
ജമാഅത്തെ ഇസ്ലാമിയുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയുടെയും എസ്‌ഐഒയുടെയും നേതൃത്വത്തില്‍, വഖഫ് ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഒരു സമരം നടന്നു. കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് ഒരു മാര്‍ച്ച്….
എയര്‍പോര്‍ട്ട് കവാടത്തിനടുത്ത് വെച്ച്, പ്രവര്‍ത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും, സമരക്കാര്‍ പ്രകടനത്തിനിടെ ഉപയോഗിച്ച ഏതാനും ചിത്രങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്ന, മുന്‍കാല നേതാവ് സയിദ് ഖുതുബ് എന്നീ തീവ്ര ഇസ്ലാമിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. ആരാണ് ഹസനുല്‍ ബന്നയും സയിദ് ഖുതുബും, സോളിഡാരിറ്റിയുടെ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ഈ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് എന്താണ് കാര്യം? ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ബ്രദര്‍ഹുഡും തമ്മില്‍ എന്താണ് ബന്ധം? എന്തിനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍? പരിശോധിക്കാം.
1928ല്‍ ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ്, മതരാഷ്ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് സംഘടനയാണ്. ഇസ്ലാമിനെ വിശ്വാസപരമായ ഒരു ആശയസംഹിത എന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റി ഒരു രാഷ്ട്രീയ പദ്ധതിയായി അവതരിപ്പിക്കുകയാണ് ബ്രദര്‍ഹുഡും ഹസനുല്‍ബന്നയും ചെയ്തത്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയത്തിന് ബ്രദര്‍ഹുഡ് വലിയ രീതിയില്‍ പ്രചാരണം നല്‍കി. ബ്രദര്‍ഹുഡിന്റെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആശയ പ്രചാരണങ്ങള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ സൈദ്ധാന്തികനായിരുന്നു സയിദ് ഖുതുബ്.
ഇസ്ലാം തന്നെ പരിഹാരം എന്ന ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യവും, മതരാഷ്ട്ര വാദം മുന്‍നിര്‍ത്തിയുള്ള അവരുടെ ആശയ പ്രചാരണങ്ങളും, തീവ്രവാദ സ്വഭാവമുള്ള അവരുടെ പ്രവര്‍ത്തന പദ്ധതികളും കണക്കിലെടുത്ത് തുടക്കകാലത്ത് തന്നെ സംഘടന ഈജിപ്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പ്രസിഡണ്ടിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 1966 ല്‍ സയിദ് ഖുതുബിനെ തൂക്കിലേറ്റുകയും ചെയ്തു. നിലവില്‍ ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ബ്രദര്‍ഹുഡ് നിരോധിത സംഘടനയാണ്. ഐഎസ്, അല്‍ഖൈ്വദ തുടങ്ങിയ ഭീകരവാദ സംഘനകളെ അടക്കം ആശയപരമായി സ്വാധീനിച്ചിട്ടുള്ള നേതാവാണ് സയിദ് ഖുതുബ് എന്നത് പരസ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
സംഘടനാപരമായി ബന്ധമൊന്നുമില്ലെങ്കിലും ആശയപരമായി ബ്രദര്‍ഹുഡുമായി ഏറെ സാദൃശ്യങ്ങളുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യന്‍ വിമോചനം ഇസ്ലാമിലൂടെ എന്ന ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല മുദ്രാവാക്യം ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യങ്ങള്‍ക്ക് സമാനമായിരുന്നു. അത് മാത്രവുമല്ല, സയിദ് ഖുതുബ്, ഹസനുല്‍ ബന്ന എന്നീ നേതാക്കളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും അവരുടെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുണ്ട്.
അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി അവരുടെ പ്രകടനത്തില്‍ സയിദ് ഖുതുബിന്റെയും ഹസനുല്‍ ബന്നയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് പുതിയ കാര്യവുമല്ല. ജമാഅത്തെ ഇസ്ലാമിയും അവരുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയും വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒയുമെല്ലാം വര്‍ഷങ്ങളായി, ഈ ബ്രദര്‍ഹുഡ് നേതാക്കളെ ആഘോഷിച്ചുവരുന്നുണ്ട്. അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, സമീപകാലത്ത് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പല അഭിമുഖങ്ങളിലും ലേഖനങ്ങളിലുമായി പറയാന്‍ ശ്രമിച്ച ഒരു കാര്യം, തങ്ങള്‍ മതരാഷ്ട്രവാദം എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആശയം കയ്യൊഴിഞ്ഞു എന്നും മത സംസ്ഥാപനം എന്ന ആശയത്തിലാണ് തങ്ങളിപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്നുമാണ്.
പുറത്ത് ഒരു ആശയം പറയുകയും എന്നാല്‍ ഉള്ളില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത് എന്നതിന്റെ സൂചനയാണ് ഇപ്പോഴും അവരുടെ സമരമുഖങ്ങളില്‍ ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തീവ്ര ഇസ്ലാമിസ്റ്റ് നേതാക്കള്‍ക്ക് എന്താണ് കാര്യമെന്നാണ് ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഉയരുന്ന ചോദ്യം. നിലവില്‍ ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ഇത് വാര്‍ത്തയാക്കുകയും ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. മുസ്ലിം പ്രാതിനിധ്യങ്ങളെയും രാഷ്ട്രീയ മുന്നേറ്റങ്ങളെയുമെല്ലാം എളുപ്പത്തില്‍ തീവ്രവാദ മുദ്ര ചാര്‍ത്തുന്ന സംഘപരിവാറിന് അവരുടെ ജോലി എളുപ്പമാക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്…
ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒളിപ്പിച്ചുവെച്ച, ജമാഅത്തെ ഇസ്ലാമിയുടെ, മതരാഷ്ട്രവാദത്തിലധിഷ്ഠിതമായ, തീവ്ര ഇസ്ലാമിസ്റ്റ് രാഷ്ട്രീയം മറനീക്കി പുറത്തുവരിക മാത്രമാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഇസ്ലാമിക രാഷ്ട്ര നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിച്ച സയിദ് ഖുതുബിനും ഹസനുല്‍ ബന്നയ്ക്കും കേരളത്തിലെന്താണ് കാര്യമെന്ന രാഷ്ട്രീയ ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമി ഇനിയും മറുപടി പറയേണ്ടി വരും.
Content Highlights: who is Sayyid Qutb and Hassan al Banna and their in Kerala