ആരുടെ 'സർദാർ'? പട്ടേലിനെ തിരിച്ചുപിടിക്കാൻ കോൺഗ്രസ് വൈകിയോ?

ഗാന്ധിയെയും, നെഹ്‌റുവിനെയും, പട്ടേലിനെയുമെല്ലാം ഒരുകാലത്തിന് ശേഷം മറന്ന, വാർഷികങ്ങളിൽ മാത്രം ഓർമ്മിക്കുന്ന ഒരു ടിപ്പിക്കൽ കോൺഗ്രസ് പാർട്ടിയല്ല ബിജെപി നീക്കങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടത്

dot image

'അവർ സർദാർ', അഥവാ 'ഞങ്ങളുടെ സർദാർ'; എഐസിസി സമ്മേളനത്തിന്റെ ആദ്യ ദിവസം കോൺഗ്രസ് പാസാക്കിയ പ്രമേയത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച നേതാവും, സ്വാതന്ത്ര്യ സമരകാലത്തും അല്ലാതെയുമായി അനേകം കോൺഗ്രസുകാരുടെ പ്രചോദനമായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ കോൺഗ്രസ് ഈ സമ്മേളനകാലത്ത് ഓർത്തു. ഓർത്തു എന്ന് പറയുമ്പോൾ വെറുതെ ഓർത്തുപോയതല്ല, സർദാർ തങ്ങളുടേതാണ്, അതായത് ആ പാരമ്പര്യം കോൺഗ്രസിന്റേതാണ് എന്ന് നേതൃത്വം അടിവരയിട്ടുപറഞ്ഞു.

ബിജെപി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യത്തെക്കുറിച്ചും സംഭാവവനകളെക്കുറിച്ചും വാചാലരാണ്. മാത്രമല്ല, നെഹ്‌റുവുമായി ഉണ്ടായിരുന്ന സ്വാഭാവിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കോൺഗ്രസ് ചരിത്രത്തിൽ നിന്ന് പട്ടേലിനെ ഒറ്റയ്ക്കൊരു നേതാവായി അടർത്തിയെടുത്ത് പ്രതിഷ്ഠിക്കാൻ ബിജെപി ശ്രമിക്കുകയുമാണ്.

ഈ സമയത്താണ് കോൺഗ്രസ് നിർണായകമായ പ്രമേയം പാസാക്കുന്നത്. സർദാറിന്റെ പാരമ്പര്യം ആർക്കും അടിയറവ് വെക്കില്ല എന്ന ആശയം ഉൾക്കൊള്ളുന്ന ആ പ്രമേയം ബിജെപിയുടെ വിഭാഗീയ പദ്ധതികൾക്കുള്ള ഒരു മറുപടിയായിട്ട് കൂടിയാണ് കോൺഗ്രസ് കാണുന്നത്. പക്ഷെ യഥാർത്ഥത്തിൽ കോൺഗ്രസ് ഏറെ വൈകിപ്പോയിരുന്നില്ലേ? കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർദാർ വല്ലഭായ് പട്ടേലിനെ കോൺഗ്രസിനെതിരെ ഉയർത്തിക്കാട്ടി, അതുവഴി പട്ടീദാർ സമുദായത്തിന്റെയും ഉള്ളിലേക്ക് ബിജെപി കടന്നുകയറാൻ പരിശ്രമിക്കുമ്പോൾ കോൺഗ്രസ് അപകടം മണക്കേണ്ടിയിരുന്നില്ലേ? ഈ ചോദ്യമാണ് ഇപ്പോൾ പ്രസക്തമായിരിക്കുന്നത്.

2014 മുതൽക്കെത്തന്നെ സർദാർ വല്ലഭായ്‌ പട്ടേലിനെ എടുത്തുകാട്ടി, കോൺഗ്രസിനെ ആക്രമിക്കുന്ന രീതി ബിജെപി നടത്തിപ്പോരുന്നുണ്ട്. 2014ൽ ആദ്യത്തെ മോദി സർക്കാർ അധികാരമേറ്റപ്പോൾ, പട്ടേലിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31 ദേശീയ ഏകതാ ദിനമായി പ്രഖ്യാപിച്ചതാണ് ആദ്യപടി. നാട്ടുരാജ്യങ്ങളെയെല്ലാം അനുനയിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ മുൻകൈ എടുത്തതിനായിരുന്നു പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി ആചരിക്കപ്പെട്ടത്.

2018ൽ പട്ടേലിന്റെ കൂറ്റൻ പ്രതിമയുടെ അനാച്ഛാദനത്തോടെയാണ് ബിജെപി കൂടുതലായി പട്ടേലിലേക്കടുക്കുന്നത്. അതൊരു വലിയ രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പട്ടേലിന്റെ സ്വന്തം മണ്ണിൽ, വർഷങ്ങളിലായി ഗുജറാത്ത് ഭരിച്ചിട്ടും കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന നരേറ്റിവ് ബിജെപിക്ക് അവിടെ കൊണ്ടുവരാൻ സാധിച്ചു.

മറ്റൊരു പ്രധാന രാഷ്ട്രീയനീക്കം നടന്നത് സോംനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. പട്ടേൽ ആദ്യകാലങ്ങളിൽ ചെയർമാനായിരുന്ന ശ്രീ സോംനാഥ് ട്രസ്റ്റിന്റെ ഇപ്പോഴത്തെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ക്ഷേത്രം പുനർനിർമിച്ചതടക്കമുള്ള കാര്യങ്ങളിൽ പട്ടേലിനെ അഭിനന്ദിച്ച മോദി അന്ന് ഒരു കാര്യം കൂടി പറഞ്ഞിരുന്നു, നെഹ്‌റു ഈ ക്ഷേത്രത്തോട് യാതൊരു താത്പര്യവും കാണിച്ചിരുന്നില്ലെന്ന് !

യഥാർത്ഥത്തിൽ ബിജെപിയുടെ പദ്ധതിയും അതായിരുന്നു. നെഹ്‌റുവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന പട്ടേലിനെ ബിജെപി കോൺഗ്രസിനെതിരായ തങ്ങളുടെ ആയുധമാക്കുകയായിരുന്നു. ബിജെപിയുടെ രാഷ്ട്രീയപദ്ധതികൾക്ക് കോൺഗ്രസ് നെഹ്‌റുവിനെ ഉയർത്തിക്കാട്ടി പ്രതിരോധം തീർത്തപ്പോൾ, ബിജെപി ഉയർത്തിക്കൊണ്ടുവന്നത് പട്ടേലിന്റെ 'തിരസ്കരണ ചരിത്രമാണ്'. ആ ചരിത്രമാകട്ടെ വ്യർത്ഥവും, ആ ഉദ്ദേശമാകട്ടെ തീർത്തും രാഷ്ട്രീയപ്രേരിതവും.

ബിജെപി ഈ ചരിത്രം ജനങ്ങളിലേക്കെത്തിക്കാനായി ഒരു വാട്സ്ആപ്പ് ക്യാമ്പയിൻ തന്നെ ഒരുകാലത്ത് തുടങ്ങിയിരുന്നു. നെഹ്‌റു ഗുജറാത്തിന്റെ സ്വന്തം പട്ടേലിനെ തഴഞ്ഞു എന്നും കോൺഗ്രസ് ഒരു കാലത്തും പട്ടേലിന് നീതി നൽകിയിട്ടില്ല എന്നുമാണ് ബിജെപി പ്രചരിപ്പിച്ചത്. പട്ടേലിന്റെ മരണശേഷം കോൺഗ്രസ് അദ്ദേഹത്തെ പൂർണമായും മറന്നുവെന്നും ഒരുതരത്തിലും നീതി ലഭിക്കാത്ത ജീവിതമായിരുന്നു പട്ടേലിന് കോൺഗ്രസിൽ ഉണ്ടായിരുന്നത് എന്നും ബിജെപി പറഞ്ഞുപരത്തി. ഇത്തരത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കോൺഗ്രസിന്റെ നെഹ്‌റു, ഗാന്ധി പൊളിറ്റിക്സിന് ഒരു ബദലായിരുന്നു ബിജെപിക്ക് സർദാർ വല്ലഭായ് പട്ടേൽ. എന്നാൽ വ്യർത്ഥമായ കുറച്ച്‌ സ്റ്റേറ്റ്മെന്റുകളിലൂടെയല്ലാതെ കോൺഗ്രസ് ഈ നീക്കത്തെ കാര്യമായി പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുമില്ല.

ചരിത്രത്തിന്റെ വക്രീകരിച്ച വ്യാഖ്യാനങ്ങൾക്ക് രാജ്യത്തെമ്പാടും വലിയ സ്വീകാര്യത ലഭിക്കുന്ന കാലത്താണ് പട്ടേലിനെ ബിജെപി തങ്ങളിലേക്കടുപ്പിക്കുന്നത്. ഈ കാലത്തെല്ലാം കോൺഗ്രസ് ഏറെക്കുറെ നിശ്ശബ്ദരായിരുന്നു എന്നുതന്നെ വേണം പറയാൻ. ഗാന്ധി വധത്തെത്തുടർന്ന് ആർഎസ്എസിനെ നിരോധിച്ച അതേ പട്ടേലിനെയാണ് ആർഎസ്എസ് ഹിന്ദു നേതാവെന്ന് ഇപ്പോൾ വിളിക്കുന്നത്. ആ ആർഎസ്എസിന്റെ രാഷ്ട്രീയരൂപമാണ് പട്ടേലിനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഏറ്റെടുത്തിരിക്കുന്നത്.

ഈ നീക്കത്തിനെതിരെ ഒരു പ്രമേയം മാത്രം പോരാ എന്നത് മാത്രമാണ് കോൺഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. ഗാന്ധിയെയും, നെഹ്‌റുവിനെയും, പട്ടേലിനെയുമെല്ലാം ഒരുകാലത്തിന് ശേഷം മറന്ന, വാർഷികങ്ങളിൽ മാത്രം ഓർമ്മിക്കുന്ന ഒരു ടിപ്പിക്കൽ കോൺഗ്രസ് പാർട്ടിയല്ല ഈ നീക്കങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടത്. അതിന് കുറച്ച് കൂടി രാഷ്ട്രീയബോധമുള്ള, ചരിത്രബോധമുളള കോൺഗ്രസ് പാർട്ടി വേണം. പട്ടേലിന്റെയും ഗാന്ധിയുടെയും മണ്ണിലെ ഈ സമ്മേളനം, വൈകിയെങ്കിലും, അത്തരമൊരു രാഷ്ട്രീയനീക്കത്തിന് തുടക്കമിടുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Content Highlights: Congress move for sardar legacy and BJP claims

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us