സരിതയുടെ എട്ടാമത്തെ വീഡിയോ കാണാൻ കാത്തിരുന്നൊന്നുമില്ലെങ്കിലും കിട്ടിയപ്പോൾ കണ്ട മലയാളികളിൽ ഒരുവനാണ് ഞാനും. കപട സദാചാരത്തിന്റെ അപ്പോസ്തോലന്മാർ പ്രഭയായ് നിനച്ചത് എന്ന ചിത്രത്തിൽ ദിവ്യപ്രഭ ചെയ്ത വേഷത്തെ അതിന്റെ ബാക്കിയൊരു വശത്തു നിന്നും കാണാനോ മനസ്സിലാക്കാനോ നിൽക്കാതെ തുണി ഊരി കളഞ്ഞ പെണ്ണിനെ സംസ്കാരം പഠിപ്പിക്കാൻ പോകുന്ന അശ്ലീല കാഴ്ച്ച കണ്ടു മടുത്തിട്ട് എഴുതിപ്പോകുന്നതാണ്.
നiഗ്നതയുടെ അളവുകോലുകൾ മലയാളി ക്രമീകരിച്ചു വച്ചിരിക്കുന്നത് ത്രാസില് പാല് അളക്കും പോലെയോ ജാറിൽ പഞ്ചസാര തൂക്കും പോലെയോ ഒക്കെയാണ്. സാരിയുടുക്കുമ്പോൾ വെളിവാകുന്ന പെണ്ണിന്റെ പൊക്കിൾച്ചുഴി കണ്ടാൽ കവിതയെഴുതുകയും ടീഷർട്ടിട്ട പെണ്ണിന്റെ കൈകൾ ഉയരുമ്പോൾ വയറിന്റെ മിന്നായം കണ്ടാൽ സംസ്കാര ശൂന്യതയെപ്പറ്റി പശ്ചാത്താപം തോന്നുകയും ചെയ്യുന്നൊരു പ്രത്യേക സംസ്കാരം. കൈലിയുടുത്താൽ കാണുന്ന തുടകളും അതിനുമേലെയുള്ള സ്ഥാപരജംഗമ വസ്തുക്കളും അവർക്ക് പ്രശ്‌നമല്ല. പക്ഷേ കുട്ടിനിക്കറിട്ടവന്റെ മാന്യതയില്ലായ്മ അവരെ ചൊടിപ്പിക്കും. ഒരു പ്രത്യേക ജീവിതം.
മനുഷ്യർക്ക് ലൈംഗികമായ ഉത്തേജനമുണ്ടാകുന്നതൊക്കെ മറച്ചു വെക്കണമെങ്കിൽ മനുഷ്യന് ഉത്തേജനമുണ്ടാക്കുന്നതെന്തൊക്കെ എന്ന് ധാരണവേണം. ഒരുവന് പൂർണ്ണനഗ്ന്നയായ പെണ്ണിനെ കാണുമ്പോഴുണ്ടാകുന്ന വികാരവിക്ഷോഭം അവളുടെ കഴുത്തു മാത്രം കാണുമ്പോൾ ഉണ്ടാകുന്ന മനുഷ്യരിവിടെയുണ്ട്. ചില സ്ത്രീകൾക്ക് പുരുഷന്റെ താടിയും കട്ടിയുള്ള മീശയും വരെ ലൈംഗികമായ ഉത്തേജനകാരണമാകുന്നു. നാളെമുതൽ ആണിനും മുഖം മറക്കാൻ ഈ നാട്ടിൽ നിയമം വരട്ടെ.
ലൈംഗികമായ കഴിവുകൾ അതിന്റെ പാരമ്യതയിൽ നിൽക്കുമ്പോൾ അടക്കാൻ ആവശ്യപ്പെടുന്ന സാമൂഹിക, മതബോധ സാഹചര്യങ്ങളാണ് ഇത്തരം പാതിവെന്ത മനുഷ്യരെ വാർത്തെടുക്കുന്നത്. വിശപ്പുപോലെ,ദാഹം പോലെ ഒരു പരിധിക്കപ്പുറം മനുഷ്യർക്ക് അടക്കാൻ ആവാത്ത വികാരം തന്നെയാണ് ലൈംഗികത. അത് ആസ്വദിക്കുന്നത് പാപമല്ല. മുള്ളുള്ള വഴികളിലെല്ലാം പരവതാനി വിരിക്കാൻ നിൽക്കാതെ ഒരു ചെരിപ്പ് ധരിച്ചു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഒരു പെണ്ണ് നഗ്‌നയായാൽ ഉടഞ്ഞുപോകുന്ന സമൂഹത്തിന്റെ കാമ്പില്ലായ്മയെപ്പറ്റി ചിന്തിച്ചു നോക്കൂ. ഒരു കോടി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന നേരത്ത് ഒരു സമൂഹം പെണ്ണിന്റെ ഇറങ്ങിയ നെഞ്ചും കയറിപ്പോയ പാവാടയും നോക്കി വിറളിപിടിക്കുന്നു. കാണുമ്പോൾ വികാരമുണ്ടാക്കുന്ന മനുഷ്യരെയൊക്കെ പൊതിഞ്ഞു വെക്കുന്നതാണ് ശരിയെന്ന് മനസിലാക്കിയവന്റെയൊക്കെ ലിംഗത്തിനു പൂട്ട് വെക്കാൻ ' ലോകാരോഗ്യ സംഘടന' അടിയന്തരമായി ഇടപെടണം.
കാണാനും ആസ്വദിക്കാനും കഴിയുന്നവർ, ആഗ്രഹിക്കുന്നവർ അത് ചെയ്യട്ടെ. പൂർണ്ണ സമ്മതത്തോടെ സ്വന്തം ശരീരത്തിലെ ഏറ്റവും അഴകുള്ളതൊക്കെ വെളിപ്പെടുത്താൻ ഒരാൾ ആഗ്രഹിക്കുന്നെങ്കിൽ അതിന് അനുവദിക്കപ്പെട്ട ഇടങ്ങളിലും സാഹചര്യത്തിലും അവരത് ചെയ്യട്ടെ. കാണാൻ ആഗ്രഹിക്കുന്നവർ അത് കാണട്ടെ. താല്പര്യമുള്ളവർ ആശംസാകാർഡുകൾ പോലെ അന്നുണ്ടാക്കിയൊരു വിശിഷ്ട ഭക്ഷണം പോലെ തങ്ങളെയും പരസ്പരം പങ്കുവെക്കട്ടെ. ഇവിടെയൊക്കെ സദാചാരം വിളമ്പാനും മര്യാദ പഠിപ്പിക്കാനും പോകുന്നവന്മാരെ/ അവളുമാരെയും ആദ്യം ശിക്ഷിക്കണം.
എന്റെ അഭിപ്രായത്തിൽ ഒരു സൃഷ്ടാവുണ്ടെങ്കിൽ അയാളുടെ ഏറ്റവും ഉദാത്ത സൃഷ്ടികളിൽ ഒന്നാണ് സ്ത്രീ ശരീരം എന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ. എന്റെ ശരീരത്തിലെ ഹോർമോണുകൾ എന്നെ അങ്ങനെ വിശ്വസിക്കാനാണ് തോന്നിപ്പിക്കുന്നത്. നിങ്ങൾക്കത് പുരുഷനാവാം, സ്ത്രീയാവാം, ഭിന്നലിംഗക്കാരാവാം. വകതിരിവിനുള്ള ബോധം നശിക്കുന്നിടത്താണ് എന്തും സാമൂഹ്യവിപത്തായി മാറുന്നത്.
പതിവ് സദാചാര ഗുണ്ടകളുടെ, നിന്റെ അമ്മയോ പെങ്ങളോ ഇങ്ങനെയായാൽ നീ സഹിക്കുമോ എന്ന ചോദ്യം ഇത് വായിക്കുന്ന ചിലരുടെയെങ്കിലും മനസ്സിൽ വരുന്നുണ്ടെങ്കിൽ, ഹേ മനുഷ്യരെ നിങ്ങളോടാണ് ഞാനീ പറഞ്ഞതൊക്കെയും. അമ്മ വേശ്യയായി കുടുംബം പുലർത്തിയ കഥകൾ എനിക്കറിയാം. തന്റെ കുഞ്ഞു വിശന്നു കരയുമ്പോൾ അതിന്റെ ജീവനില്ലാതാക്കി 'മാനം' കളയാതെ ആത്മഹത്യ ചെയ്ത മനുഷ്യരെക്കാളും മഹത്വം സൊ കോൾഡ് വേശ്യകളിൽ ഞാൻ കാണുന്നു.
ആരെയും വിധിക്കാൻ ഞാൻ ആളല്ല. മറ്റൊരുവന്റെ ജീവിതം. അതിൽ ഇടപെടാനും അഭിപ്രായം പറയാനും എനിക്ക് അവകാശമില്ല. അതെന്റെ അമ്മയാവട്ടെ പെങ്ങളാവട്ടെ മകളാവട്ടെ. തീരുമാനങ്ങളെടുക്കാൻ ആവതില്ലെങ്കിൽ അവരാവശ്യപ്പെടുന്നെങ്കിൽ സഹായിക്കാം. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടി ലോകസിനിമയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയൊരു സിനിമ. പായൽ കപാഡിയ എന്ന സ്ത്രീയാണ് അതിന്റെ സംവിധായിക. ക്ലിപ്പ് കണ്ടു കഴിഞ്ഞു ഭ്രാന്ത് മാറിയെങ്കിൽ/ നടിയെ മൂല്യബോധം പഠിപ്പിച്ചു കഴിഞ്ഞെങ്കിൽ ഇനിയെങ്കിലും അങ്ങനെയൊരു കലാസൃഷ്ടിയെപ്പറ്റി കൂടി സംസാരിക്കൂ.
ഒരു ദൈവം പെണ്ണായി വേഷം കെട്ടിയപ്പോൾ മോഹിച്ചു പോയ മറ്റൊരു ദൈവം, വേറെ ആണുങ്ങളില്ലാതെ വന്നപ്പോൾ അപ്പന് ചെറുതൊരെണ്ണം ഒഴിച്ച് കൊടുത്തു കൂടെ ശയിച്ച പെണ്മക്കൾ, പത്തുവയസുകാരിയെ/ ഒരു കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച വൃദ്ധൻ ഇമ്മാതിരി കഥകൾ കേട്ടുവളർന്ന മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട സാമൂഹ്യബോധത്തിലാണ് നിങ്ങളുടെ മൂല്യ ബോധം അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ ക്ഷമിക്കണം ഞാൻ ആ കൂട്ടത്തിൽ പെട്ടവനല്ല. ഡൽഹി പീഡന കേസിലെ ഇരയുടെ വീഡിയോ പോൺ സൈറ്റുകളിൽ തിരഞ്ഞിട്ടില്ല. പക്ഷേ ഒൻപതാമതൊരു വീഡിയോയുമായി സരിതവന്നാൽ നിശ്ചയമായും ഞാൻ അത് കണ്ടെന്നു വരും. ഇത്രയേ ഉള്ളു എന്റെ മൂല്യബോധം, ഇതെഴുതാനുള്ള യോഗ്യത.