'നിങ്ങൾ വലിയ വലിയ കാര്യങ്ങൾ പറയുന്ന ആളല്ലേ, സ്വന്തം ജീവിതത്തിൽ എന്തുപറ്റി?'
എന്റെ ഡൈവോഴ്സ് കൈകാര്യം ചെയ്ത ജഡ്ജ് ചോദിച്ച ചോദ്യമാണിത്. ഒരു വിവാഹബന്ധം അവസാനിപ്പിക്കുമ്പോൾ "എനിക്കെന്തോ പറ്റുകയാണ്" എന്ന ധാരണയാണല്ലോ “എന്തുപറ്റി?” എന്ന ആ ചോദ്യത്തിന് പിന്നിൽ. അങ്ങനെ ഒരു നിർബന്ധമുണ്ടോ?
കുടുംബപ്രശ്നങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരു ജഡ്ജ് പോലും അങ്ങനെയാണ് അതിനെ കാണുന്നത് എങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. വൈഫ് എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് ഡിവോഴ്സ്ഡാണ് എന്ന എന്റെ മറുപടി കേൾക്കുമ്പോൾ ആളുകളുടെ മുഖത്ത് സ്ഥിരമായി വരുന്ന ഒരു ഭാവമുണ്ട്, ചോദിച്ചുപോയത് അനൗചിത്യമായിപ്പോയി എന്ന കുറ്റബോധവും ചളിപ്പും ഒക്കെ കലർന്ന ഒന്ന്. ചിലർ ക്ഷമാപണം പോലും നടത്തിക്കളയും.
വിവാഹങ്ങൾ പോലെ തന്നെ സ്വാഭാവികമാകേണ്ട ഒന്നാണ് വിവാഹമോചനങ്ങളും. രണ്ട് സാഹചര്യങ്ങളിൽ രണ്ടുതരം അനുഭവങ്ങളിലൂടെ പരുവപ്പെട്ട രണ്ട് വ്യത്യസ്ത മനുഷ്യർ ഒരേ ജീവിതം പങ്കുവെച്ച് ജീവിക്കാൻ തീരുമാനിക്കുന്നു എന്നതിൽ തന്നെ സഹജമായ റിസ്ക്കുണ്ട്. അത് അറേഞ്ച്ഡ് വിവാഹമായാലും പ്രണയവിവാഹമായാലും.
സമാന താത്പര്യങ്ങളും പരസ്പരം ആകർഷകമായി തോന്നുന്ന കാര്യങ്ങളും ഒക്കെ എല്ലാ മനുഷ്യർക്കിടയിലും ഉണ്ടാകും. അതുപോലെ തന്നെ വ്യത്യസ്തതകളും ഇഷ്ടക്കേടുകളും ഉണ്ടാകും. ഇതിൽ അനിഷ്ടങ്ങളും വ്യത്യസ്തതകളും അവഗണിക്കാൻ സമാനതകളും ഇഷ്ടങ്ങളും എത്രത്തോളം പങ്ക് വഹിക്കും എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. കൂടുതൽ അറിയുന്തോറും ഇഷ്ടങ്ങളാണോ അനിഷ്ടങ്ങളാണോ കൂടാൻ പോകുന്നത് എന്നും പറയാൻ കഴിയില്ല. ഇതിനൊക്കെ പുറമേ, മനുഷ്യർ സദാ പരിണമിച്ചുകൊണ്ടിരിക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളും മാറാം, ആഗ്രഹങ്ങൾ മാറാം, മനോഭാവങ്ങൾ മാറാം, ചുറ്റുപാടുകൾ മാറാം, അങ്ങനെ ഒരുപാട് മാറ്റങ്ങൾ വരാം. ഒരുമിച്ച് ജീവിക്കുന്ന രണ്ട് വ്യക്തികൾ രണ്ട് രീതിയിൽ മാറുകയാണെങ്കിൽ അവർക്കിടയിലുള്ള വിടവ് കൂടാതെ തരമില്ലല്ലോ.
പിന്നെ സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യരെ സംബന്ധിച്ച് വിവാഹജീവിതം ഒരു സൗകര്യം കൂടിയാണ്. കൂടെയുള്ളത് താനാഗ്രഹിക്കുന്നതുപോലെയുള്ള ആളല്ല എന്ന് തിരിച്ചറിഞ്ഞാൽപ്പോലും ഒരുമിച്ച് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങൾ (കുട്ടികൾ ഉൾപ്പടെ), മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നതിലുള്ള അപ്രായോഗികത, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകാവുന്ന സമ്മർദ്ദം എന്നിങ്ങനെ പല ഘടകങ്ങൾ കാരണം അത് ഉൾക്കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോയേക്കും. അതിൽ ശരിയോ തെറ്റോ കണ്ടെത്തുന്നതിൽ വലിയ കഥയുണ്ടെന്ന് തോന്നുന്നില്ല. വ്യക്തികളുടെ തീർത്തും സ്വകാര്യമായ കാര്യമാണത്.
നമ്മുടെ ചർച്ചകൾ നോക്കിക്കഴിഞ്ഞാൽ വിവാഹജീവിതത്തിലെ സ്വകാര്യത എന്ന ഭാഗം നമ്മൾ കാണുന്നേയില്ല എന്ന മട്ടാണ്. സെലിബ്രിറ്റികളുടെ വിവാഹമോചന വാർത്തകളെക്കുറിച്ച് ജഡ്ജ്മെന്റ് പാസ്സാക്കുന്ന മനുഷ്യരുടെ ബാഹുല്യം നോക്കിയാൽ മതി. അക്കൂട്ടത്തിൽ ആക്ഷേപവും പരിഹാസവുമൊക്കെ നടത്തുന്ന മനുഷ്യരെ എഴുതിത്തള്ളിയാൽപ്പോലും, വെറുതേ അഭിപ്രായം പറയുന്ന മട്ടിൽ പറയുന്നവർ പോലും ഇല്ലാത്ത ഉറപ്പ് പല കാര്യത്തിലും ഉള്ളവരാണെന്ന് തോന്നിക്കും.
രണ്ട് മനുഷ്യരുടെ വിവാഹജീവിതത്തിൽ മൂന്നാമതൊരാൾക്കുപോലും അറിയാത്ത പല കാര്യങ്ങളുണ്ടാകും. ആകെ വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ ഒരുപാടുണ്ടാകും. അത്തരം അതിസ്വകാര്യ കാര്യങ്ങളുടെ പുറത്താകാം ചിലപ്പോൾ ബന്ധം വേർപിരിയുന്നത്. അത് പിരിയുന്നതിന് മുൻപായാലും ശേഷമായാലും അവരുടെ മാത്രം സ്വകാര്യമാണ്, മറ്റാരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ബാധ്യത അവർക്കില്ല
വൈശാഖൻ തമ്പി
മറ്റ് സാമൂഹ്യബന്ധങ്ങളെ മൊത്തത്തിൽ റദ്ദാക്കുന്ന ഒരു നിലപാടല്ല ഈ പറഞ്ഞുവരുന്നത്. പല വേർപിരിയൽ തീരുമാനങ്ങളും വൈകാരികമായിരിക്കാം. മൂന്നാമതൊരാൾക്ക് കുറച്ചുകൂടി യുക്തിസഹമായി അതിനെക്കാണാനും തിരുത്താനും കഴിഞ്ഞേക്കും. വേർപിരിയലിലേയ്ക്ക് നീങ്ങുന്ന രണ്ട് മനുഷ്യരോടും അടുപ്പമുള്ള ആളുകൾ അത് തടയാൻ ശ്രമിക്കുന്നത് തീർച്ചയായും സാമൂഹ്യജീവിതത്തിലെ ഒരു പോസിറ്റീവ് വശം തന്നെയാണ്. പക്ഷേ അത് ചെയ്യുന്നവർ പോലും തങ്ങൾക്ക് സംഭവങ്ങളുടെ ‘വെർഷനുകൾ’ മാത്രമാണോ അറിയുന്നത് ആലോചിക്കേണ്ടതുണ്ട്.
രണ്ട് വ്യക്തികൾക്കിടയിലെ പ്രശ്നത്തിന് രണ്ടുപേരുടെ വെർഷനുകൾ വ്യത്യസ്തമായിരിക്കും. ചിലപ്പോൾ അതിൽ ഒരാളുടെ മാത്രം പ്രശ്നമാകാം, ചിലപ്പോൾ രണ്ടുപേരുടേതുമാകാം, ചിലപ്പോൾ രണ്ടുപേരുടേയും പ്രശ്നമല്ലാന്നും വരാം. അത് വെർഷനുകളിൽ നിന്ന് മനസ്സിലാവില്ല. അതെന്തുതന്നെയായാലും വേർപിരിയലിനെ ഒരു ദുരന്തം പോലെ കണക്കാക്കേണ്ടതല്ല. പലരുടേയും കാര്യത്തിൽ ഒരുപക്ഷേ വേർപിരിയലിന് മുൻപുള്ള ജീവിതമായിരിക്കും ദുരന്തം, വേർപിരിയൽ പരിഹാരവും. പരസ്പരം വെറുക്കാതെ, കലാപങ്ങളുണ്ടാക്കാതെ വേർപിരിയുന്നതും ഒരു വിജയമായിട്ട് കണക്കാക്കാം. പരസ്പരം വെറുത്ത് നിരന്തരം കലാപകലുഷിതമായി 'കുടുംബജീവിതം' (കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതത്രേ കുടുംബം!) നയിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് അതാണ്.
Content Highlights: Vaisakhan Thampi about divorce