ദുർമന്ത്രവാദം, ഇരകളില്‍ അധികവും കൂട്ടുകുടുംബത്തിലെ വിവാഹിതരായ സ്ത്രീകൾ; ഉയര്‍ന്ന ശമ്പളവും നേതൃമികവും വിനയായി

നിരക്ഷരതയും അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതാണ് മന്ത്രവാദവുമായി ചേർത്തുള്ള അതിക്രമങ്ങളെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ റിപ്പോർട്ട്.

dot image

മന്ത്രവാദവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്കിരയായതിലധികവും കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്ന വിവാഹിതരായ സ്ത്രീകളെന്ന് ബിഹാറിൽ നിന്നുള്ള റിപ്പോർട്ട്. നേതൃസ്ഥാനങ്ങളിലെത്തുന്ന സ്ത്രീകളോ ഉയർന്ന വരുമാനം നേടുന്ന സ്ത്രീകളോ ആണ് ഇത്തരം അതിക്രമങ്ങൾക്കിരകളാകുന്നതിലധികവും എന്നും സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. നിരക്ഷരതയും അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതാണ് മന്ത്രവാദവുമായി ചേർത്തുള്ള അതിക്രമങ്ങളെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ റിപ്പോർട്ട്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം നാലു വർഷത്തിനിടെ രാജ്യത്ത് 2500 സ്ത്രീകളാണ് മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങൾക്കിരയായി കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നിരന്തർ ട്രസ്റ്റ് എന്ന എൻജിഒ വിവിധ വനിതാ ​ഗ്രൂപ്പുകളുമായി ചേർന്ന് ബിഹാറിൽ നടത്തിയ സർവ്വേ ഫലങ്ങൾ അനുസരിച്ചുള്ള റിപ്പോർട്ടാണ് ദി വയർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10 ജില്ലകളിലെ 114 ​ഗ്രാമങ്ങളിലാണ് സർവ്വേ നടത്തിയത്.

ഭർത്താവിനും കുട്ടികൾക്കുമൊപ്പം കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്നവരാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾക്കിരയായതെന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാ​ഗം പേരും പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 83 ശതമാനവും പറഞ്ഞത് ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്നാണ്. ഒരർത്ഥത്തിൽ, വിവാഹം എന്ന സമ്പ്രദായം ഇവരെ അതിക്രമങ്ങളിൽ നിന്ന് രക്ഷിച്ചില്ല എന്ന് വേണം മനസിലാക്കാനെന്നും റിപ്പോർട്ട് പറയുന്നു.

ഉയർന്ന വരുമാനം വിനയായവർ

അതിക്രമങ്ങൾക്കിരയായ 56 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള നേതൃസ്ഥാനങ്ങളിലുള്ളവരാണെന്നാണ് ഡിസംബർ 9ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. പോഷകാഹാരക്കുറവ് മൂലമോ മറ്റേതെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ കാരണമോ കുടുംബത്തിലെയോ സമുദായത്തിലെയോ കുട്ടികളോ മുതിർന്നവരോ മരിച്ചാൽ ഈ സ്ത്രീകളെ പഴിചാരി ദുർമന്ത്രവാദികളെന്ന് മുദ്രകുത്തി അതിക്രമിക്കുകയാണ് പതിവ്. കൃഷിയിടങ്ങൾക്കോ വിളകൾക്കോ നാശം സംഭവിച്ചാലും ഇങ്ങനെ അതിക്രമമുണ്ടാകും.

സ്ത്രീകളുടെയോ അവരുടെ കുടുംബത്തിന്റെയോ വരുമാനം വർധിക്കുകയോ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുകയോ ചെയ്യുമ്പോഴും ബന്ധുക്കളും നാട്ടുകാരും ഇവരെ ദുർമന്ത്രവാദികളെന്ന് ആരോപിക്കാറുണ്ട്. സർവ്വേയിൽ പങ്കെടുത്തവരിൽ 42 ശതമാനം പേരും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പ്രതികരിച്ചത്. 44നും 66നും ഇടയിൽ പ്രായമുള്ളവരാണ് അതിക്രമങ്ങൾക്കിരയാകുന്നവരിൽ അധികമെന്നും സർവ്വേഫലം പറയുന്നു. ദുർമന്ത്രവാദികളെന്ന് ഈ സ്ത്രീകളെ ആരോപിക്കുന്നവരിൽ കൂടുതലും സ്വന്തം കുടുംബത്തിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആകുന്ന സാഹചര്യവുമുണ്ട്.

മാനസികമായ പ്രയാസങ്ങൾ, അസഭ്യവർഷം, സാമൂഹിക ഒറ്റപ്പെടൽ, പൊതുപരിപാടികളിൽ നിന്ന് വിലക്ക് തുടങ്ങിയവയൊക്കെ ഇത്തരം സ്ത്രീകൾക്ക് രൂക്ഷമായ രീതിയിൽ നേരിടേണ്ടിവരുന്നു. ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ഇവരുടെ തല മുണ്ഡനം ചെയ്യുന്നതും ലൈം​ഗികമായി ആക്രമിക്കുന്നതും പതിവാണ്. പലപ്പോഴും ഇത്തരം അതിക്രമങ്ങൾ കൊലപാതകത്തിലേക്കും നയിക്കുന്നു.

ഏറ്റവും കൂടുതൽ എവിടെ?

രാജ്യത്ത് ബിഹാർ, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജാർഖണ്ഡിൽ നിന്ന് നിരവധി സ്ത്രീകൾ സഹായം ചോദിച്ച് വിളിക്കാറുണ്ട് എന്ന് അഭിഭാഷകനും എൻജിഒ ആയ ആശ Association for Social and Human Awareness or ASHA സ്ഥാപകനുമായ അജയ് ജയ്സ്വാൾ പറയുന്നു. പാതിരാത്രിയിൽ കൊല്ലപ്പെടുമെന്ന് ഭയന്നാണ് പലരും വിളിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു.

മന്ത്രവാദത്തിന്റെ പേരിൽ അതിക്രമങ്ങൾ നടക്കുന്നതിന് ജാതി വിവേചനവും ഒരു ഘടകമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ഗാർഹികപീഡനം മാത്രമല്ല സാമൂഹികവും ജാതിപരവും സാമ്പത്തികവുമായ അതിക്രമങ്ങളും ഇതോടനുബന്ധിച്ച് സ്ത്രീകൾക്കെതിരെ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Content Highlights: biggest victims of witch hunting are married women from joint families says report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us