ്പിക്കൽ കാലാവധി നീട്ടി. അതുകൊണ്ട് തന്നെ 1971 മുതല്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്.

എന്നാൽ ഈ നിയമം പ്രകാരം അടുത്ത വർഷം കേന്ദ്രം മണ്ഡല പുനർനിർണയം നടത്താനുള്ള സാധ്യതയുണ്ട്. പക്ഷേ 2011ന് ശേഷം നടക്കേണ്ടിയിരുന്ന 2021ലെ സെൻസസ് നടക്കാത്തതടക്കം പല തരത്തിലുള്ള ആശങ്കകളാണ് അടുത്ത വർഷം നടക്കാൻ സാധ്യതയുള്ള മണ്ഡല പുനർനിർണയത്തിലുള്ളത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കും?

ജനസംഖ്യാടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനർനിർണയം നടക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകാൻ സാധ്യതയുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യാ നിയന്ത്രണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പാലിക്കാതിരിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജനസംഖ്യയിൽ ഈ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്.

ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വെട്ടിക്കുറക്കാനാണ് സാധ്യത. പല രീതിയിലുള്ള വിലയിരുത്തലാണ് നിലവിൽ മണ്ഡല പുനർനിർണയം സംബന്ധിച്ചുള്ളത്. ലോക്സഭയിൽ 543 സീറ്റ് എന്ന രീതിയിൽ തന്നെ നിലനിർത്തുകയാണെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏകദേശം 20ലധികം സീറ്റുകൾ നഷ്ടമാകും. തമിഴ്‌നാട്, ആന്ധ്ര, കേരള, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെയും ആകെ 129 സീറ്റ് 103 ആയി കുറയും.

ഇനി സീറ്റ് വർധിപ്പിക്കുകയാണെങ്കിൽ, അതായത് 848 സീറ്റുകളായി വർധിച്ചാൽ ഉത്തർപ്രദേശിന് 60ൽ കൂടുതൽ സീറ്റുകൾ ലഭിക്കും. യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആകെയുള്ള 848ൽ 324 സീറ്റ് ലഭിക്കും. അതായത് പകുതിക്ക് അടുത്തുള്ള സീറ്റുകൾ ഈ നാല് സംസ്ഥാനങ്ങൾക്ക് മാത്രമായി ലഭിക്കും. എന്നാൽ മൊത്തം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും 40ൽ താഴെ സീറ്റുകൾ മാത്രമേ അധികമായി ലഭിക്കുകയുള്ളു.

മണ്ഡലപുനർനിർണയത്തിൽ സുപ്രധാന പഠനം നടത്തിയ കാർണഗി എൻഡോവ്‌മെന്റിന്റെ പഠനത്തിൽ 2026ൽ ഓരോ ജനസംഖ്യയ്ക്ക് ആനുപാതികമായി ലോക്‌സഭാ സീറ്റുകൾ പുനർവിന്യസിച്ചാൽ കേരളത്തിലും തമിഴ്‌നാട്ടിലും എട്ട് സീറ്റുകൾ വീതം കുറയുമെന്ന് സൂചിപ്പിക്കുന്നുണ്ട്. നിലവിൽ 20 സീറ്റുകളുള്ള കേരളത്തിൽ 12 സീറ്റ് മാത്രമാകും. ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും എട്ട് സീറ്റുകളും കർണാടകയിൽ രണ്ട് സീറ്റുകളും കുറയും.

ദക്ഷിണേന്ത്യയ്ക്ക് പുറമേ പശ്ചിമബംഗാൾ (നാല് സീറ്റുകൾ), ഒഡിഷ (മൂന്ന് സീറ്റ്), പഞ്ചാബ് (ഒരു സീറ്റ്) എന്നീ സംസ്ഥാനങ്ങളിലും സീറ്റ് കുറയും. ആകെ ലാഭം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഒഴികെ ഉത്തർപ്രദേശിന് 11 സീറ്റും, ബിഹാറിന് 10 സീറ്റും, രാജസ്ഥാനിൽ ആറ് സീറ്റും, മധ്യപ്രദേശിൽ നാല് സീറ്റും കൂടും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഒരു സീറ്റ് വീതം കുറയും. ഇങ്ങനെയാണ് ഏകദേശം വരുന്ന കണക്കുകൾ.

ബിജെപിക്ക് ഗുണമുള്ള മണ്ഡല പുനർനിർണയം

മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമാണ്. ഇവിടെ ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമായതിനാൽ തന്നെ സീറ്റ് കുറയുന്നത് ബിജെപിക്ക് പ്രശ്‌നമുണ്ടാകില്ല. എന്നാൽ മണ്ഡല പുനർനിർണയത്തിൽ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഉത്തർപ്രദേശും മധ്യപ്രദേശും രാജസ്ഥാനും ബിഹാറുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമി ബിജെപിയുടെ കയ്യിലാണ് താനും.


അതുകൊണ്ട് തന്നെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരെ സ്റ്റാലിൻ രംഗത്തെത്തിയത്. ഈ രീതിയിലാണ് മണ്ഡല പുനർനിർണയം നടക്കുന്നതെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിനും വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് വിമർശനം.

Content Highlights: How Delimitation effect North and South Indian states?

dot image
To advertise here,contact us
dot image